പ്രാചീന പൈതൃക വഴിയിലൂടെ ടൂറിസം സംഘങ്ങള്‍

[mbzauthor]

കോവിഡിനുശേഷം സജീവമായിവരുന്ന വിനോദയാത്രാരംഗത്ത് എറണാകുളം ജില്ലയിലെ ഏതാനും സഹകരണസംഘങ്ങളും മുന്നിട്ടിറങ്ങിക്കഴിഞ്ഞു. ചരിത്രപ്രാധാന്യമുള്ള മുസിരിസ് തുറമുഖത്തിന്റെ പൈതൃകവഴികളിലൂടെ സഞ്ചാരികളുമായി ഈ സഹകരണസംഘങ്ങള്‍ യാത്രയിലാണ്. വടക്കേക്കര പഞ്ചായത്ത് സാമൂഹികക്ഷേമ സഹകരണസംഘം, പറവൂര്‍ മുസിരിസ് ടൂറിസംസംഘം, കുന്നത്തുനാട് താലൂക്ക് ടൂറിസം സഹകരണസംഘം
എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടാം.

 

പ്രളയത്തിനും കോവിഡിനുംശേഷം വിനോദയാത്രാരംഗം സജീവമാവുകയാണ്. ഈ സാഹചര്യം പ്രയോജനപ്പെടുത്താന്‍ ടൂറിസം സഹകരണസംഘങ്ങള്‍ ഒരുങ്ങുന്നു. ടൂറിസം സഹകരണസംഘങ്ങള്‍ മാത്രമല്ല, മറ്റു രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളും ടൂറിസത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി അതു പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിനൊരു ഉദാഹരണമാണ് എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് സാമൂഹികക്ഷേമ സഹകരണസംഘം.

രൂപവത്കരിച്ച് അഞ്ചു വര്‍ഷമേ ആയുള്ളൂവെങ്കിലും ഈ സംഘം വിഷു-ഈസ്റ്റര്‍ കാലം അടുത്തുവന്ന പത്തു ദിവസം കടല്‍യാത്ര അടക്കമുള്ള ടൂറിസം പരിപാടികളാണു ഗ്രാമീണര്‍ക്കുവേണ്ടി നടത്തിയത്. മുസിരിസ് ഫെസ്റ്റ് എന്ന പേരിലാണ് ഇതു സംഘടിപ്പിച്ചത്. ചരിത്രത്തില്‍ സ്ഥാനംപിടിച്ചിട്ടുള്ളതും പുരാവസ്തുഗവേഷണങ്ങളിലൂടെ പ്രാധാന്യം കൂടുതല്‍ വ്യക്തമായിവരുന്നതുമായ ഒന്നാണു മുസിരിസ്. മൂവായിരം കൊല്ലം മുമ്പ് ഇവിടെ തുറമുഖമുണ്ടായിരുന്നു എന്നു ചരിത്രകാരന്മാര്‍ക്കറിയാം. എന്നാല്‍, അതിന്റെ കൃത്യസ്ഥാനം സംബന്ധിച്ച് വ്യക്തമായ ധാരണയില്ലായിരുന്നു. അങ്ങനെയിരിക്കെയാണു പറവൂരിനടുത്തുള്ള പട്ടണം എന്ന സ്ഥലത്തു പുരാതനതുറമുഖത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മുസിരിസ് എന്നാണു പുരാതനകാലത്ത് ഈ തുറമുഖം അറിയപ്പെട്ടിരുന്നത്. എറണാകുളം ജില്ലയിലെ പറവൂര്‍, ചേന്ദമംഗലം പ്രദേശങ്ങളും തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരും അടങ്ങുന്ന മേഖലയാണ് ഇതോടെ ചരിത്രകാരന്മാരുടെയും പുരാവസ്തുതത്പരരുടെയും ടൂറിസ്റ്റുകളുടെയും അധികശ്രദ്ധയിലേക്കുവന്നത്.

പട്ടണത്തും കോട്ടപ്പുറത്തും പുരാവസ്തുഖനനങ്ങള്‍ നടന്നുവരികയാണ്. ചൈനീസ് നാണയങ്ങള്‍, ചൈനീസ് ലിഖിതങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, ഒരു ഇന്‍ഡോ-റോമന്‍ വ്യാപാരഉടമ്പടി രേഖപ്പെടുത്തിയ മുസിരറിസ് പാപ്പിറസ് തുടങ്ങിയവ ഗവേഷണത്തില്‍ കണ്ടെടുത്തിട്ടുണ്ട്. അറേബ്യന്‍ കളിമണ്‍പാത്രങ്ങള്‍, വെടിയുണ്ടകള്‍, കല്‍മുത്തുകള്‍, പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് നാണയങ്ങള്‍ തുടങ്ങിയവയും കണ്ടെത്തിയവയില്‍പ്പെടുന്നു. കോട്ടപ്പുറത്തെ പര്യവേക്ഷണങ്ങളില്‍ പുരാതനപോര്‍ച്ചുഗീസ് കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കോട്ടപ്പുറം കോട്ട കൊടുങ്ങല്ലൂര്‍ കോട്ട എന്നും അറിയപ്പെടുന്നു. 1523 ല്‍ നിര്‍മിക്കപ്പെട്ടതാണിത്.

