ഫ്രാന്‍സിലെ ഉപരിപഠനം മികച്ച തൊഴില്‍ ഉറപ്പാക്കും

ടി.പി. സേതുമാധവന്‍

ഇക്കഴിഞ്ഞ ജൂലായില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ നടത്തിയ സന്ദര്‍ശനം ഇന്ത്യന്‍വിദ്യാര്‍ഥികള്‍ക്കു ഗുണകരമാകും. ഫ്രാന്‍സില്‍ ഇന്ത്യന്‍വിദ്യാര്‍ഥികള്‍ക്കുള്ള ഉപരിപഠന, തൊഴില്‍സാധ്യതകളില്‍ വര്‍ധനവുണ്ടാകാന്‍ ഇതു സഹായിച്ചേക്കും. ഇന്‍ഡോ- ഫ്രഞ്ച് സഹകരണത്തിന്റെ ഭാഗമായി ഒപ്പുവെച്ച ധാരണാപത്രത്തില്‍ ഉന്നതവിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. ബ്രെക്‌സിറ്റിനുശേഷം ഫ്രാന്‍സിലേക്കും ജര്‍മനിയിലേക്കും ഉന്നതവിദ്യാഭ്യാസ- തൊഴില്‍ മേഖലകളില്‍ അവസരങ്ങളേറിവരുന്നുണ്ട്.

30,000 വിദ്യാര്‍ഥികള്‍
ഫ്രാന്‍സിലെത്തും

കുറഞ്ഞത് ആറു മാസമെങ്കിലും ഫ്രാന്‍സില്‍ ഉപരിപഠനം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് അഞ്ചു വര്‍ഷത്തേക്കാണു ഷെന്‍ഗെന്‍ വിസ അനുവദിക്കുന്നത്. ഇത് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉപരിപഠനത്തിനു ശേഷം മികച്ച തൊഴില്‍ കണ്ടെത്താന്‍ സഹായിക്കും. 2030 ആകുമ്പോഴേക്കും 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി ഫ്രാന്‍സിലെത്തുമെന്നാണു കണക്കാക്കിയിരിക്കുന്നത്. ഫ്രാന്‍സില്‍ ഉപരിപഠനത്തിനു ഫ്രഞ്ചുഭാഷയില്‍ പ്രാവീണ്യം വേണം. ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലയിലെ പുതിയ തീരുമാനങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രതീക്ഷയേകുന്നു. എഞ്ചിനിയറിംഗ്, മാനേജ്മെന്റ്, സയന്‍സ്, ടെക്‌നോളജിമേഖലയില്‍ ഫ്രാന്‍സില്‍ ഉപരിപഠനത്തിനായി മികച്ച സര്‍വകലാശാലകളുണ്ട്. ഫ്രാന്‍സിലെ ഇന്‍സീഡ് മികച്ച ലോകറാങ്കിങ്ങുള്ള ബിസിനസ് സ്‌കൂളാണ്. എഞ്ചിനിയറിങ്ങില്‍ ഫ്രാന്‍സിലെ ഗ്രെനോബിള്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ടെക്‌നോളജി സ്ഥാപനങ്ങളുടെ ശൃംഖലയാണ്. QS ലോകറാങ്കിങ്ങില്‍ ഗ്രെനോബിള്‍ നാലാം സ്ഥാനത്താണ്. മെക്കാനിക്കല്‍ / ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ ഇന്ത്യയില്‍നിന്നു ബി. ടെക് എടുക്കുന്ന വിദ്യാര്‍ഥികള്‍ക്കു ഗ്രെനോബിള്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റഗ്രേറ്റഡ് എം.എസ്. പ്രോഗ്രാമിനു പഠിക്കാം. അമൃത സര്‍വകലാശാലക്കു ഗ്രെനോബിള്‍ യൂണിവേഴ്‌സിറ്റിയുമായി നിലവില്‍ ട്വിന്നിങ് പ്രോഗ്രാമുണ്ട്.

