തിരുവിതാംകൂറില്‍ ഭൂപണയ ബാങ്ക് രൂപം കൊള്ളുന്നു

Deepthi Vipin lal

തിരുവിതാംകൂറിലെ കാര്‍ഷിക കടം എന്ന ഗുരുതര പ്രശ്‌നത്തിനു താല്‍ക്കാലിക പരിഹാരമല്ല കണ്ടെത്തേണ്ടതു എന്നാണു 1935 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സഹകരണാന്വേഷണ സമിതിയുടെ വിലയിരുത്തല്‍. കര്‍ഷകരുടെ പെരുകിവരുന്ന കടം നേരിടാന്‍ താത്കാലിക നടപടികളൊന്നും മതിയാവില്ല എന്ന അഭിപ്രായപ്രകടനത്തോടെയാണു സമിതി റിപ്പോര്‍ട്ടിന്റെ പതിനെട്ടാം അധ്യായം അടച്ചത്. പത്തൊമ്പതാം അധ്യായം പൂര്‍ണമായും ഭൂപണയ ബാങ്ക് എന്ന പ്രശ്‌നപരിഹാരത്തെക്കുറിച്ചാണു ചര്‍ച്ച ചെയ്യുന്നത്.

കര്‍ഷകരില്‍ വളരെ കുറഞ്ഞ ശതമാനം ആള്‍ക്കാരേ സഹകരണ മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ളു എന്നു സമിതി പറയുന്നു. ബാക്കി ബഹുഭൂരിഭാഗവും അതിനു പുറത്താണ്. അവരെക്കൂടി കണക്കിലെടുത്തുവേണം പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതും വലിയ പ്രശ്‌നമായി സമിതി കാണുന്നു. തിരുവിതാംകൂറിലെ സഹകരണ വകുപ്പ് പ്രശ്‌നപരിഹാരത്തിനു മുന്‍കൈയെടുക്കണമെന്നാണു സമിതിയുടെ അഭിപ്രായം. വ്യവസായവത്കരണത്തിനും മറ്റു തൊഴിലുകള്‍ കണ്ടെത്താനും വകുപ്പ് ശ്രദ്ധിക്കണം. ബംഗാളിലും ഡെക്കാനിലും ( ബോംബെ ) ചെയ്തതുപോലെ വിളകളുടെ വിപണനത്തിനു വഴികള്‍ കണ്ടെത്തുകയും പുത്തന്‍ കൃഷിരീതികള്‍ കൊണ്ടുവരികയും വേണം. സഹകരണ സംഘങ്ങളെ കൂടുതലായി പ്രോത്സാഹിപ്പിക്കുക, വായ്പകളുടെ തിരിച്ചടവു കാലാവധി കൂട്ടുക, പലിശനിരക്കു കുറയ്ക്കുക, സഹകരണ സംഘങ്ങളില്‍ കടാനുരഞ്ജന ബോര്‍ഡുകള്‍ (Debt Conciliatory Boards ) വഴി സഹായം നല്‍കുക, അനാവശ്യച്ചെലവുകള്‍ ഉണ്ടാക്കാതിരിക്കാന്‍ കര്‍ഷകരെ ബോധവത്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണു ജി.കെ. ദേവധാര്‍ അധ്യക്ഷനായ സഹകരണാന്വേഷണ സഹകരണ സമിതി മുന്നോട്ടുവെക്കുന്നത്.

കടാനുരഞ്ജന ബോര്‍ഡ്

കടാനുരഞ്ജന ബോര്‍ഡുകള്‍ രൂപവത്കരിക്കുക, കര്‍ഷകരുടെ കടങ്ങള്‍ 65 ശതമാനമായി കോമ്പൗണ്ട് ചെയ്യുക എന്നീ നിര്‍ദേശങ്ങള്‍ സമിതി മുന്നോട്ടുവെക്കുന്നു. മധ്യ പ്രവിശ്യകളിലെ കടാനുരഞ്ജന ബോര്‍ഡുകള്‍ വായ്പകള്‍ 65 ശതമാനമായി കുറച്ച കാര്യം സമിതി ചൂണ്ടിക്കാട്ടുന്നു. ഈ കടത്തില്‍ 50 ശതമാനം പണമായിത്തന്നെ തിരിച്ചടയ്ക്കണമെന്നും ബാക്കി 15 ശതമാനം ഭൂപണയ ബാങ്കിന്റെ കടപ്പത്ര ബോണ്ടുകളായി മാറ്റണമെന്നും സമിതി നിര്‍ദേശിക്കുന്നു.