മുസിരിസ്
പൈതൃകപദ്ധതി

ഇതിന്റെയൊക്കെ തുടര്‍ച്ചയായി മുസിരിസ് പൈതൃകപദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്. ചേരമാന്‍ പറമ്പ്, കോട്ടയില്‍ കോവിലകം, പള്ളിപ്പുറം കോട്ട, കൊച്ചിരാജാക്കന്‍മാരുടെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചന്‍മാരുടെ ആസ്ഥാനമായിരുന്ന പാലിയം കോവിലകം, അതിനോടുചേര്‍ന്ന പാലിയം മ്യൂസിയം, മഹാഭാരതം പദാനുപദം തര്‍ജമ ചെയ്ത കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ജനിച്ചുവളര്‍ന്ന കൊടുങ്ങല്ലൂര്‍ കോവിലകം, യൂറോപ്പിലെ പീഡനങ്ങളില്‍നിന്നു രക്ഷപ്പെട്ടെത്തിയ ജൂതരുടെ രണ്ടു സിനഗോഗുകള്‍ തുടങ്ങി ചരിത്രപ്രധാനമായ നിരവധി സ്ഥലങ്ങള്‍ ഈ മേഖലയിലുണ്ട്. കൊടുങ്ങല്ലൂര്‍ ഭരണി, ജൂതചരിത്ര മ്യൂസിയം, ജൂതജീവിതശൈലീ മ്യൂസിയം, പാലിയംകൊട്ടാര മ്യൂസിയം, പാലിയം നാലുകെട്ട് മ്യൂസിയം, പുരാതനമായ പറവൂര്‍ ചന്ത, കോട്ടയില്‍ കോവിലകം, ജൂതസെമിത്തേരി, പാരമ്പര്യക്രൈസ്തവകലയായ ചവിട്ടുനാടകത്തിനും മറ്റും പ്രസിദ്ധമായ ഗോതുരുത്ത് പെര്‍ഫോമന്‍സ് സെന്റര്‍, കോട്ടപ്പുറം കോട്ട, കോട്ടപ്പുറം മാര്‍ക്കറ്റ്്, പള്ളിപ്പുറം കോട്ട, ചേരമാന്‍ മസ്ജിദ് തുടങ്ങിയവ മുസിരിസ് പൈതൃകമേഖലയിലെ ആകര്‍ഷണങ്ങളാണ്. യുനസ്‌കോയുടെ സഹായത്തോടെ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയാണു പൈതൃകസംരക്ഷണപദ്ധതികള്‍ നടപ്പാക്കിവരുന്നത്.

ഇത്തരം പൈതൃകസ്ഥലങ്ങളുടെ ടൂറിസംസാധ്യതകള്‍ ഉപയോഗപ്പെടുത്താനാണു വടക്കേക്കര പഞ്ചായത്ത് സാമൂഹികക്ഷേമ സഹകരണസംഘം ഏപ്രില്‍ ഒന്നുമുതല്‍ ഒമ്പതുവരെ മൂത്തകുന്നം ‘ മുസിരിസ് ഫെസ്റ്റ് 23 ‘ സംഘടിപ്പിച്ചത്. അതിന്റെ ലക്ഷ്യത്തെപ്പറ്റിയുള്ള അവരുടെ അറിയിപ്പില്‍ത്തന്നെ ഈ പ്രദേശത്തിന്റെ ടൂറിസംസാധ്യതകള്‍ വ്യക്തമാണ്. ‘ശ്രീനാരായണഗുരുദേവന്റെ പാദസ്പര്‍ശമേറ്റ മൂത്തകുന്നത്തിന്റെ പെരുമ പൊതുസമൂഹത്തെ ഓര്‍മപ്പെടുത്തുന്നതിനും നാടിനെ പരിചയപ്പെടുത്തുന്നതിനും ഈ സംരംഭം ഉപകരിക്കുമെന്നു കരുതുന്നു’ എന്ന് അതില്‍ പറയുന്നുണ്ട്. പരമ്പരാഗതതൊഴിലുകളായ കയര്‍പിരി, കള്ളുചെത്ത്, ചേന്ദമംഗലം കൈത്തറിനെയ്ത്ത്, പൊക്കാളി നെല്ലുകൃഷി, കുട്ടയുടെയും വട്ടിയുടെയും പായയുടെയും മണ്‍പാത്രങ്ങളുടെയും നിര്‍മാണം, ചീനവലയും ഊന്നിവലയും കൊണ്ടുള്ള മീന്‍പിടിത്തം തുടങ്ങിയവ തത്സമയം കാണാനുളള സൗകര്യം ഭാവിയില്‍ ടൂറിസ്റ്റുകള്‍ക്കായി സംഘാടകര്‍ ഒരുക്കും.

