പാലക്കാട് ജില്ലയിൽ 300 കോടിയുടെ വായ്പാ പദ്ധതികളുമായി കേരളബാങ്ക്.

adminmoonam

കോവിഡ് ന്റെ പശ്ചാത്തലത്തിൽ കാർഷിക – വ്യാപാര മേഖലകളെ സജീവമാക്കുന്നതിനായി പാലക്കാട്‌ ജില്ലയിൽ 300 കോടിയിൽപരം രൂപയുടെ വായ്പാ പദ്ധതികളുമായി സംസ്ഥാന സഹകരണ ബാങ്ക്. സ്വർണപണയത്തിന്മേൽ കർഷകർക്ക് രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന സ്പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി (എസ് എൽ എഫ്) വായ്പ, മൂന്നു ലക്ഷം വരെ നൽകുന്ന കിസാൻമിത്ര സ്വർണവായ്പ, ബിസിനസ് ആവശ്യങ്ങൾക്ക് 40 ലക്ഷം വരെ വായ്പ ലഭ്യമാക്കുന്ന എക്സ്പ്രസ്സ് ഗോൾഡ് ഓവർഡ്രാഫ്ട് വായ്പ, കുടുംബശ്രീ മുഖേന വിതരണം ചെയ്യുന്ന സഹായഹസ്തം പദ്ധതി എന്നിവയാണ് നടപ്പിലാക്കുന്നത്. പ്രാഥമിക സംഘങ്ങൾ വഴി 200 കോടിയുടെ എസ് എൽ എഫ് വായ്പയും കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി 100 കോടിയുടെ സഹായഹസ്തം വായ്പയും ജില്ലയിൽ വിതരണം ചെയ്യും. നബാർഡിന്റെ സഹകരണത്തോടെയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്.

6.8 ശതമാനമാണ് എസ് എൽ എഫ് വായ്പയുടെ പലിശനിരക്ക്. സ്വർണവിലയുടെ 75 ശതമാനം വരെ വായ്പ ലഭിക്കും. കാർഷിക, കാർഷികാനുബന്ധ ആവശ്യങ്ങൾക്ക് വായ്പ ലഭ്യമാകും. റിയൽ എസ്റ്റേറ്റ്, ഊഹക്കച്ചവടം, മറ്റ് ഉപഭോഗ ആവശ്യങ്ങൾ എന്നിവക്ക് ഈ വായ്പ ലഭ്യമല്ല. ഈ വായ്പക്കായി മെയ് 31നകം അപേക്ഷിക്കണം. ഈ വായ്പകൾക്ക് പലിശയിനത്തിൽ മറ്റു സബ്‌സിഡികൾ ലഭ്യമല്ല. നിലവിൽ കാർഷിക വായ്പയുള്ളവർക്കും എസ് എൽ എഫ് വായ്പക്ക് അർഹതയുണ്ടായിരിക്കും. പ്രാഥമിക സഹകരണ ബാങ്കുകൾ മുഖേനയും ഈ വായ്പ ലഭ്യമാണ്.കെസിസി കിസാൻമിത്ര വായ്പാ പദ്ധതിയിൽ കർഷകർക്ക് നാല് ശതമാനം പലിശനിരക്കിൽ വായ്പ ലഭിക്കും. പരമാവധി മൂന്നു ലക്ഷം വരെയാകും ലഭിക്കുക.

അയൽക്കൂട്ടങ്ങൾക്ക് 20000 രൂപ വരെ ലഭ്യമാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിക്ക് ഒൻപത് ശതമാനമാണ് പലിശ. കാലാവധി മൂന്നുവർഷം. കുടുംബശ്രീ സിഡിഎസുകൾ വഴിയാണ് വായ്പാ വിതരണം. ജില്ലയിൽ 100 കോടിയുടെ വായ്പ മെയ് 31നകം വിതരണം ചെയ്യും.

ബിസിനസ് ആവശ്യങ്ങൾക്കായി എക്സ്പ്രസ്സ് ഗോൾഡ് ഓവർഡ്രാഫ്ട് വായ്പയും ലഭ്യമാണ്. 8.9 ശതമാനമാണ് പലിശനിരക്ക്. പരമാവധി 40 ലക്ഷം രൂപവരെ സ്വർണപണയത്തിന്മേൽ വായ്പ അനുവദിക്കും. വായ്പയിൽനിന്ന് പിൻവലിക്കുന്ന തുകയ്ക്ക് മാത്രമാകും പലിശ ഈടാക്കുകയെന്ന് സംസ്ഥാന സഹകരണ ബാങ്ക് പാലക്കാട് ജില്ലാ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published.