ഫ്രാന്‍സിലെ 71 പബ്ലിക് യൂണിവേഴ്‌സിറ്റികളിലേക്കും ഫ്രഞ്ച് ഗവണ്മെന്റാണു ഫണ്ട് അനുവദിക്കുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ ഫീസില്‍ ഫ്രാന്‍സില്‍ പഠിക്കാന്‍ സാധിക്കും. നിരവധി മികച്ച സ്വകാര്യ സര്‍വകലാശാലകളുമുണ്ട്. ഫ്രഞ്ച് സര്‍വകലാശാലകള്‍ ഒരു വര്‍ഷത്തെ ഗ്രാജുവേറ്റ് പ്രോഗ്രാം, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, ലൈസന്‍സ്, ബിരുദാനന്തര, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ ഓഫര്‍ ചെയ്യും. ആറു സെമസ്റ്റര്‍ നീളുന്ന അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമാണു ലൈസന്‍സ്. സോബോണ്‍, ഇക്കോല്‍ പോളി ടെക്നിക്, നന്റ്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് പാരീസ്, ENS ലിയോണ്‍, ലോറൈന്‍ തുടങ്ങി മികച്ച സര്‍വകലാശാലകളുണ്ട്. സുസ്ഥിര വികസനം, പബ്ലിക് ഹെല്‍ത്ത്, മീഡിയ സ്റ്റഡീസ്, ഐ.ടി, ലോജിസ്റ്റിക്്‌സ്, ടെക്‌നോളജി, എനര്‍ജി, ഓഷ്യന്‍ റിസര്‍ച്ച്, ഡാറ്റ മാനേജ്മെന്റ്, ടെലികമ്യൂണിക്കേഷന്‍, എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ്, കള്‍ച്ചറല്‍ പഠനം, ഹ്യൂമാനിറ്റീസ്, അക്കൗണ്ടിംഗ് എന്നിവയില്‍ മികച്ച കോഴ്‌സുകളുണ്ട്. ഫ്രാന്‍സിലെ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി കാമ്പസ് ഫ്രാന്‍സ് എന്ന ഫ്രഞ്ച് സര്‍ക്കാരിന്റെ ഇനീഷ്യേറ്റീവുണ്ട്. കാമ്പസ് ഫ്രാന്‍സിനു തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ഓഫീസുണ്ട്.

ഫ്രാന്‍സില്‍ ഉപരിപഠനത്തിനു ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐ.ഇ.എല്‍.ടി.എസ്സിലും ഫ്രഞ്ച് ഭാഷയിലും മികച്ച സ്‌കോര്‍ നേടണം. ഐ.ഇ. എല്‍.ടി. എസ്സില്‍ 9 ല്‍ 7 ബാന്‍ഡെങ്കിലും ലഭിക്കണം. ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. ഫ്രഞ്ച് എംബസിയുടെ കീഴിലുള്ള ഫ്രഞ്ച് കള്‍ച്ചറല്‍ സെന്ററുകളാണ് (അലയന്‍സ് ഫ്രാന്‍സ് ) കോഴ്‌സുകള്‍ നടത്തുന്നത്. യൂറോപ്പിലെ 29 രാജ്യങ്ങളില്‍ ഫ്രഞ്ച് ഔദ്യോഗിക ഭാഷയാണ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കുസാറ്റ്, ആന്ധ്ര യൂണിവേഴ്സിറ്റി, ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സ്, ഇ.എഫ.്എല്‍. ഹൈദരാബാദ്, ഫ്രഞ്ച് കള്‍ച്ചറല്‍ കേന്ദ്രങ്ങള്‍, ഫ്രാഞ്ചയ്സുകള്‍, നിരവധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ ഫ്രഞ്ച് കോഴ്‌സുകളുണ്ട്. ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഫ്രാന്‍സില്‍ ഉപരിപഠനത്തിനു കോമണ്‍ യൂറോപ്യന്‍ ഫ്രെയിംവര്‍ക്ക്് ഓഫ് റഫറന്‍സ് (CEFR) അനുസരിച്ചു B1/ B 2 / C 1 ലെവല്‍ കൈവരിക്കണം. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസക്കു കുറഞ്ഞത് B 2 വെങ്കിലും കൈവരിക്കണം. ഫ്രഞ്ച് ഭാഷ പഠിക്കാനുള്ള കോച്ചിങ് കേന്ദ്രങ്ങള്‍ എല്ലാ നഗരങ്ങളിലുമുണ്ട്.

സമര്‍ഥരായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ഞൂറോളം സ്‌കോളര്‍ഷിപ്പുകള്‍ നിലവിലുണ്ട്. ലെഗ്രാന്‍ഡ് എംപവറിങ് സ്‌കോളര്‍ഷിപ്പ്, AMBA ഡാമിയ സ്‌കോളര്‍ഷിപ്പ്, പാരീസ് ടെക് എന്നിവ സ്‌കോളര്‍ഷിപ്പുകളില്‍ ചിലതാണ്. വ്യവസായസ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളുമാണു കൂടുതലായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരു വര്‍ഷത്തെ തയാറെടുപ്പുണ്ടെങ്കില്‍ മികച്ച സര്‍വകലാശാലകളില്‍ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.campusfrance.org, www.frenchlearner.com, www.fluentu.com തുടങ്ങിയ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

