പ്രളയത്തെ അതിജീവിക്കാൻ ചേക്കുട്ടി പാവകൾ
പ്രളയത്തിൽ കൈത്തറി മേഖലയിലും വലിയ നാശ നഷ്ടമാണുണ്ടായത്. എറണാകുളം പറവൂരിലെ ചേന്ദമംഗലം കൈത്തറി മേഖലയെ ആണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഓണ വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ ഉത്പന്നങ്ങളെല്ലാം ഉപയോഗശൂന്യമായി.50 ശതമാനം വസ്ത്രങ്ങൾ ഡ്രൈ വാഷ് ചെയ്ത് വിൽപന നടത്തുന്നു.ബാക്കി എല്ലാം മാലിന്യ കൂമ്പാരമായി കിടക്കുകയാണ്.ഈ വസ്ത്രങ്ങളിൽ നിന്നും പാവകൾ നിർമിച്ച് തൊഴിലാളികളെ സഹായിക്കാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം യുവാക്കൾ .ഈ പാവകളാണ് ചേക്കുട്ടി പാവകൾ. ചേറിനെ അതിജീവിച്ചത് എന്ന അർഥത്തിലാണ് ചേക്കുട്ടി എന്ന പേരിടുന്നത്.വീടുകളിലും വാഹനങ്ങളിലും തൂക്കിയിടാവുന്ന തരത്തിലാണ് ഈ പാവകൾ. വസ്ത്രങ്ങൾ കഴുകി ഉണക്കി പാവകൾ നിർമ്മിക്കുന്നു.
ഒരു പാവക്ക് 25 രൂപയാണ് വില.ഒരു സാരിയിൽ നിന്ന് 350 പാവകൾ വരെ നിർമ്മിക്കാം. 1500 രൂപ വിലവരുന്ന ഒരു സാരിയിൽ നിന്ന് 350 പാവകൾ നിർമിക്കുമ്പോൾ ആറിരട്ടി തുക ലഭിക്കുന്നു. ഈ തുക മുഴുവനായും ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന്റെ പുനരുദ്ധാരണത്തിനായി ഉപയോഗിക്കും. ഓൺലൈൻ വഴിയും പാവകൾ വാങ്ങാനാവും.
താലൂക്കിലെ അഞ്ച് കൈത്തറി സംഘങ്ങളിൽ മൂന്നെണ്ണം നാമാവശേഷമായി.മറ്റു രണ്ടു സംഘങ്ങൾ ഭാഗികമായി നശിച്ചു. തറികൾ, ഫർണീച്ചറുകൾ ,നൂൽ അടക്കമുള്ള വസ്തുക്കൾ തുടങ്ങിയവ നശിച്ചു. യാൺ ബാങ്കിന്റെ കരിമ്പാടത്തെ ഗോഡൗണിൽ 50 ലക്ഷം രൂപയുടെ നൂൽ നശിച്ചു.സർക്കാരിന്റെ സ്കൂൾ യൂണിഫോം പദ്ധതിക്കായി തയ്യാറാക്കിയ ഉൽപന്നങ്ങളും നശിച്ചു. നെയ്ത്ത് പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. പത്തുകോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. ചേന്ദമംഗലം കൈത്തറിയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് തന്നെ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.