പ്രവാസി വായ്പാ മേള: 130 സംരംഭങ്ങള്‍ക്ക് വായ്പാ അനുമതി

moonamvazhi

വയനാട് ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേളയില്‍ 130 സംരംഭങ്ങള്‍ക്ക് വായ്പാ അനുമതി നല്‍കി. സംരംഭവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം കേരള ബാങ്ക് ശാഖകള്‍ വായ്പ നല്‍കും. 158 അപേക്ഷകരാണ് വായ്പാ മേളയില്‍ പങ്കെടുത്തത്. കേരള ബാങ്ക് വയനാട് സിപിസി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വായ്പാമേള കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. റീജിയണല്‍ ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ അബ്ദുല്‍ നാസര്‍ വാക്കയില്‍ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് മാനേജര്‍ കെ.സി. ആബിദ കേരള ബാങ്ക് വായ്പാ പദ്ധതികള്‍ വിശദീകരിച്ചു.

സീനിയര്‍ മാനേജര്‍ കെ.കെ. റീന, നോര്‍ക്ക റൂട്ട്‌സ് പ്രൊജക്ട് അസിസ്റ്റന്റ് എം. ജയകുമാര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ എം. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. വയനാട് സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍. നവനീത് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. നസീമ നന്ദിയും പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതി പ്രകാരം കേരള ബാങ്കിന്റെ പ്രവാസി കിരണ്‍ വായ്പ പ്രകാരമാണ് മേള സംഘടിപ്പിച്ചത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!