ഈ മേഖലയിലെ ടൂറിസക്കാഴ്ചകള്‍ മുസിരിസ് ഫെസ്റ്റ് ബ്രോഷറിന്റെ ആമുഖത്തില്‍ വിവരിക്കുന്നത് ഇങ്ങനെ: ”ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം, വെങ്കിടഗിരി ശാസ്ത്രികളാല്‍ 1882 ല്‍ സ്ഥാപിക്കപ്പെട്ട എച്ച്.എം.ഡി.പി.സഭ, ഗോതുരുത്ത് കടല്‍വാതുരുത്ത് വിശുദ്ധക്കുരിശ് ദേവാലയം, 126 വര്‍ഷം പഴക്കമുള്ള അക്ഷരമുത്തശ്ശിയായ ഗവ.എല്‍.പി.ബി.എസ്-മൂത്തകുന്നം, നൂറുവര്‍ഷം പൂര്‍ത്തീകരിക്കുന്ന എസ്.എന്‍.എം. ഹൈസ്‌കൂള്‍, ക്രിസ്തുവിന്റെ ശിഷ്യനും പ്രാചീനകപ്പലോട്ടക്കാരനുമായ തോമാശ്ലീഹ ആദ്യമായി കാലുകുത്തിയ മാല്യങ്കര, 1800-ാമാണ്ടില്‍ രൂപംകൊണ്ടതും നാലു കിലോമീറ്റര്‍ കായല്‍ത്തീരമുള്ളതുമായ സത്താര്‍ ദ്വീപ്, നവോത്ഥാനനായകന്‍ സഹോദരന്‍ അയ്യപ്പന്‍ ശിലാസ്ഥാപനം നടത്തിയ കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്, കിഴക്കിന്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധഅന്തോണീസിന്റെ ദേവാലയം, കോട്ടപ്പുറം രൂപതയില്‍ ആദ്യമായി ദൈവദാസപദവിയിലേക്ക് ഉയര്‍ത്തപ്പെട്ട പാണ്ടിപ്പിള്ളിയച്ചന്റെ മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളിയിലെ കബറിടം, പ്രാചീനമുസിരിസ് പട്ടണത്തെ ബന്ധിപ്പിക്കുന്ന മൂത്തകുന്നം ഫെറി കടവ്, സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, മുനമ്പം ഫിഷിങ് ഹാര്‍ബര്‍, പള്ളിപ്പുറം കോട്ട, അഴീക്കോട് മാര്‍ത്തോമ പള്ളി, കോട്ടപ്പുറം കോട്ട, ഇന്ത്യയിലെ ആദ്യത്തെ മുസ്ലിംപള്ളിയായ ചേരമാന്‍ ജുമാമസ്ജിദ് എന്നിവ നമ്മുടെ നാടിന്റെ ചരിത്രപ്രാധാന്യം വര്‍ധിപ്പിക്കുന്നു.”

മുസിരിസ്
ഫെസ്റ്റ് 23

ജില്ലാപഞ്ചായത്തംഗം എ.എസ്. അനില്‍കുമാര്‍ ചെയര്‍മാനും സംഘം പ്രസിഡന്റ് കെ.എസ്. സനീഷ് ജനറല്‍ കണ്‍വീനറും എ.ടി. രാജീവ് കണ്‍വീനറും വി.എസ്. പ്രതാപന്‍ ട്രഷററുമായുള്ള സംഘടകസമിതിയാണു ‘മുസിരിസ് ഫെസ്റ്റ് 23’ സംഘടിപ്പിച്ചത്. മൂത്തകുന്നം പാലത്തിനു കിഴക്കുള്ള മൈതാനത്തായിരുന്നു പരിപാടികള്‍. സാംസ്‌കാരിക സമ്മേളനങ്ങള്‍, വിപണനമേള, കലാസന്ധ്യകള്‍, മെഗാതിരുവാതിര, പുഷ്പപ്രദര്‍ശനം, അറബിക്കടല്‍യാത്ര, ഫോട്ടോഷൂട്ട്, ലൈവ് ഫിഷ് ഫുഡ്‌ഫെസ്റ്റ്, ഗെയിംസോണ്‍, കിഡ്‌സ് കോര്‍ണര്‍, വോളിബോള്‍ ടൂര്‍ണമെന്റ്, ബാള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്്, ഫുട്ബാള്‍ ഷൂട്ടൗട്ട് എന്നിവയാല്‍ സമ്പന്നമായിരുന്നു ഫെസ്റ്റ്. ദിവസവും വൈകിട്ട് നാലു മുതല്‍ പത്തുവരെയായിരുന്നു സ്റ്റാളുകളുടെ പ്രര്‍ത്തനം. ഡോ. സുനില്‍ പി ഇളയിടമാണ് ഏപ്രില്‍ അഞ്ചിനു മേള ഉദ്ഘാടനം ചെയ്തത്. എ.എസ്. അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. നടന്‍ രാജേഷ് പറവൂര്‍ അടക്കമുള്ളവര്‍ സംസാരിച്ചു. അതിനുമുമ്പ് ഏപ്രില്‍ ഒന്നിനുതന്നെ മത്സരങ്ങളും മറ്റും ആരംഭിച്ചിരുന്നു. ആദ്യദിവസങ്ങളില്‍ അഖിലകേരള ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, വോളിബോള്‍ ടൂര്‍ണമെന്റ്, ഫുട്‌ബോള്‍ ഷൂട്ടൗട്ട് തുടങ്ങിയവയുണ്ടായിരുന്നു. മുന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരങ്ങളായ ബി. അനില്‍, രാജ് വിനോദ്, മൊയ്തീന്‍ നൈന, ഗോപിദാസ് എന്നിവരും ഇന്ത്യന്‍ വോളിബോള്‍ കോച്ച് ബിജോയ്ബാബുവും സംഘത്തിന്റെ പ്രവര്‍ത്തനപരിധിയായ വടക്കേക്കര പഞ്ചായത്തില്‍പ്പെട്ടവരാണ്. അവരുടെ സഹകരണത്തോടെയായിരുന്നു ടൂര്‍ണമെന്റുകള്‍. സംസ്ഥാന ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എച്ച്.എം.ഡി.പി. സഭാ സെക്രട്ടറി ഡി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം പയനിയര്‍ ക്ലബ് ഒന്നാം സ്ഥാനവും വയനാട് ജില്ല രണ്ടാം സ്ഥാനവും എറണാകുളം എസ്.എന്‍.എം. ടീം മൂന്നാം സ്ഥാനവും നേടി. വോളിബോള്‍ ടൂര്‍ണമെന്റ് മുന്‍ഇന്ത്യന്‍ താരം രാജ് വിനോദ് ഉദ്ഘാടനം ചെയ്തു.

