ഭവനവായ്പാപരിധി 30 ലക്ഷമാക്കി
സഹകരണസംഘം ജീവനക്കാരുടെ ഭവനവായ്പ, വാഹനവായ്പ , ഓവര്‍ഡ്രാഫ്റ്റ് പരിധിയും ഉയര്‍ത്തിക്കൊണ്ട് സഹകരണസംഘം റജിസ്ട്രാര്‍ ഉത്തരവിറക്കി. ഭവനവായ്പാപരിധി 20 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രുപയായാണ് ഉയര്‍ത്തിയത്. ബാങ്കിന്റെ സ്വന്തം ഫണ്ടിന്റെ 25 ശതമാനം എന്ന പരിധിക്കു വിധേയമായി അടിസ്ഥാന ശമ്പളത്തിന്റെ 50 ഇരട്ടിയോ, 30 ലക്ഷം രൂപയോ ഏതാണോ കുറവ് അത്രയും അനുവദിക്കാനാണ് പുതിയ തീരുമാനം. വായ്പാകാലാവധി 20 വര്‍ഷമായി വര്‍ധിപ്പിച്ച ഉത്തരവില്‍ ഇതുസംബന്ധിച്ച അനുമതി ബാങ്കുകളും സംഘങ്ങളും സര്‍ക്കാരില്‍ നിന്ന് വാങ്ങണമെന്നും നിര്‍ദേശിച്ചു.
ജീവനക്കാരുടെ ഓവര്‍ഡ്രാഫ്റ്റ് പരിധി മൂന്ന് ലക്ഷത്തില്‍ നിന്നും നാല് ലക്ഷം രൂപയാക്കി ഉയര്‍ത്തിയതിനൊപ്പം ഓവര്‍ഡ്രാഫ്റ്റ് പലിശ അതെടുക്കുന്ന സമയത്ത് നിക്ഷേപങ്ങള്‍ക്ക് നിശ്ചയിച്ച ഏറ്റവും കൂടിയ പലിശ നിരക്ക് ആയിരിക്കണമെന്നും ഉത്തരവിലുണ്ട്. ഭവനനിര്‍മാണ വായ്പാ നിബന്ധനകളില്‍ വീട് പുനര്‍നിര്‍മാണം, പരിവര്‍ത്തനം എന്നിവകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി പരമാവധി അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കും. വാഹനവായ്പ അഞ്ച് ലക്ഷം രൂപയില്‍ നിന്ന് ഏഴ് ലക്ഷം രൂപയായി ഉയര്‍ത്തി. ഇതിന്റെ കാലാവധി ഏഴ് വര്‍ഷമായും നിജപ്പെടുത്തി.