നവീകരിച്ച മില്‍മ ഡ്രൈവ് ഇന്‍ പാര്ലറിന്റെയുംപ്രധാന പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നാളെ
മില്‍മ തൃപ്പൂണിത്തുറ ഡെയറി കാമ്പസ്സില്‍ ഡെയറിയുടെ നവീകരിച്ച ഡ്രൈവ് ഇന്‍ മില്‍മ പാര്‍ലര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആഗസ്റ്റ് 28 ശനിയാഴ്ച്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം, ഡെയറിയുടെ നവീകരിച്ച പ്രവേശന കവാടത്തിന്റ ഉദ്ഘാടനം ഹൈബി ഈഡന് എം.പി. നിര്‍വഹിക്കും. കെ. ബാബു എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് വാക് ഇന്‍ കൂളര്‍ കം ഫ്രീസര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്യും. കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ ബെഹ്റ മില്‍മ മെട്രോ സ്റ്റേഷന്റെ നാമകരണം നിര്‍വഹിക്കും. തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് മുഖ്യ പ്രഭാഷണവും ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ് ആദ്യ വില്‍പ്പനയും നടത്തും. വാര്‍ഡ് കൗണ്‍സിലര്‍ റോജ രാജീവ് ആദ്യവില്‍പ്പന സ്വീകരിക്കും.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി മെട്രോ നിര്‍മ്മിതിക്ക് മില്‍മ സ്ഥലം കൈമാറിയതിനെത്തുടര്‍ന്നാണ് തൃപ്പൂണിത്തുറ എസ്.എന്‍. ജംഗ്ഷനില്‍ നിര്‍മാണം പൂര്‍ത്തിയായിവരുന്ന മെട്രോ സ്റ്റേഷന് സമീപത്ത് നിലവിലുണ്ടായിരുന്ന മില്‍മയുടെ ഡ്രൈവ് ഇന്‍ പാര്‍ലറും കവാടവും പുതുക്കിപ്പണിയേണ്ടിവന്നത്. കേരള സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കൊച്ചി മെട്രോ കോര്‍പ്പറേഷനാണ് പ്രധാന കവാടവും ഡ്രൈവ് ഇന്‍ മില്‍മ പാര്‍ലറും നിര്‍മ്മിച്ച് നല്‍കിയിട്ടുള്ളത്.
ഉയര്‍ന്ന ഗുണനിലവാരത്തില്‍ പാലും പാലുല്‍പ്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 3000 ലിറ്റര്‍ ശേഷിയില്‍ ആധുനിക രീതിയിലുള്ള വാക് ഇന്‍ കൂളര്‍ കം ഫ്രീസര്‍ യൂണിറ്റ് ഉള്‍പ്പെടുത്തി നിര്‍മിച്ചിട്ടുള്ള കേരളത്തിലെ ആദ്യത്തെ മില്‍മ പാര്‍ലര്‍ എന്ന സവിശേഷത കൂടി ഈ പാര്ലറിനുണ്ടെന്നു മില്‍മ എറണാകുളം മേഖലാ യൂണിയന് ചെയര്മാന് ജോണ്‍ തെരുവത്ത് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്ന മുറക്ക് 24 മണിക്കൂറും ഈ പാര്‍ലര്‍ വഴി പാലുല്‍പ്പന്നങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് മില്‍മ ലക്ഷ്യമിടുന്നത്. പ്രതിദിനം മൂന്നര ലക്ഷം ലിറ്റര്‍ പാല് കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ഡെയറികളിലൊന്നാണ് മില്‍മയുടെ തൃപ്പൂണിത്തുറയിലെ ഡെയറി. ഇക്കഴിഞ്ഞ ഉത്രാടം-തിരുവോണം നാളുകളില്‍ എറണാകുളം മേഖലാ യൂണിയന് 12.8 ലക്ഷം ലിറ്റര്‍ പാലും 95,000 ലിറ്റര്‍ തൈരും വില്‍പ്പന നടത്തി എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് നേടി – ജോണ്‍ പറഞ്ഞു.