തമിഴ്‌നാട്ടില്‍നിന്നു പാല്‍ സംഭരിക്കാനുള്ള അമുലിന്റെ നീക്കം തടയണം- സ്റ്റാലിന്‍

moonamvazhi

തമിഴ്‌നാട്ടില്‍ നിന്നു പാല്‍ സംഭരിക്കാനുള്ള നീക്കത്തില്‍നിന്നു ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരോല്‍പ്പന്ന ബ്രാന്‍ഡായ അമുലിനെ പിന്തിരിപ്പിക്കണമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്ര സഹകരണമന്ത്രി അമിത് ഷായ്ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. തങ്ങളുടെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ ലൈസന്‍സുപയോഗിച്ച് അമുല്‍ കൃഷ്ണഗിരി ജില്ലയില്‍ ചില്ലിങ് യൂണിറ്റുകളും സംസ്‌കരണ പ്ലാന്റും തുടങ്ങാന്‍ പദ്ധതിയിടുന്നതായി സ്റ്റാലിന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഇതിനു പുറമേ കൃഷ്ണഗിരി, ധര്‍മപുരി, വെല്ലൂര്‍, റാണിപെട്ട്, തിരുപ്പത്തൂര്‍, കാഞ്ചീപുരം, തിരുവള്ളുവര്‍ ജില്ലകളില്‍നിന്നു പാല്‍ സംഭരിക്കാനും അമുലിനു പദ്ധതിയുണ്ടെന്നു സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

അമുലിന്റെ നീക്കം സഹകരണാശയങ്ങള്‍ക്ക്് എതിരാണെന്നു സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ദശാബ്ദങ്ങളായി സഹകരണമേഖലയിലുള്ള ആവിന്‍സംഘത്തിന്റെ പാല്‍ശേഖരണമേഖലയിലേക്കുള്ള കടന്നുകയറ്റംകൂടിയാണിത് – അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ നീക്കത്തില്‍നിന്നു അമുലിനെ പിന്തിരിപ്പിക്കണമെന്നു അദ്ദേഹം അമിത് ഷായോട് ആവശ്യപ്പെട്ടു.

അമുലിന്റെ ഉടമസ്ഥരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( ജി.സി.എം.എം.എഫ് ) തമിഴ്‌നാട്ടില്‍നിന്നു പാല്‍ സംഭരിക്കാന്‍ ഒരുങ്ങുന്നതായി പത്രങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധര്‍മപുരി, വെല്ലൂര്‍, കൃഷ്ണഗിരി, തിരുവണ്ണാമലൈ, റാണിപേട്ട്, കാഞ്ചീപുരം ഉള്‍പ്പെടെയുള്ള വടക്കന്‍ജില്ലകളില്‍നിന്നു കര്‍ഷകരിന്‍നിന്നു പാല്‍ ആവശ്യപ്പെട്ടുകൊണ്ട് അമുലിന്റെ മാര്‍ക്കറ്റിങ് വിഭാഗം പരസ്യങ്ങള്‍ കൊടുത്തുതുടങ്ങിയതായാണു വാര്‍ത്തകള്‍. നെയ്യ്, മില്‍ക്ക്‌ഷെയ്ക്ക്, ഐസ്‌ക്രീം പോലുള്ള പാലുല്‍പ്പന്നങ്ങള്‍ക്കു അമുലിനു തമിഴ്‌നാട്ടില്‍ വിതരണക്കാരുണ്ട്. ഏജന്റുമാര്‍വഴി പാല്‍ സംഭരിക്കാന്‍ ഇതു രണ്ടാംതവണയാണ് അമുല്‍ ശ്രമിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പാണ് ഇത്തരമൊരു ശ്രമം നടത്തിയത്. പക്ഷേ, അന്നതു വിജയിച്ചില്ല. ഒരു ലിറ്റര്‍ പാലിനു തമിഴ്‌നാട് ക്ഷീരസഹകരണസംരംഭമായ ആവിന്‍ നല്‍കുന്നതിനേക്കാള്‍ ഒന്നോ രണ്ടോ രൂപ അധികം നല്‍കാമെന്നാണത്രെ അമുലിന്റെ ഓഫര്‍. അളക്കുന്ന പാലിന്റെ വില ഒന്നോ രണ്ടോ ദിവസത്തിനകം നല്‍കുമെന്നും മാസത്തിലൊരിക്കലോ മൂന്നുമാസം കൂടുമ്പോഴോ ഇന്‍സെന്റീവ് നല്‍കുമെന്നും വാഗ്ദാനമുണ്ടത്രെ.