കര്‍ഷകരെ കടക്കെണിയില്‍ നിന്നു രക്ഷപ്പെടുത്തുന്നതിനു തിരുവിതാംകൂറില്‍ ഒരു ഭൂപണയ ബാങ്ക് സ്ഥാപിക്കണമെന്ന നിര്‍ദേശം രൂപം കൊണ്ടതു 1925 ലാണ്. അന്നത്തെ സഹകരണ സംഘം രജിസ്ട്രാറാണു ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. സര്‍ക്കാര്‍ ഇതിന്മേല്‍ കുറച്ചുകാലം തീരുമാനമെടുക്കാതെ മാറ്റിവെച്ചു. 1926 സെപ്റ്റംബറില്‍ സാമ്പത്തിക വികസന സമിതി ഒരു പ്രമേയം പാസാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചു. ഒരു പരീക്ഷണ നടപടിയെന്ന നിലയില്‍ സഹകരണാടിസ്ഥാനത്തില്‍ സംസ്ഥാനത്തു ഒരു ഭൂപണയ, കാര്‍ഷിക ബാങ്ക് സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നതായിരുന്നു ആ സമിതിയുടെ ശുപാര്‍ശ. അതേകൊല്ലം തിരുവിതാംകൂര്‍ സഹകരണ യൂണിയന്‍ ഭൂപണയ ബാങ്ക് രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കാന്‍ റാവു ബഹാദൂര്‍ ആര്‍. കൃഷ്ണപിള്ള ചെയര്‍മാനായി ഒരു കമ്മിറ്റിയെ നിയമിച്ചു. കമ്മിറ്റി ഇതിനനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സഹകരണ സംഘം നിയമമനുസരിച്ച് ഒരു ഭൂപണയ ബാങ്ക് രജിസ്റ്റര്‍ ചെയ്യാനായിരുന്നു ശുപാര്‍ശ. നിര്‍ദിഷ്ട ബാങ്കിനാവശ്യമായ നിയമാവലിയും കമ്മിറ്റി തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചു. ശ്രീമൂലം പ്രജാസഭയുടെ ഇരുപത്തിയാറാം സമ്മേളനത്തില്‍ പ്രശ്‌നം അവതരിപ്പിക്കപ്പെട്ടു. കര്‍ഷകര്‍ക്കായി ഒരു ഭൂപണയ ബാങ്ക് രൂപവത്കരിക്കണമെന്നു 1929 ല്‍ ലജിസ്ലേറ്റീവ് കൗണ്‍സിലും തീരുമാനമെടുത്തു.

വ്യത്യസ്ത നിലപാട്

ഭൂപണയ ബാങ്കിന്റെ ഘടനയെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഒരു സംസ്ഥാന സ്ഥാപനം എന്ന നിലയില്‍ ഭൂപണയ ബാങ്ക് സ്ഥാപിക്കാനായിരുന്നു തിരുവിതാംകൂറിലെ തൊഴിലില്ലായ്മയെക്കുറിച്ച് അന്വേഷിച്ച സമിതി ശുപാര്‍ശ ചെയ്തിരുന്നത്. ബാങ്കിനാവശ്യമായ പണം കടപ്പത്രങ്ങളിലൂടെ കണ്ടെത്തണമെന്നും സമിതി നിര്‍ദേശിച്ചു. കര്‍ഷക ജനതയുടെ വര്‍ധിച്ചുവരുന്ന കടബാധ്യതയ്ക്കുള്ള പരിഹാരം എന്ന നിലയില്‍ ഭൂപണയ ബാങ്ക് സ്ഥാപിക്കണമെന്നായിരുന്നു തിരുവിതാംകൂര്‍ ബാങ്കിങ് അന്വേഷണ സമിതിയുടെ ശുപാര്‍ശ. 1913 ലെ സഹകരണ സംഘം നിയമം പത്താം വകുപ്പനുസരിച്ചായിരിക്കണം ബാങ്കിന്റെ രൂപവത്കരണം എന്നും സമിതി ശുപാര്‍ശ ചെയ്തു. ബാങ്ക് പുറത്തിറക്കുന്ന കടപ്പത്രങ്ങള്‍ക്കു സര്‍ക്കാര്‍ ഗാരണ്ടി നല്‍കണമെന്നും കുറച്ചു കൊല്ലത്തേക്കു ബാങ്കിന്റെ നടത്തിപ്പു ചെലവു കുറയ്ക്കണമെന്നും സമിതി നിര്‍ദേശിച്ചു. എന്നാല്‍, സാമ്പത്തികമാന്ദ്യത്തെക്കുറിച്ചന്വേഷിച്ച മറ്റൊരു സമിതിയുടെ അഭിപ്രായം വ്യത്യസ്തമായിരുന്നു. സഹകരണ സംഘം നിയമത്തിനു കീഴില്‍ ബാങ്ക് രൂപവത്കരിക്കുന്നതിനെ ഈ സമിതി എതിര്‍ത്തു. വേറൊരു പ്രത്യേക നിയമത്തിന്‍കീഴിലാവണം ബാങ്ക് എന്നതായിരുന്നു സമിതിയുടെ ശുപാര്‍ശ.

