പുരസ്‌കാര മികവില്‍ ചിത്താരി ക്ഷീര സംഘം

moonamvazhi
അനില്‍ വള്ളിക്കാട്

(2021 ജൂലായ് ലക്കം)

ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിലും ക്ഷീര മേഖലയുടെ വിപുലീകരണത്തിലും ഒരുപോലെ ശ്രദ്ധിക്കുന്ന കാസര്‍കോട്ടെ ചിത്താരി ക്ഷീര സഹകരണ സംഘത്തിനാണു കേരള സര്‍ക്കാരിന്റെ ഡോ. വര്‍ഗീസ് കുര്യന്‍ സ്മാരക പുരസ്‌കാരം. സ്വന്തമായി കിടാരി പാര്‍ക്കുള്ള ഈ ക്ഷീരസംഘം കോഴിവളര്‍ത്തലിലും തീറ്റപ്പുല്‍ക്കൃഷിയിലും നേട്ടമുണ്ടാക്കി മുന്നേറുന്നു.

ക്ഷീര മേഖലയില്‍ വളര്‍ച്ചയും വൈവിധ്യവും കാഴ്ചവെച്ചതിനു കാസര്‍കോട്ടെ ചിത്താരി ക്ഷീര വ്യവസായ സഹകരണ സംഘത്തെ തേടിയെത്തിയതു സംസ്ഥാന സര്‍ക്കാരിന്റെ ഡോ. വര്‍ഗീസ് കുര്യന്‍ പുരസ്‌കാരം. കാല്‍ നൂറ്റാണ്ടിനിടയിലെ സംഘത്തിന്റെ വളര്‍ച്ചക്കൊപ്പം നാട്ടിലെ ക്ഷീര കര്‍ഷകരുടെ ക്ഷേമവും ക്ഷീര മേഖലയുടെ വിപുലീകരണവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണു പുരസ്‌കാരം.

അജാനൂര്‍ പഞ്ചായത്തിലെ രാവണീശ്വരത്ത് 1975 ല്‍ രജിസ്റ്റര്‍ ചെയ്ത സംഘത്തെ 1997 ല്‍ പുനരുജ്ജീവിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നു ഏഴു കിലോമീറ്റര്‍ ദൂരെയുള്ള ചിത്താരി വില്ലേജ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. തുടക്കത്തില്‍ ആറു കര്‍ഷകരില്‍ നിന്നു വെറും ഒമ്പതു ലിറ്റര്‍ പാല്‍ മാത്രമായിരുന്നു സംഭരണം. പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലും. ഇന്നു 120 കര്‍ഷകരില്‍ നിന്നു 1100 ലിറ്റര്‍ പാല്‍ പ്രതിദിനം സംഭരിക്കുന്നു. രണ്ടേക്കറിലേറെ സ്ഥലത്തു 2300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം സ്വന്തമായുണ്ട്. കിടാരി പാര്‍ക്ക്, കോഴി വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി തുടങ്ങി സംഘത്തിന്റെ പ്രവര്‍ത്തനം വിപുലവും വിജയകരവുമായി മാറിയതിന്റെ തെളിവാണു സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ഉന്നത ബഹുമതിനേട്ടം.

ഗുണമേന്മ, സുതാര്യത

ക്ഷീര മേഖലയില്‍ പാലിന്റെ ഗുണമേന്മ മുഖ്യ ഘടകമാണ്. സംഭരിക്കുന്ന പാലിന്റെ ഗുണനിലവാര പരിശോധനക്ക് ആധുനിക സംവിധാനങ്ങള്‍ സംഘത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘത്തിന്റെ സ്വന്തം വാഹനത്തിലാണു കര്‍ഷകരില്‍നിന്നു പാല്‍ ശേഖരിക്കുന്നത്. ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ സംവിധാനത്തിലൂടെ പാല്‍ ശേഖരിക്കുമ്പോള്‍ കൃത്യമായ വിലനിര്‍ണയം കര്‍ഷകരെ ബോധ്യപ്പെടുത്താനും കഴിയുന്നു. സര്‍ക്കാര്‍ ഏജന്‍സികളുടേതിനു പുറമെ സ്വകാര്യ സ്ഥാപനങ്ങളുടെ കാലിത്തീറ്റകള്‍കൂടി കര്‍ഷകര്‍ക്കു വിലക്കുറവില്‍ നല്‍കുന്നു. സംഘം രണ്ടേക്കറില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നുണ്ട്. പുല്‍ക്കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്കു വളര്‍ത്താനായി പുല്‍ച്ചെടികള്‍ സൗജന്യമായി നല്‍കിവരുന്നു. കുറഞ്ഞ വിലയ്ക്കു വൈക്കോലും നല്‍കുന്നുണ്ട്.