രണ്ടു മണിക്കൂര്‍
ജലയാത്ര

ദിവസവും രാവിലെ പത്തിനും ഉച്ചക്ക് ഒന്നിനും വൈകിട്ട് നാലിനും നടത്തിയ രണ്ടു മണിക്കൂര്‍ ജലയാത്രയിലാണു കടല്‍ കാണാന്‍ സൗകര്യമൊരുക്കിയത്. മൂത്തകുന്നം എസ്.എന്‍.എം. ട്രെയിനിങ് കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ലയാശേഖര്‍ ഫേസ്ബുക്കില്‍ ആ അനുഭവം കുറിച്ചതിങ്ങനെ: ”സര്‍വത്ര നീലിമയില്‍ അതിരില്ലാത്ത കടലും ആകാശവും. അവയെ കീറിമുറിച്ച് ചാടുന്ന ഡോള്‍ഫിനുകള്‍, വലയിടുന്ന മത്സ്യത്തൊഴിലാളികള്‍, മടങ്ങിവരുന്ന ഫിഷിങ്‌ബോട്ടുകള്‍, ഞങ്ങള്‍ക്കായി മാത്രം തെളിഞ്ഞ മഴവില്ല്…” കടലില്‍ കപ്പല്‍ച്ചാല്‍ വരെയുള്ള കാഴ്ചകള്‍ കാണാനുള്ള സൗകര്യമാണ് ഒരുക്കിയത്. ഇതിനായി കേരള സ്റ്റേറ്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്റെ യാനം വാടകയ്ക്ക് എടുത്തു. യാനം പ്രവര്‍ത്തിപ്പിച്ചതും സുരക്ഷാകാര്യങ്ങള്‍ നോക്കിയതും കെ.എസ.്‌ഐ.എന്‍.സി. ജീവനക്കാരാണ്. വൈകുന്നേരത്തെ ട്രിപ് തിരഞ്ഞെടുത്തവര്‍ക്ക് അസ്തമയം കണ്ടുമടങ്ങാനായി. ഓരോ യാത്രയിലും 100 പേര്‍ക്കായിരുന്നു പ്രവേശനം. എല്ലാ യാത്രയിലും സീറ്റുകള്‍ നിറഞ്ഞിരുന്നു.

കൂടുമത്സ്യക്കൃഷി നടത്തി ഉല്‍പ്പാദിപ്പിച്ച കരിമീന്‍, കാളാഞ്ചി, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങള്‍ പിടിച്ചയുടന്‍തന്നെ വില്‍ക്കാനും മേള സൗകര്യമൊരുക്കി. ഐസിടാത്ത ഫ്രഷ്മീന്‍ അങ്ങനെ ലഭ്യമാക്കി. കുടുംബശ്രീ പ്രവര്‍ത്തകരുടെ ചട്ടിയും കലവുമുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍, ഭൗമസൂചികാപദവി ലഭിച്ച ഉല്‍പ്പന്നങ്ങള്‍, ധാന്യവര്‍ഷം പ്രമാണിച്ച് വിവിധയിനം ധാന്യങ്ങളുടെ പ്രദര്‍ശനവും വില്‍പനയും എന്നിവയൊക്കെയുണ്ടായിരുന്നു. കിഡ്‌സ് കോര്‍ണര്‍ കുട്ടികളെ ഏറെ ആകര്‍ഷിച്ചു. ചവിട്ടുനാടകം, കോല്‍ക്കളി, മെഗാതിരുവാതിര, കൈകൊട്ടിക്കളി, കഥാപ്രസംഗം, നാടന്‍പാട്ട്, ദഫ്മുട്ട്, ഭരതനാട്യം, കുച്ചിപ്പുടി, നാവോറ്-നാടന്‍ പാട്ടരങ്ങ് തുടങ്ങിയവയായിരുന്നു കലാപരിപാടികള്‍. സമാപനസമ്മേളനം കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

തുടക്കത്തില്‍ 53
ഇന്നു 500

2017 ജൂലായ് ആറിനു 53 അംഗങ്ങളുമായി രജിസ്റ്റര്‍ ചെയ്തതാണു വടക്കേക്കര ഗ്രാമപ്പഞ്ചായത്ത് സാമൂഹികക്ഷേമ സഹകരണസംഘം ഇ1373. ഇന്ന് അഞ്ഞൂറോളം അംഗങ്ങളുണ്ട്. വടക്കേക്കര ഗ്രാമപ്പഞ്ചായത്തിന്റെ 20 വാര്‍ഡുകളാണു പ്രവര്‍ത്തനപരിധി. ആരോഗ്യമേഖലയിലും വയോജനക്ഷേമരംഗത്തും പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണു രൂപവത്കരിച്ചത്. ആരോഗ്യപരിപാലനം, ശുചിത്വം, പകര്‍ച്ചവ്യാധി തടയല്‍, ബോധവത്കരണക്ലാസുകള്‍, സാന്ത്വനചികിത്സ എന്നീ കാര്യങ്ങളില്‍ മെഡിക്കല്‍ അധികൃതരും പഞ്ചായത്തുമായി സഹകരിച്ചോ നേരിട്ടോ വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കുക എന്നതാണു സംഘത്തിന്റെ ഒരു ഉദ്ദേശ്യം. സംഘാംഗങ്ങളുടെ ചികിത്സാച്ചെലവിനായി മെഡിക്ലെയിം ഇന്‍ഷുറന്‍സ് ഏര്‍പ്പാടാക്കുക, അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ആശുപത്രിസേവനങ്ങള്‍ ഏര്‍പ്പാടാക്കുക, ഇന്റര്‍നെറ്റ് കഫേയും ഫാക്‌സും ഫോട്ടോകോപ്പിയറും പോലുള്ള ആധുനികസൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുക, ഹോട്ടലുകളും റസ്റ്റോറന്റുകളും ആംബുലന്‍സ് സര്‍വീസും നടത്തുക, നീതിസ്‌റ്റോറുകളും നീതി മെഡിക്കല്‍ സ്‌റ്റോറുകളും ത്രിവേണിസ്‌റ്റോറുകളും തുറക്കുക, ഉത്സവച്ചന്തകള്‍ നടത്തുക, അംഗങ്ങള്‍ക്കുണ്ടായേക്കാവുന്ന മാരകരോഗങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേകഫണ്ട് രൂപവത്കരിച്ചു ചികിത്സാപദ്ധതി നടപ്പാക്കുക, അടിസ്ഥാനആരോഗ്യപരിപാലനത്തിനു ലബോറട്ടറിയും ഇ.സി.ജി.യും മറ്റും ഏര്‍പ്പാടുചെയ്യുക, ഏകാന്തത അനുഭവിക്കുന്നവര്‍ക്കു പകല്‍വീടും വൃദ്ധസദനവും പോലുള്ളവ നടപ്പാക്കുക, അംഗങ്ങളുടെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, കാലാകായികപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, കാര്‍ഷികമേഖലയുടെ ഉണര്‍വിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങിയവയും ഉദ്ദേശ്യലക്ഷ്യങ്ങളില്‍പ്പെടുന്നു. ഒരു ഓഹരിവില 100 രൂപയാണ്. പത്ത് ഓഹരിയെങ്കിലും ഓരോരുത്തരും എടുത്തിട്ടുണ്ട്.