വിവിധ സമിതികള്‍ വിവിധ രീതിയിലാണു പ്രതികരിച്ചതെങ്കിലും കര്‍ഷകരെ സഹായിക്കാന്‍ ഭൂപണയ ബാങ്ക് ഒരാവശ്യമാണെന്ന കാര്യം സര്‍ക്കാരിനു ബോധ്യപ്പെട്ടു. ബാങ്കിന്റെ ഘടനയെക്കുറിച്ചും ധനസഹായം ഏതുവഴിക്കു നല്‍കണം എന്നതിനെക്കുറിച്ചും മാത്രമായിരുന്നു അഭിപ്രായ വ്യത്യാസം. ഹ്രസ്വകാല വായ്പകള്‍ മാത്രമേ തങ്ങള്‍ക്കു നല്‍കാനാവൂ എന്ന നിലപാടിലായിരുന്നു സഹകരണ സംഘങ്ങള്‍. സഹകരണ മേഖലയ്ക്കു പുറത്തു നില്‍ക്കുന്നവരും വന്‍കടം ബാധ്യതയായി പേറുന്നവരുമായ കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിനായി കമേഴ്‌സ്യല്‍ ജോയന്റ് സ്റ്റോക്ക് ബാങ്കുകള്‍ രൂപവത്കരിക്കണമെന്നായിരുന്നു കേന്ദ്ര ബാങ്കിങ് അന്വേഷണ സമിതിയുടെ ശുപാര്‍ശ. സാധാരണ ജോയന്റ് സ്റ്റോക്ക് ബാങ്കുകള്‍ കര്‍ഷകര്‍ക്കു ദീര്‍ഘകാല വായ്പകള്‍ നല്‍കാറില്ലാത്തതിനാല്‍ ഈ ശുപാര്‍ശ തീര്‍ത്തും അസാധ്യമായ ഒന്നായിരുന്നു.

മൂലധനം  ഒരു ലക്ഷം രൂപ

പത്രങ്ങളിലും മറ്റും ഭൂപണയ ബാങ്ക് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കവെ 1931 നവംബര്‍ പതിനൊന്നിനു മഹാരാജാവിന്റെ ഒരു പ്രഖ്യാപനമുണ്ടായി. നിര്‍ദിഷ്ട ഭൂപണയ ബാങ്കിന്റെ പ്രാരംഭ മൂലധനത്തിലേക്ക് ഒരു ലക്ഷം രൂപ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്. അങ്ങനെ, 1931 ഡിസംബര്‍ 15 നു തിരുവിതാംകൂറില്‍ സ്റ്റേറ്റ് ലാന്റ് മോര്‍ട്ട്‌ഗേജ് ബാങ്ക് സ്ഥാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിലവിലുള്ള സാമ്പത്തികമാന്ദ്യം കാരണം ജോയന്റ് സ്റ്റോക്ക് അടിസ്ഥാനത്തില്‍ ഒരു കമേഴ്‌സ്യല്‍ ഭൂപണയ ബാങ്ക് സ്ഥാപിക്കാന്‍ നിവൃത്തിയില്ലെന്നും കൃഷിക്കാര്‍ക്ക് ആശ്വാസം നല്‍കുക എന്ന ആവശ്യം ഇനിയും നീട്ടിവെക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ സര്‍ക്കാര്‍ സംരംഭമായി ഭൂപണയ ബാങ്ക് തുടങ്ങുന്നു എന്നുമാണു സര്‍ക്കാരുത്തരവില്‍ വ്യക്തമാക്കിയിരുന്നത്. അതേസമയം, കൃത്യമായ വ്യവസ്ഥകളോടെ ഏതെങ്കിലും സ്വകാര്യ സംരംഭകര്‍ മുന്നോട്ടുവരുന്നപക്ഷം ഈ സ്ഥാപനം ഏല്‍പ്പിച്ചുകൊടുക്കാന്‍ തയാറാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. ഏഴു പേരെയാണു ഭൂപണയ ബാങ്കിന്റെ മാനേജ്‌മെന്റ് ബോര്‍ഡിലേക്കു നിര്‍ദേശിച്ചിരുന്നത്. ഇതില്‍ അഞ്ചു പേര്‍ സര്‍ക്കാരുദ്യോഗസ്ഥരായിരിക്കും. രണ്ടു പേര്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരല്ലാത്തവരും. മൊത്തം നാലു ലക്ഷം രൂപയാണു സര്‍ക്കാര്‍ മൂലധനമായി നല്‍കാനുദ്ദേശിച്ചത്. ഇതിനുള്ള പലിശ ബാങ്കിനു നിര്‍ണയിക്കാം. വീണ്ടും പണം ആവശ്യമായി വരികയാണെങ്കില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ കടപ്പത്രമിറക്കാനും സര്‍ക്കാര്‍ തയാറായിരുന്നു.

