പത്താം ക്ലാസിനു ശേഷം – ഇനിയെന്ത് ?

Deepthi Vipin lal

പത്താംക്ലാസ് പരീക്ഷ (എസ്.എസ്.എല്‍.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.) യ്ക്കു ശേഷം പ്ലസ് ടു വിന് ഏത് ഗ്രൂപ്പ് എടുക്കണം എന്നതിനെക്കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഏറെ സംശയങ്ങളുണ്ടാവും. വിദ്യാര്‍ഥിയുടെ താല്‍പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയ കോമ്പിനേഷനുകള്‍ കണ്ടെത്തണം. തീരെ താല്‍പര്യമില്ലാത്ത വിദ്യാര്‍ഥികളെക്കൊണ്ട് ബയോമാത്‌സ് എടുപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. ബയോളജി വിഷയങ്ങളിലാണ് താല്‍പര്യമെങ്കില്‍ കണക്ക് ഒഴിവാക്കണം. ബയോളജിയില്‍ താല്‍പര്യമില്ലെങ്കില്‍ കണക്കിനോടൊപ്പം കംപ്യൂട്ടര്‍ സയന്‍സുമെടുക്കാം. നീറ്റ് പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിക്ക് മാത്തമാറ്റിക്‌സ് ഒഴിവാക്കി ബയോളജി ലാംഗ്വേജും എന്‍ജിനീയറിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് കണക്കും കമ്പ്യൂട്ടര്‍ സയന്‍സുമെടുക്കാം.

സിവില്‍ സര്‍വ്വീസസ് പരീക്ഷ ലക്ഷ്യമിടുന്നവര്‍ക്ക് ഹ്യുമാനിറ്റീസ് മകച്ചതാണ്. സയന്‍സ് സ്ട്രീമെടുത്ത് പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കാം. ബാങ്കിങ്്, ഇന്‍ഷൂറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ തൊഴിലിന് താല്‍പര്യമുള്ളവര്‍ക്കും അക്കൗണ്ടിങ്്, ആക്ച്വറിയല്‍ സയന്‍സ് എന്നിവയില്‍ അഭിരുചിയുള്ളവര്‍ക്കും കോമേഴ്‌സ്/ബിസിനസ് സ്റ്റഡീസ് കോമ്പിനേഷനെടുക്കാം. മാനേജ്‌മെന്റില്‍ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവര്‍ക്കും ഇത് യോജിക്കും.

പ്രവേശനപ്പരീക്ഷ

ഐസര്‍, നൈസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നിവിടങ്ങളില്‍ ബി.എസ്./എം.എസ്. കോഴ്‌സുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബയോമാത്‌സ്് എടുക്കാം. ബയോമാത്‌സ് പ്ലസ്് ടു പഠനം ഒരിക്കലും രണ്ട് തോണിയില്‍ കാല്‍വച്ചുള്ള യാത്രയാകരുത്. ചിട്ടയോടെയുള്ള പഠനമാണാവശ്യം. സയന്‍സ് വിദ്യാര്‍ഥികള്‍ നീറ്റ്, ജെ.ഇ.ഇ., കേരള എന്‍ജിനീയറിങ്് പ്രവേശന പരീക്ഷ, അഖിലേന്ത്യാ കാര്‍ഷിക പ്രവേശന പരീക്ഷ, ഐസര്‍, നൈസര്‍, ബിറ്റ്‌സാറ്റ്, അമൃത, വി.ഐ.ടി., കെ.വി.പി.വൈ. എന്നിവ ലക്ഷ്യമിട്ട് പഠിയ്ക്കണം. ഏത് പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും ക്ലാറ്റ്, ഐ.ഐ.ടി., ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ്, NIFT ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി, യുസീഡ്, NID ഡിസൈന്‍, EFLU, ജെ.എന്‍.യു., ഡല്‍ഹി യൂണിവേഴ്‌സിറ്റി, കേരള LLB, അസീം പ്രേംജി യൂണിവേഴ്‌സിറ്റി, ഐ.ഐ.എം. ഇന്‍ഡോര്‍ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കാം.

സയന്‍സ് വിദ്യാര്‍ഥികള്‍ പ്ലസ് ടു കാലയളവില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിനുകൂടി സമയം കണ്ടെത്തുമ്പോള്‍ ചിട്ടയായ ടൈംടേബിളനുസരിച്ച് തയാറെടുക്കണം. ഫൗണ്ടേഷന് പ്രാധാന്യം നല്‍കണം. ഓണ്‍ലൈന്‍ വഴി കോച്ചിങ് ഉപയോഗപ്പെടുത്തുന്നതും നല്ലതാണ്. വ്യക്തമായ ഉറച്ച തീരുമാനമാണ് എസ്.എസ്.എല്‍.സി. യ്ക്കു ശേഷം വിദ്യാര്‍ഥിയും രക്ഷിതാവും ചേര്‍ന്നെടുക്കേണ്ടത്. ഡിപ്ലോമ, ഐ.ടി.ഐ., വി.എച്ച്.എസ്.ഇ. പ്രോഗ്രാമുകള്‍ക്ക് താല്‍പര്യമനുസരിച്ച് കോഴ്‌സ് കണ്ടെത്തണം.

( കോഴിക്കോട്ടെ യു.എല്‍.സി.സി.എസ്. എഡ്യുക്കേഷന്‍ ഡയരക്ടറും ലോകബാങ്ക് കണ്‍സള്‍ട്ടന്റുമായ ലേഖകന്‍ വെറ്ററിനറി സര്‍വകലാശാല മുന്‍ ഡയരക്ടറാണ് )

Leave a Reply

Your email address will not be published. Required fields are marked *

Latest News