എം.ഡി.എസുകളാണു വടക്കേക്കര സാമൂഹികക്ഷേമ സംഘത്തിന്റെ പ്രധാനവരുമാനം. ഓണഫണ്ട് സ്‌പെഷ്യല്‍ നിക്ഷേപം, വിദ്യാഭ്യാസ-മംഗല്യസമൃദ്ധി നിക്ഷേപപദ്ധതി, വിവിധ സലയിലും കലാവധിയിലുമുള്ള നിക്ഷേപ-സമ്പാദ്യപദ്ധതികള്‍, വീട്ടില്‍ ഒരു നിക്ഷേപംപദ്ധതി എന്നിവയുണ്ട്. അടിയന്തരഘട്ടങ്ങളില്‍ സെക്രട്ടറിയുടെ ശുപാര്‍ശയില്‍ ഒരംഗത്തിന് 25,000 രൂപ വരെ സാധാരണവായ്പ നല്‍കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. 2018 ലെ പളയവും രണ്ടു വര്‍ഷത്തോളം പലതരത്തില്‍ തുടര്‍ന്ന കോവിഡ് നിയന്ത്രണങ്ങളും സംഘത്തെ ബാധിച്ചു. കോവിഡ് അതിരൂക്ഷമായപ്പോള്‍ മൂന്നു മാസം സംഘം അടച്ചിടേണ്ടിവന്നു. കോവിഡ് കാലത്ത് 2020 ഏപ്രിലിലും മേയിലും ചിട്ടിമുടക്ക്, വായ്പപ്പലിശ എന്നിവ ഒഴിവാക്കിക്കൊടുത്തു. ഓണ്‍ലൈനായാണ് അക്കാലത്തു കമ്മറ്റിയോഗങ്ങള്‍ ചേര്‍ന്നത്. ഇടക്ക് ഒരു മെഗാ മെഡിക്കല്‍ക്യാമ്പ് സംഘം നടത്തി. ടൂറിസംപോലുള്ള മേഖലകളിലേക്കു കടക്കാന്‍ സാങ്കേതികപ്രശ്‌നങ്ങളുണ്ടായി. എങ്കിലും, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരികപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനുള്ള വ്യവസ്ഥ നിയമാവലിയിലുണ്ട്. അതനുസരിച്ചുള്ള സാംസ്‌കാരികപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയാണു ടൂറിസംപ്രോത്സാഹനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