ക്ഷേമം, സഹായം

ക്ഷീരമേഖലയില്‍ കര്‍ഷകരെ ഉറപ്പിച്ചുനിര്‍ത്തുന്നതിനു നിരവധി സഹായപദ്ധതികള്‍ സംഘം നടപ്പാക്കിയിട്ടുണ്ട്. മാരക അസുഖം പിടിപെടുന്ന കര്‍ഷകര്‍ക്കു പതിനായിരം രൂപ ചികിത്സാ സഹായമായി അനുവദിക്കും. ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തിയ 110 അംഗങ്ങള്‍ക്കു പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ക്ഷീര സാന്ത്വനം പദ്ധതിയില്‍ മുഴുവന്‍ കര്‍ഷകരെയും അംഗങ്ങളാക്കിയിട്ടുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേനയുള്ള വായ്പാ ലഭ്യതയും ഇവര്‍ക്ക് ഉറപ്പാക്കി. കോവിഡ്കാലത്ത് സംഘാംഗങ്ങളുടെ കുട്ടികള്‍ക്കു ഓണ്‍ലൈന്‍ പഠനാവശ്യത്തിനു ടെലിവിഷനുകള്‍ നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഫര്‍ണിച്ചറുകളും സംഘം നല്‍കിയിട്ടുണ്ട്.

കിടാരി പാര്‍ക്കും കോഴിവളര്‍ത്തലും

സംസ്ഥാനത്ത് ആദ്യം അനുവദിക്കപ്പെട്ട രണ്ടു കിടാരി പാര്‍ക്കുകളിലൊന്നു ചിത്താരിയിലേതാണ്. നാലായിരത്തിലധികം ചതുരശ്ര അടി വിസ്തൃതിയുള്ള തൊഴുത്തിലാണു കിടാരികളെ പാര്‍പ്പിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നു മികച്ചയിനം പശുക്കുട്ടികളെ കൊണ്ടുവന്നു വളര്‍ത്തി കറവപ്പശുക്കളാക്കി ഇവിടെ നിന്നു വില്‍ക്കും. ഇതിനകം നൂറോളം പശുക്കളെ മറ്റു ജില്ലകളിലേക്കടക്കം സര്‍ക്കാര്‍ പദ്ധതികളിലൂടെ വില്‍പ്പന നടത്തിയിട്ടുണ്ട്. ഇപ്പോള്‍ മുപ്പതോളം പശുക്കള്‍ പാര്‍ക്കിലുണ്ട്. നാടന്‍ കോഴികളെയും മുട്ടക്കോഴികളെയും സംഘം വളര്‍ത്തുന്നുണ്ട്. സംഘത്തില്‍ നിന്നു മുട്ടയും വില്‍ക്കുന്നുണ്ട്. കര്‍ഷകര്‍ വളര്‍ത്തുന്ന കോഴികളില്‍ നിന്നുള്ള മുട്ട ശേഖരിച്ചും സംഘം വില്‍പ്പന നടത്തുന്നു. ചാണകവും കോഴിവിസര്‍ജ്യവും ചേര്‍ത്തു ജൈവ വളമാക്കി കര്‍ഷകര്‍ക്കു മിതമായ വിലയ്ക്കു നല്‍കിവരുന്നു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും സംഘം ശേഖരിച്ച് വില്‍പ്പന നടത്തുന്നതിലൂടെ വിളകള്‍ക്കു ന്യായവിലയും ഉറപ്പാക്കുന്നു. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഒരു ലാഭവും ഈടാക്കാതെയാണു സംഘം വില്‍പ്പന നടത്തുന്നത്. 1300 ചതുരശ്ര അടി വിസ്തൃതിയില്‍ വിശാലമായ ഹാളോടെ ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ വിജ്ഞാന വ്യാപനത്തിനുള്ള ക്ലാസുകള്‍, സെമിനാറുകള്‍ തുടങ്ങിയവ പതിവായി നടക്കുന്നു.

പൊതുരംഗത്തു ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കെ.വി. കൃഷ്ണനാണു സംഘത്തിന്റെ പ്രസിഡന്റ്. കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍ വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ സി.എം. രാധാകൃഷ്ണന്‍ നായര്‍, എരോല്‍ ബാലന്‍, എം. മുരളീധരന്‍, ബി. മുന്തന്‍, കെ. ബാലാമണി, പി. പൂമണി, കെ. ചന്ദ്രാവതി എന്നിവര്‍ അംഗങ്ങളാണ്. ബി. പ്രജീഷ് സെക്രട്ടറിയും പി.കെ. ഗീത മില്‍ക്ക് പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റുമാണ്.

Leave a Reply

Your email address will not be published.