ഭൂമി പണയംവെച്ച് കടമെടുത്തിട്ടുള്ള കര്‍ഷകന്റെ കടം വീട്ടി ഭൂമി തിരിച്ചെടുക്കുന്നതിനാവശ്യമായ വായ്പ നല്‍കാനാണു തുടക്കത്തില്‍ത്തന്നെ ഭൂപണയ ബാങ്ക് ശ്രദ്ധിച്ചത്. മുഖ്യമായും കാര്‍ഷികവൃത്തി കൊണ്ടു ജീവിക്കുന്ന കര്‍ഷകര്‍ക്കും കൃഷി മുഖ്യ ബിസിനസ്സായിട്ടുള്ള രജിസ്‌ട്രേഡ് കമ്പനികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും മാത്രമാണു ഭൂപണയ ബാങ്ക് വായ്പകള്‍ നല്‍കിയിരുന്നത്. തുടക്കത്തില്‍ ഏഴര ശതമാനമായിരുന്നു പലിശ. പിന്നീടിതു ആറര ശതമാനമാക്കി.

സഹകരണ മേഖലയിലാക്കണം

ഭൂപണയ ബാങ്ക് തുടങ്ങിക്കഴിഞ്ഞിട്ടും സഹകരണ മേഖലയില്‍ നിന്നുള്ള ആവശ്യം നിലച്ചില്ല. ബാങ്കിനെ സഹകരണ മേഖലാ സ്ഥാപനമാക്കി മാറ്റണമെന്നതായിരുന്നു ആവശ്യം. സഹകരണ സമ്മേളനങ്ങള്‍ ഇതു സംബന്ധിച്ച് ഒട്ടേറെ പ്രമേയങ്ങള്‍ പാസാക്കി. തങ്ങള്‍ക്കും ഇക്കാര്യം ബോധ്യപ്പെട്ടതായി സഹകരണാന്വേഷണ സമിതി പറയുന്നു. പൊതുവികാരം കണക്കിലെടുത്തു ഭൂപണയ ബാങ്കിനെ സഹകരണ മേഖലയിലേക്കു കൊണ്ടുവരുന്ന കാര്യത്തെപ്പറ്റി പഠിക്കണമെന്നു സഹകരണാന്വേഷണ സമിതിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സഹകരണാന്വേഷണ സമിതിയുടെ മുന്നിലുണ്ടായിരുന്നതു രണ്ടു ചോദ്യങ്ങളാണ്. ഏതെങ്കിലും രൂപത്തില്‍ ഭൂപണയ ബാങ്കിനെ പുന:സംഘടിപ്പിക്കേണ്ടതുണ്ടോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. ഭൂപണയ ബാങ്കിനെ സഹകരണ നിയമത്തിന്‍കീഴിലാക്കേണ്ടതുണ്ടോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം.