സഞ്ചരിക്കുന്ന
സൂപ്പര്‍മാര്‍ക്കറ്റ്

മൂത്തകുന്നം ശങ്കരനാരായണക്ഷേത്രത്തിനു സമീപം വാടകക്കെട്ടിടത്തിലാണു സംഘത്തിന്റെ ഓഫീസ്. സംഘം പ്രവര്‍ത്തനം തുടങ്ങി മൂന്നു വര്‍ഷത്തിനുശേഷമാണ് ഒാഫീസ് പ്രവര്‍ത്തനത്തിനായി ഒരു തസ്തിക അനുവദിച്ചുകിട്ടിയത്. മൂന്നു കളക്ഷന്‍ഏജന്റുമാരും സംഘത്തിനുണ്ട്. ഇതിനകം മാല്യങ്കരയില്‍ ഒരു സഹകരണസൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനും സംഘത്തിനായി. അംഗങ്ങള്‍ക്കു പൊതുവിപണിയിലെക്കാള്‍ മൂന്നു ശതമാനം വിലക്കുറവില്‍ സാധനങ്ങള്‍ കിട്ടും. അംഗങ്ങളല്ലാത്തവര്‍ക്കും 200 രൂപയുടെ കൂപ്പണിന്‍മേല്‍ ഒരു വര്‍ഷത്തേക്കു പലവ്യഞ്ജനങ്ങള്‍ക്കു മൂന്നുശതമാനം പ്രത്യേകവിലയിളവു നല്‍കുന്ന ഡിസ്‌കൗണ്ട് കാര്‍ഡുമുണ്ട്. ആയിരം രൂപയില്‍ കുറയാത്ത പലവ്യഞ്ജനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അവ വീട്ടില്‍ എത്തിച്ചുകൊടുക്കും. മൂന്നു കടമുറികളിലായി വാടകക്കെട്ടിടത്തിലാണു സൂപ്പര്‍മാര്‍ക്കറ്റ്. പഞ്ചായത്തതിര്‍ത്തിയിലെ ഓരോ വാര്‍ഡിലും അര ദിവസം വീതം സാധനങ്ങളുമായി ചെന്നു വില്‍പ്പന നടത്തുന്ന സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ടെന്നു സംഘം പ്രസിഡന്റ് കെ.എസ്. സനീഷ് പറഞ്ഞു. സത്താര്‍ ദ്വീപില്‍ ഭക്ഷണം കഴിച്ചു മുസിരിസ് പൈതൃകയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുംവിധം മൂത്തകുന്നം മുതല്‍ ഗോതുരുത്ത് വരെയുള്ള ഒരു വാക് വേക്കുള്ള പദ്ധതിനിര്‍ദേശം അധികൃതര്‍ക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ-വയോജനസേവനങ്ങളുടെ ഭാഗമായി, വിദേശങ്ങളിലെപ്പോലെ ഡോക്ടറുള്ളതരം ആംബുലന്‍സ് ഏര്‍പ്പെടുത്താന്‍ വടക്കേക്കര ക്ഷേമസംഘത്തിന് ആലോചനയുണ്ട്. രോഗിയെ ഏത് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതാവും ഉചിതം എന്നു ഡോക്ടര്‍ പരിശോധിച്ചു നിര്‍ദേശിക്കുന്ന രീതിയുള്ളതാവും ഈ ആംബുലന്‍സ്. വയോജനങ്ങള്‍ക്കായി പകല്‍വീടുകളുമായി സഹകരിച്ചു സ്‌കാനിങ്, ഇ.സി.ജി., എക്‌സ്‌റേ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളോടെ പാലിയേറ്റീവ് കെയര്‍ സെന്ററും പരിഗണനയിലുണ്ട്. വൈസ് പ്രസിഡന്റ് കിഷോര്‍കുമാര്‍ ടി.ആര്‍. മെഡിക്കല്‍ ഡോക്ടറാണെന്നത് ഇതിനൊക്കെ കൂടുതല്‍ സഹായകമാണ്. സനീഷിനും ഡോ. കിഷോര്‍കുമാറിനും പുറമെ വി.എസ്. പ്രതാപന്‍ (ഓണററി സെക്രട്ടറി), പി.ആര്‍. ശോഭനന്‍, വി.കെ. രതീഷ്, എ.ടി. രാജീവ്, ഷീജ രാമദാസ്, മായ കെ.എസ്, കെ.കെ. ഗോപി, ലിജിമോള്‍. കെ.ആര്‍, ശ്രീകുമാര്‍ പി. അജിത്ത് എന്നിവരാണു ഭരണസമിതിയംഗങ്ങള്‍. സി.പി.എം. ഏരിയാകമ്മറ്റിയംഗവും പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റും കൂടിയാണ് സംഘം പ്രസിഡന്റ് സനീഷ്. സെക്രട്ടറി വി.എസ്. പ്രതാപന്‍ സി.പി.എം. പ്രവര്‍ത്തകനും ചെട്ടിക്കാട് സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിയംഗവുമാണ.് ജനകീയോത്സവമായി മാറിക്കഴിഞ്ഞ മുസിരിസ് ഫെസ്റ്റ് വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി നടത്താന്‍ ആലോചിക്കുന്ന സംഘം ഒന്നേകാല്‍ ലക്ഷം രൂപ ലാഭത്തിലാണു പ്രവര്‍ത്തിക്കുന്നത്.

പൈതൃകോത്സവവുമായി
പറവൂര്‍ മുസിരിസ്
ടൂറിസം സംഘം

വടക്കേക്കര സാമൂഹികക്ഷേമ സഹകരണസംഘം ടൂറിസപ്രോത്സാഹനം പോലുള്ള മേഖലകളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണു ചെയ്തതെങ്കില്‍, ടൂറിസപ്രധാനമായ കാര്യങ്ങള്‍ക്കുവേണ്ടിത്തന്നെ രൂപവത്കരിച്ച് പൈതൃകോത്സവവും മറ്റും സംഘടിപ്പിച്ചിട്ടുള്ള സഹകരണസംഘമാണു പറവൂര്‍ മുസിരിസ് ടൂറിസം സഹകരണസംഘം ഇ 1217. ഇത് 2012 നവംബര്‍ 21 നു രജിസ്റ്റര്‍ ചെയ്തു. ഡിസംബര്‍ 22 നു പ്രവര്‍ത്തനം തുടങ്ങി. പറവൂര്‍ നമ്പൂരിയച്ചന്‍ ആല്‍ പരിസരത്താണ് ഓഫീസ്. ട്രാവല്‍ ഡെസ്‌ക്കും ഇവിടെയുണ്ട്. 2021 ഫെബ്രുവരി 18 നാണ് ഓഫീസും ട്രാവല്‍ ഡെസ്‌ക്കും ഉദ്ഘാടനം ചെയ്തത്.