പുത്തന്‍ കോഴ്‌സുകളുമായി കേരള കാര്‍ഷിക സര്‍വകലാശാല

കേരള കാര്‍ഷിക സര്‍വകലാശാല ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍തലത്തില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നു. ആനിമല്‍ സയന്‍സില്‍ ഫുള്‍ ടൈം, പാര്‍ടൈം ഡോക്ടറല്‍ പ്രോഗ്രാം, അപ്ലൈഡ് മൈക്രോബയോളജിയില്‍ ഡോക്ടറല്‍ പ്രോഗ്രാം എന്നിവ ഈ വര്‍ഷം ആരംഭിക്കും. ബയോ കെമിസ്ട്രി, ബയോളജി, കെമിസ്ട്രി, മൈക്രോ ബയോളജിയില്‍ ഇന്റഗ്രേറ്റഡ് ബി.എസ്‌സി, എം.എസ്‌സി പ്രോഗ്രാം തുടങ്ങും. പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ഇതിലൂടെ മികച്ച ഉപരിപഠന അവസരങ്ങള്‍ ലഭിക്കും. ബിരുദധാരികള്‍ക്കു ചേരാവുന്ന നിരവധി ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ്, ബയോഇന്‍ഫോര്‍മാറ്റിക്‌സ്, കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, ഫുഡ് ഇന്‍ഡസ്ട്രി മാനേജ്മെന്റ് ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍, ഹൈടെക് ഹോര്‍ട്ടിക്കള്‍ച്ചര്‍, ഇന്റഗ്രേറ്റഡ് ഫാം മാനേജ്മെന്റ്, ന്യൂട്രീഷന്‍ ആന്റ് ഡയറ്റെറ്റിക്സ്, സയന്റിഫിക് വീഡ മാനേജ്മെന്റ് എന്നിവ ഇവയില്‍പ്പെടുന്നു.

ക്ലൈമറ്റ് സയന്‍സ് , ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, എന്‍വിറോണ്‍മെന്റല്‍ സയന്‍സ്, ഓഷ്യന്‍ ആന്റ് അറ്റ്മോസ്ഫെറിക് സയന്‍സ്, വൈല്‍ഡ് ലൈഫ് മാനേജ്മെന്റ്, റിന്യൂവബിള്‍ എനര്‍ജി എഞ്ചിനിയറിംഗ്, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയില്‍ എം.എസ്‌സി /എം. ടെക് പ്രോഗ്രാമുകളുണ്ട്. കൂടാതെ, അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍, റീറ്റെയ്ല്‍ മാനേജ്മെന്റ് എന്നിവയില്‍ ഡിപ്ലോമ പ്രോഗ്രാമുകളും നാല്‍പ്പതോളം സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in സന്ദര്‍ശിക്കുക.

മാനേജില്‍ അഗ്രി ബിസിനസ് മാനേജ്‌മെന്റ്

ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് ( MANAGE ) അഗ്രിബിസിനസ് മാനേജ്‌മെന്റിലെ രണ്ടുവര്‍ഷ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ മികച്ച പ്ലേസ്മെന്റുള്ള പ്രോഗ്രാമാണിത്. കാര്‍ഷികമേഖല അഗ്രി ബിസിനസ്സിലേക്കു നീങ്ങുമ്പോള്‍ അഗ്രി ബിസിനസ് മാനേജ്‌മെന്റിനു പ്രസക്തിയേറിവരികയാണ്. ഭക്ഷ്യസംസ്‌കരണം, ഭക്ഷ്യ റീറ്റെയ്ല്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, അഗ്രി ബിസിനസ് കമ്പനികള്‍, ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവിടങ്ങളില്‍ അഗ്രി ബിസിനസ് മാനേജ്മെന്റ് പൂര്‍ത്തിയാക്കിയവര്‍ക്കു മികച്ച തൊഴിലവസരങ്ങളുണ്ട്.

അപേക്ഷകര്‍ കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ്, മറ്റു അനുബന്ധ കോഴ്‌സുകളില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയിരിക്കണം. CAT 2023 സ്‌കോര്‍ വിലയിരുത്തിയാണ് അഡ്മിഷന്‍. വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, 100 ശതമാനം പ്ലേസ്‌മെന്റ്, മികച്ച ഭൗതികസൗകര്യം എന്നിവ മാനേജിന്റെ പ്രത്യേകതകളാണ്. അപേക്ഷ ഓണ്‍ലൈനായി www.manage.gov.in വഴി 2023 ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം.

                                                                                                        (Career guidance for 2023 october issue) 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News