അതേസമയം, തമിഴ്‌നാട്ടില്‍നിന്നു പാല്‍ സംഭരിക്കാന്‍ അമുലിനു പ്രതിനിധികളെ വെക്കാന്‍ തടസ്സമില്ലെന്നും എന്നാല്‍ ഗുജറാത്തിനു പുറത്ത് ഉത്തര്‍പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ചെയ്തതുപോലെ തമിഴ്‌നാട്ടില്‍ ഒരു സഹകരണസംഘം സ്ഥാപിക്കാന്‍ അവര്‍ക്കു കഴിയില്ലെന്നും ആവിന്‍ വ്യക്തമാക്കി. കാരണം, നിലവിലുള്ള നിയമമനുസരിച്ച് തമിഴ്‌നാട്‌സര്‍ക്കാര്‍ ഏജന്‍സിയായ തങ്ങള്‍ക്കുമാത്രമേ ഒരു സഹകരണസംഘം രൂപവത്കരിക്കാന്‍ കഴിയുകയുള്ളു – ആവിന്‍ അറിയിച്ചു. ലിറ്ററിനു 32 – 34 രൂപ തോതിലാണ് ആവിന്‍ കര്‍ഷകരില്‍നിന്നു പാല്‍ സംഭരിക്കുന്നത്.

തമിഴ്‌നാട്ടില്‍ നിത്യേന 2.2 കോടി ലിറ്റര്‍ പാലാണ് ആവശ്യമുള്ളത്. ഇതില്‍ ഒരു കോടി ലിറ്ററേ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നുള്ളു. ബാക്കി അയല്‍സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരികയാണ്. ആവിന്‍ നിത്യേന 33-35 ലക്ഷം ലിറ്റര്‍ പാലാണു സംഭരിക്കുന്നത്. അമുല്‍ പ്രതിദിനം 1.2 കോടി ലിറ്റര്‍ മുതല്‍ 1.3 കോടി ലിറ്റര്‍വരെ പാലാണു സംഭരിക്കുന്നത്. ഗുജറാത്തിനു പുറമേ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ ശേഖരിക്കുന്നുണ്ട്. അമുലിന്റെ പാലുല്‍പ്പന്നങ്ങളാവട്ടെ രാജ്യത്തെങ്ങും വില്‍ക്കുന്നുണ്ട്. പാല്‍വിപണിയില്‍ മത്സരമുണ്ടാകുന്നതു കര്‍ഷകര്‍ക്കു മെച്ചപ്പെട്ട വില കിട്ടാന്‍ സഹായിക്കുമെന്നാണു തമിഴ്‌നാട് ക്ഷീരോല്‍പ്പാദക ക്ഷേമസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായ എം.ജി. രാജേന്ദ്രന്റെ അഭിപ്രായം. ക്ഷീരകര്‍ഷകരുടെ ഉറച്ച പിന്തുണയുള്ളതുകൊണ്ട് അമുലിന്റെ രംഗപ്രവേശം തങ്ങള്‍ക്കു ഭീഷണിയാണെന്നു ആവിന്‍ ഉദ്യോഗസ്ഥര്‍ കരുതുന്നില്ല. മാത്രവുമല്ല, ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി ഒട്ടേറെ പുതിയ പദ്ധതികളും ആവിന്‍ ആവിഷ്‌കരിക്കുന്നുണ്ട്. നല്ല കറവയുള്ള രണ്ടു ലക്ഷം പശുക്കളെ വാങ്ങാനും കന്നുകാലി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ അമ്പതു ശതമാനം സബ്‌സിഡി നല്‍കാനും കാലിത്തീറ്റയും വൈക്കോലും കൂടുതല്‍ വിതരണം ചെയ്യാനുമുള്ള നടപടികള്‍ ഇവയില്‍പ്പെടും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!