2021 ആഗസ്റ്റില്‍ പറവൂര്‍ മുസിരിസ് ടൂറിസം സംഘം നാല്‍പ്പതില്‍പ്പരം ചെടികളുമായി കര്‍ക്കടക ഇലക്കറിമേള സംഘടിപ്പിച്ചു. കര്‍ക്കടകത്തിലെ ഭക്ഷണശീലവും ആരോഗ്യപരിരക്ഷയും ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. കേരള ജൈവകര്‍ഷക സമിതിയുമായി സഹകരിച്ചാണു സംഘം ഇതു സംഘടിപ്പിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ഔഷധഗുണമുള്ള തഴുതാമ, ചെങ്ങലംപരണ്ട, മുള്ളന്‍ചീര, അയ്യംപന തുടങ്ങി നാല്‍പ്പതില്‍പ്പരം ഇലച്ചെടികളുടെ പ്രദര്‍ശനമുണ്ടായിരുന്നു. ഓരോയിനം ഇലയുടെയും ഗുണങ്ങളും പാചകം ചെയ്യേണ്ട രീതികളും സന്ദര്‍ശകര്‍ക്കു വിശദീകരിച്ചുകൊടുത്തു. വിവിധ ഇലകള്‍കൊണ്ടുള്ള കറികളും തയാറാക്കിയിരുന്നു. കുറവ അരി, ചിറ്റേനി അരി, ഞവര അരി എന്നിവയുടെ വില്‍പനയ്ക്കായി നാട്ടുചന്തയും ഒരുക്കി. ദൈനംദിനജീവിതത്തില്‍ ഇലക്കറികള്‍ക്കുള്ള പ്രാധാന്യത്തെപ്പറ്റി ഏഴിക്കര ആയുര്‍വേദാശുപത്രിയിലെ ഡോ. നിഷ ക്ലാസെടുത്തു.

2021 ആഗസ്റ്റില്‍ത്തന്നെ ഓണാദരവ് 2021 എന്ന പരിപാടി സംഘം സംഘടിപ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. പഴയ ഓണക്കാലത്തെപ്പോലെ ഓലക്കുടയും ഒാണത്തപ്പനും ഓണപ്പുടവയും നല്‍കിയാണു പ്രതിപക്ഷനേതാവിനെ സംഘം സ്വീകരിച്ചത്. കളിമണ്ണുകൊണ്ട് ഓണത്തപ്പനെ നിര്‍മിക്കുന്ന പരമ്പരാഗത കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളിയായ തത്തപ്പള്ളി സ്വദേശി ബാലകൃഷ്ണന്‍, ഓലക്കുടകള്‍ ഉണ്ടാക്കിക്കൊടുക്കുന്നതിലും കൊട്ടയുടെയും മുറത്തിന്റെയും വട്ടിയുടെയും നിര്‍മാണത്തിലും വിദഗ്ധനായ മനക്കപ്പടി സ്വദേശി തങ്കപ്പന്‍, ഓണപ്പാട്ടുകാരനായ ശശാങ്കന്‍, മരത്തില്‍ ശില്‍പ്പങ്ങളുണ്ടാക്കുന്ന സൂരജ് നമ്പ്യാട്ട്, കരിങ്കല്ലില്‍ ദേവശില്‍പ്പങ്ങള്‍ നിര്‍മിക്കുന്ന ചേന്ദമംഗലം സ്വദേശി നന്ദകുമാര്‍ പീണിക്കല്‍, ചവിട്ടുനാടകകലാകാരന്‍ ഗോതുരുത്ത് സ്വദേശി ജോസി പയ്യപ്പിള്ളി, ഓടിവള്ളത്തിന്റെ അമരക്കാരനായ പല്ലംതുരുത്ത് സ്വദേശി സുഭാഷ് ചാമ്പക്കല്‍ എന്നിവര്‍ക്കു പുരസ്‌കാരം നല്‍കി.

മുസിരിസ്
പൈതൃകോത്സവം

കോവിഡ് മൂലം തളര്‍ന്ന ടൂറിസംമേഖലയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള ഫോക്‌ലോര്‍ അക്കാദമിയുമായി സഹകരിച്ച് 2022 ഏപ്രില്‍ 22 മുതല്‍ മെയ് ഒന്നുവരെ ഈ സംഘം മുസിരിസ് പൈതൃകോത്സവവും മുസിരിസ് തണ്ണീര്‍പ്പന്തല്‍ എന്ന പ്രദര്‍ശനവിപണനമേളയും സംഘടിപ്പിച്ചു. പറവൂര്‍ നഗരസഭാധ്യക്ഷ വി.എ. പ്രഭാവതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണസ്ഥാപനങ്ങളുടെയും മുസിരിസ് പ്രൊജക്ട് ലിമിറ്റഡിന്റെയുമൊക്കെ സ്റ്റാളുകള്‍ മേളയില്‍ അണിനിരന്നു. പരമ്പരാഗതഉല്‍പ്പന്നങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പഴവര്‍ഗങ്ങള്‍, ഖാദി-കൈത്തറി ഉല്‍പ്പന്നങ്ങള്‍, കരകൗശലോല്‍പ്പന്നങ്ങള്‍, ആദിവാസികളുടെ ഭക്ഷ്യമേള തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. നാനൂറോളം കലാപ്രവര്‍ത്തകര്‍ പങ്കെടുത്ത വിവിധ കലാരൂപങ്ങള്‍ അരങ്ങേറി.

2022 ഡിസംബറില്‍ സംഘത്തിന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പറവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എ. പ്രഭാവതി ടീച്ചര്‍ നിര്‍വഹിച്ചു.
2023 ജനുവരി ഏഴിനും എട്ടിനും തോട്ടുകടവിലെ മുസിരിസ് ബോട്ടുജെട്ടി പരിസരത്തു കലാപരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടു പുതുവത്സരത്തെ വരവേറ്റു. മുസിരിസ് കാര്‍ണിവല്‍ 2023 എന്ന പേരോടെയാണ് ഇതു സംഘടിപ്പിച്ചത്. മിശ്രഭോജനവിപ്ലവം നടത്തിയ നവോത്ഥാനനായകന്‍ സഹോദരന്‍ അയ്യപ്പന്റെ ഭവനം സ്ഥിതിചെയ്യുന്ന ചെറായി സഹോദരന്‍സ്മാരകത്തിലേക്കുള്ള ഒരു മണിക്കൂര്‍ സായാഹ്നബോട്ടുയാത്രയോടെയായിരുന്നു തുടക്കം.