തിരുവിതാംകൂറിന് ഒരു സഹകരണ ഭൂപണയ ബാങ്ക് മതി എന്നു വാദിക്കുന്നവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നതു അക്കാലത്തു മൈസൂരിലും മദ്രാസിലുമുണ്ടായിരുന്ന സമാന മാതൃകകളെയാണ്. മദ്രാസില്‍ തുടക്കം മുതലേ ഭൂപണയ ബാങ്ക് സഹകരണ മേഖലയിലായിരുന്നു. 1928 ലാണു ബാങ്കിനെക്കുറിച്ച് അവിടെ ആലോചനകള്‍ തുടങ്ങിയത്. സഹകരണത്തെക്കുറിച്ചു പഠിച്ച ടൗണ്‍സെന്റ് കമ്മീഷന്റെ ശുപാര്‍ശയില്‍ ഭൂപണയ ബാങ്ക് സ്ഥാപിക്കുകയും ചെയ്തു. ഏതാനും പ്രാദേശിക ഭൂപണയ ബാങ്കുകള്‍ ചേര്‍ന്നുള്ള ഒരു കേന്ദ്ര ഭൂപണയ ബാങ്കാണു മദ്രാസിലുണ്ടായിരുന്നത്. അതതിടത്തെ കര്‍ഷകരാണു പ്രാദേശിക ബാങ്കുകളില്‍ അംഗങ്ങളായി ചേര്‍ന്നിരുന്നത്. തങ്ങളുടെ ഭൂമി പണയം വെച്ചാണു കര്‍ഷകര്‍ വായ്പക്ക് അപേക്ഷിക്കുക. ബാങ്ക് പ്രാദേശികമായി ഒരന്വേഷണം നടത്തി രേഖകള്‍ ലീഗല്‍ അഡ്വെസര്‍ മുമ്പാകെ വെയ്ക്കും. ലീഗല്‍ അഡ്വെസറുടെ ശുപാര്‍ശയടക്കമാണു ബാങ്കിന്റെ ഡയരക്ടര്‍ ബോര്‍ഡില്‍ കര്‍ഷകന്റെ അപേക്ഷയെത്തുക. ഡയരക്ടര്‍ ബോര്‍ഡ് തുടര്‍ന്ന് വായ്പ അനുവദിക്കും. ബാങ്കിനുള്ള ഫണ്ട് കണ്ടെത്തിയിരുന്നതു കടപ്പത്രങ്ങളും ഓഹരി മൂലധനവും നിക്ഷേപവും വഴിയായിരുന്നു.

പ്രത്യേക നിയമം വേണ്ട

തിരുവിതാംകൂര്‍ ഭൂപണയ ബാങ്കിനെ സഹകരണ സംഘം നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യണമോ എന്നതായിരുന്നു ഉയര്‍ന്നുവന്ന ചോദ്യം. തിരുവിതാംകൂര്‍ ബാങ്കിങ് അന്വേഷണ സമിതി ഇതൊരു സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്യണം എന്ന അഭിപ്രായക്കാരായിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ പരിഗണിച്ച ഇക്കണോമിക് ഡിപ്രഷന്‍ എന്‍ക്വയറി കമ്മിറ്റി വിഭിന്നാഭിപ്രായമാണു പ്രകടിപ്പിച്ചത്. ഭൂപണയ ബാങ്കിനെ ഒരു പ്രത്യേക നിയമത്തിന്‍ കീഴില്‍ കൊണ്ടുവരുന്നതാണു നല്ലത് എന്ന അഭിപ്രായമായിരുന്നു കമ്മിറ്റിക്ക്. ബ്രിട്ടീഷിന്ത്യയിലെ നിലവിലുള്ള സഹകരണ സംഘം നിയമത്തിനു കീഴിലാണു ഭൂപണയ ബാങ്ക് പ്രവര്‍ത്തിക്കേണ്ടത് എന്ന അഭിപ്രായമാണു കൃഷിക്കായുള്ള രാജകീയ കമ്മീഷന്‍ രേഖപ്പെടുത്തിയത്.

തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതിയുടെ അഭിപ്രായം ഭൂപണയ ബാങ്കിനായി തല്‍ക്കാലം പ്രത്യേക നിയമമൊന്നും വേണ്ടാ എന്നായിരുന്നു. കേന്ദ്ര തലത്തിലും പ്രാഥമിക തലത്തിലുമുള്ള ഭൂപണയ ബാങ്കുകളെ കൈകാര്യം ചെയ്യാന്‍ തിരുവിതാംകൂറിലെ നിയമം പ്രാപ്തമാണ് എന്ന അഭിപ്രായത്തിലാണു സമിതി എത്തിച്ചേര്‍ന്നത്.

