പ്രതിസന്ധി വിളിച്ചുവരുത്തരുത്
സഹകാരികള്‍ ഭയപ്പെട്ടിരുന്ന ദിശയിലേക്കാണു കാര്യങ്ങളുടെ പോക്ക്. 2021 ലെ ഓഡിറ്റ് റിപ്പോര്‍ട്ടനുസരിച്ച് ആകെയുള്ള 1625 പ്രാഥമിക സഹകരണ ബാങ്കുകളില്‍ 726 എണ്ണം നഷ്ടത്തിലാണ്. ഇനി 2022 ന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് വരുമ്പോഴേ പ്രാഥമിക സഹകരണ ബാങ്കുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാവൂ. നഷ്ടത്തിന്റെ കണക്ക് പെരുകുന്നതു മാത്രമല്ല അതിലേക്ക് എത്തിക്കുന്ന കാരണങ്ങള്‍കൂടി സഹകാരികളെ പേടിപ്പെടുത്തുന്നുണ്ട്. പ്രാഥമിക സഹകരണ മേഖല നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ സഹകാരികള്‍ പല രീതിയില്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ, അതൊന്നും വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കപ്പെടാത്തതിന്റെ പരിണിതി കൂടിയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. സാധാരണക്കാരായ ജനങ്ങളുടെ ഹൃദയങ്ങളില്‍ വേരു പടര്‍ത്തിയ പ്രാഥമിക വായ്പാ സംഘങ്ങള്‍ക്കു 1991 നു ശേഷമുള്ള നവ ഉദാരീകരണനയങ്ങളുടെ ഫലമായി കോര്‍പ്പറേറ്റ് ശക്തികളോടാണ് ഏറ്റുമുട്ടേണ്ടിവന്നത്. പത്തു വര്‍ഷമായി കേരളത്തിലെ സഹകരണ മേഖല ഒന്നിനു പുറകെ മറ്റൊന്നായി പ്രതിസന്ധികള്‍ നേരിടുകയാണ്. റിസര്‍വ് ബാങ്ക് നിയന്ത്രണവും സാങ്കേതികവിദ്യയുടെ നവീകരണവും വളര്‍ച്ചയുമൊക്കെ സഹകരണ ബാങ്കുകളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തി.
2016 ലെ നോട്ടു നിരോധനത്തെത്തുടര്‍ന്നു സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു. പിന്നാലെ വന്നു രണ്ടു പ്രളയവും കോവിഡ് മഹാമാരിയും. പ്രളയത്തിന്റെയും മഹാമാരിയുടെയും ദുരിതകാലത്തു ജനങ്ങളെ കൈമെയ് മറന്നു സഹായിച്ച സഹകരണ സംഘങ്ങള്‍ ഇന്നു പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലേക്കു നീങ്ങുകയാണ്. വായ്പാ തിരിച്ചടവു മുടങ്ങുന്നു. പ്രളയത്തെത്തുടര്‍ന്നു പ്രഖ്യാപിച്ച മൊറട്ടോറിയം ഇന്നും സംഘങ്ങളുടെ തലയ്ക്കു മുകളില്‍ വാളുപോലെ തൂങ്ങിക്കിടക്കുന്നു. തിരിച്ചുപിടിക്കല്‍ നടപടി പൂര്‍ണമായി നിലച്ച മട്ടാണ്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടലും സംഘങ്ങള്‍ക്കു തിരിച്ചടിയായി. നിക്ഷേപ സമാഹരണത്തിന്റെ തോതു കാണിച്ച് സഹകരണ മേഖല ശക്തമാണെന്ന വാദം മുന്നോട്ടുവെക്കുന്നതില്‍ അര്‍ഥമില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. നല്ല വായ്പകളുടെ വിതരണം ഉറപ്പാക്കുകയാണു വേണ്ടത്. ഇതിനാണു സര്‍ക്കാര്‍ നേതൃത്വം നല്‍കേണ്ടത്. സര്‍ക്കാര്‍പദ്ധതികളുടെ ധനകാര്യ പങ്കാളികളായി സഹകരണ സംഘങ്ങളെയും ഉള്‍പ്പെടുത്തണം. സഹകരണ സംഘങ്ങള്‍ നല്കുന്ന സംരംഭക വായ്പകള്‍ക്കു സബ്സിഡി ഉറപ്പാക്കാനാവണം. എന്നാല്‍, തിരിച്ചാണ് അനുഭവം. സഹകരണ സംഘങ്ങളാണു വായ്പ നല്കുന്നതെങ്കില് സബ്സിഡി കിട്ടാത്ത സ്ഥിതിയാണ്. കേരളത്തിന്റെ ജനകീയ സ്ഥാപനങ്ങളെന്ന വെറും വായ്ത്താരി കൊണ്ടു കാര്യമില്ല. അതിനെ ചേര്‍ത്തുപിടിച്ച് നാടിന്റെ സ്വത്താക്കി മാറ്റാനുള്ള മനസ്സുകൂടി സര്‍ക്കാര്‍ കാണിക്കണം. വായ്പ തിരിച്ചുപിടിക്കുന്നതു തടഞ്ഞ് കൈയടി കിട്ടുന്ന പ്രഖ്യാപനം നടത്തുകയല്ല, ജനങ്ങള്‍ക്കു തിരിച്ചടവ് ശേഷിയുണ്ടാക്കാനാണ് ആലോചിക്കേണ്ടത്. പ്രതിസന്ധി വിളിച്ചുവരുത്തി കണ്ണീര് പൊഴിച്ചിട്ടു കാര്യമില്ലെന്നു തിരിച്ചറിയണം.
– എഡിറ്റര്‍
ReplyReply allForward
|