മുസിരിസ് പ്രൊജക്ട് ലിമിറ്റഡിന്റെ അംഗീകൃത ടൂര്‍ ഓപ്പറേറ്ററായി പറവൂര്‍ മുസിരിസ് ടൂറിസംസംഘത്തിനു സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ട്. മുസിരിസ് പൈതൃകസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സംഘം വഴി ബുക്ക് ചെയ്താല്‍ 15 ശതമാനം കമ്മീഷന്‍ സംഘത്തിനു ലഭിക്കും. കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഫ്രാഞ്ചൈസിയായി സംഘത്തെ അംഗീകരിച്ചിട്ടുണ്ട്. രാവിലെ പത്തിനു പുറപ്പെട്ടു നാലിനു തിരിച്ചെത്തുന്ന ഏകദിനബോട്ടുയാത്രകള്‍ സംഘത്തിന്റേതായുണ്ട്. ഓണ്‍ലൈനായും മറ്റും ബുക്കു ചെയ്യുന്നവരുടെ എണ്ണം അമ്പതു തികയുന്ന മുറയ്ക്കാണ് ഇതു നടത്തുക. വരാപ്പുഴ-കടമക്കുടി-എറണാകുളം റൂട്ടിലാണ് ഇത്. വരാപ്പുഴയില്‍നിന്നു പുറപ്പെട്ട് കോതാട്, പിഴല, കടമക്കുടി, മഞ്ഞനക്കാട്, കര്‍ത്തേടം, ഓച്ചന്തുരുത്ത്, കൊച്ചി അഴിമുഖം, ഡോള്‍ഫിന്‍ ഏരിയ, കൊച്ചി തുറമുഖം, ഡച്ചുകൊട്ടാരം, ബോള്‍ഗാട്ടിക്കൊട്ടാരം, മുളവുകാട്, മറൈന്‍ഡ്രൈവ് എന്നിവിടങ്ങളിലെ മനോഹരക്കാഴ്ചകള്‍ കണ്ടുള്ള കായല്‍സവാരിയാണിത്. വെല്‍കം ഡ്രിങ്ക്‌സ്, മത്സ്യക്കറിയും പച്ചക്കറികളുമടങ്ങിയ ഉച്ചയൂണ്, ചായ, സ്‌നാക്‌സ് എന്നിവയുള്‍പ്പെടുന്ന പാക്കേജാണിത്. അരമണിക്കൂര്‍ ചൂണ്ടയിട്ടു മീന്‍പിടിക്കാനുള്ള അവസരവും ഇതിന്റെ ഭാഗമാണ്. കണ്ടക്ടഡ് ടൂറുകള്‍ നടത്താന്‍ സംഘം ഉദ്ദേശിക്കുന്നുണ്ട്. ഇതിനാവശ്യമായ അനുമതികള്‍ക്കായി ശ്രമിച്ചുവരികയാണ്. പല നിക്ഷേപപദ്ധതിയും സംഘം നടത്തുന്നുണ്ട്.

പറവൂര്‍ നഗരസഭ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ രമേഷ് ഡി. കുറുപ്പാണു സംഘം പ്രസിഡന്റ്. എം. കുട്ടപ്പന്‍ (ഓണററി സെക്രട്ടറി), ജോസഫ് പടയാട്ടി, ടി.ഡി. ജോസഫ്, ഡെന്നി തോമസ്്, എ.എസ്. അബ്ദുള്‍സലാം, ഡി. രാജ്കുമാര്‍, ടി.പി. ഹരുണ്‍, ജയ ശിവാനന്ദന്‍, കെ.പി. ത്രേസ്യാമ്മ, ബീന ശശിധരന്‍ എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. 2021-22 ലെ കണക്കു പ്രകാരം സംഘത്തിന് 97,247 രൂപ അറ്റലാഭമുണ്ട്.

കുന്നത്തുനാട് താലൂക്ക്
ടൂറിസം സഹകരണസംഘം 

ടൂറിസവികസനം ലക്ഷ്യമാക്കി സ്ഥാപിച്ച മറ്റൊരു സഹകരണസംഘമാണ് എറണാകുളം ജില്ലയിലെ ഓടക്കാലിയിലെ കുന്നത്തുനാട് താലൂക്ക് ടൂറിസം സഹകരണസംഘം. 25 പേര്‍ ചേര്‍ന്നാണു രൂപവത്കരിച്ചത്. പ്രശസ്തമായ ഇരിങ്ങോള്‍ കാവിനോടു ചേര്‍ന്നുള്ള പുരാതനമായ നാഗഞ്ചേരി മന വാടകയ്‌ക്കെടുത്തു വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു ശ്രമം. കുറച്ചുനാള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. പക്ഷേ, 2018 ലെ പ്രളയവും തുടര്‍ന്നു കോവിഡും വിനോദസഞ്ചാരമേഖലയെ തളര്‍ത്തി. അതിനാല്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകാനായില്ല. ഒമ്പതംഗ ഭരണസമിതിയാണ് സംഘത്തിനുള്ളത്. അശമന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ജോബി ഐസക് ആണ് പ്രസിഡന്റ്. സുജീഷ് എ.കെ.യാണു സെക്രട്ടറി. പ്രളയവും കോവിഡും തടസ്സമായെങ്കിലും, ഭാവിയില്‍ ടൂറിസം രംഗത്തു വീണ്ടും സജീവമാകാന്‍ പദ്ധതിയുണ്ടെന്നു പ്രസിഡന്റ് ജോബി ഐസക് പറഞ്ഞു.

 

 

[mbzshare]

Leave a Reply

Your email address will not be published.