സഹകരണ പാണ്ടികശാലകള്‍

ഇരുപതാം അധ്യായത്തില്‍ വിപണന പ്രശ്‌നവും അതിനു സഹകരണ മേഖലയില്‍ വേര്‍ഹൗസുകള്‍ ( പാണ്ടികശാല / പണ്ടകശാല ) തുറക്കാനുള്ള നിര്‍ദേശവുമാണു പ്രധാനമായു ചര്‍ച്ച ചെയ്യുന്നത്. ഗ്രാമങ്ങളുടെ അഭിവൃദ്ധിക്കു വിലങ്ങുതടിയായി നില്‍ക്കുന്നതു ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലെ പ്രശ്‌നങ്ങളാണെന്നാണു സഹകരണാന്വേഷണ സമിതിയുടെ അഭിപ്രായം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഈ പ്രശ്‌നം ഗൗരവത്തിലെടുത്തു പരിഹാരം കണ്ടെത്തുന്നുണ്ട്. എന്നാല്‍, തിരുവിതാംകൂറില്‍ പ്രശ്‌നപരിഹാരാലോചനകള്‍ തുടങ്ങുന്നതേയുള്ളു. ഈ പ്രശ്‌നത്തിനും സഹകരണ തലത്തില്‍ പരിഹാരം കാണാം എന്നതാണു പൊതുവേയുള്ള കാഴ്ചപ്പാട്. കുരുമുളക്, റബ്ബര്‍, തേയില, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വാണിജ്യവിളകളുടെയും കയര്‍, കയര്‍ പരവതാനി തുടങ്ങിയ വ്യാവസായികോല്‍പ്പന്നങ്ങളുടെയും വിപണനത്തിനു സഹകരണ മേഖലയെത്തന്നെ ശരണം പ്രാപിക്കണമെന്നാണു സമിതിയുടെ പൊതുവേയുള്ള ധാരണ. ഇങ്ങനെ ചെയ്യുന്നപക്ഷം ഇടത്തട്ടുകാരനെ ഒഴിവാക്കാനാവും.

സര്‍ക്കാരിന്റെ ഗ്രാന്റോടെ സഹകരണ മേഖലയില്‍ ഏതാനും പാണ്ടികശാലകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമാണു അന്വേഷണ സമിതി മുന്നോട്ടുവെക്കുന്നത്. ഇതു ചെറിയ തോതില്‍ മദ്രാസില്‍ പരീക്ഷിച്ചു വിജയിച്ചതാണെന്നു സമിതി ചൂണ്ടിക്കാട്ടുന്നു. സംഘാംഗങ്ങള്‍ക്കു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. അങ്ങനെ ഇടത്തട്ടുകാരന്റെ ശല്യമൊഴിവാക്കാം. ലൈസന്‍സോടുകൂടിയ പാണ്ടികശാലകള്‍ സഹകരണാടിസ്ഥാനത്തില്‍ വാണിജ്യ പട്ടണങ്ങളില്‍ , പ്രത്യേകിച്ച് ആലപ്പുഴയിലും കൊല്ലത്തും , സ്ഥാപിക്കണമെന്നു സഹകരണാന്വേഷണ സമിതി ശുപാര്‍ശ ചെയ്യുന്നു. ഈ പാണ്ടികശാലകള്‍ക്കുമേല്‍ സര്‍ക്കാരിന്റെ ഫലപ്രദമായ നിയന്ത്രണം വേണം. കുരുമുളക്, റബ്ബര്‍, തേയില, കയറുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ സൂക്ഷിക്കണം. ഇത്തരമൊരവസ്ഥ പട്ടണങ്ങളില്‍ വന്നുകഴിഞ്ഞാല്‍ ഗ്രാമങ്ങളിലും സഹകരണ മാര്‍ക്കറ്റിങ് സൊസൈറ്റികള്‍ രൂപവത്കരിക്കാന്‍ കര്‍ഷകരും ചെറുകിട വ്യവസായികളും താല്‍പ്പര്യമെടുക്കുമെന്നു സമിതി കരുതുന്നു. സഹകരണ പാണ്ടികശാലകള്‍ക്കു കഴിവുള്ള സര്‍ക്കാരുദ്യോഗസ്ഥരുടെ മേല്‍നോട്ടം ഏര്‍പ്പെടുത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു. ( തുടരും )

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!