ജൈവോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കാന്‍ അമുലിന്റെ നേതൃത്വത്തില്‍ 500 ലാബുകള്‍ സ്ഥാപിക്കുന്നു

moonamvazhi

ജൈവ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി സര്‍ട്ടിക്കറ്റ് നല്‍കാന്‍ രാജ്യമെങ്ങും അമുലിന്റെ നേതൃത്വത്തില്‍ 500 ലാബറട്ടറികള്‍ സ്ഥാപിക്കുമെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ അറിയിച്ചു. സര്‍ട്ടിഫിക്കേഷനായി അമുലും മറ്റു നാലു മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളും ചേര്‍ന്നു പുതിയൊരു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘമുണ്ടാക്കുമെന്നു മന്ത്രി അറിയിച്ചു.

ആസാമിലെ ഗുവാഹട്ടിയില്‍ വടക്കു കിഴക്കന്‍ കൗണ്‍സിലിന്റെ എഴുപതാമതു പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി അമിത് ഷാ. വടക്കു കിഴക്കന്‍ പ്രദേശങ്ങളുടെ സാംസ്‌കാരിക-ടൂറിസ-വികസനകാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രി ജി. കിഷന്‍ റെഡ്ഡി, കേന്ദ്ര സഹകരണ സഹമന്ത്രി ബി.എല്‍. വര്‍മ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

ജൈവ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി സാക്ഷ്യപത്രം നല്‍കിക്കഴിഞ്ഞാല്‍ അവയുടെ കയറ്റുമതിയും പുതുതായി രൂപം കൊള്ളുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം ഉറപ്പാക്കുമെന്നു അമിത് ഷാ പറഞ്ഞു. ഇതുവഴി കിട്ടുന്ന ലാഭം നേരിട്ടു കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു പോകും. രാജ്യമെങ്ങും സ്ഥാപിക്കുന്ന ലാബറട്ടറികള്‍ മണ്ണിന്റെയും ജൈവ ഉല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കും. രാജ്യത്തിനകത്തും പുറത്തും ജൈവ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് അമുല്‍ പ്രവര്‍ത്തിക്കും. ജൈവക്കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് ഇതുവഴി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു മുപ്പതു ശതമാനത്തിലധികം വില കൂടുതല്‍ ലഭിക്കും- അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച സിക്കിമിലെ ഗാങ്‌ടോക്കില്‍ ചേര്‍ന്ന കിഴക്കന്‍-വടക്കു കിഴക്കന്‍ സഹകരണ ഡെയറി ഉച്ചകോടി ഉദ്ഘാടനം ചെയ്തതും മന്ത്രി അമിത് ഷായാണ്. സഹകരണ മേഖലയിലെ ക്ഷീര സംഘങ്ങളുടെ ഇത്തരമൊരു സമ്മേളനം ഈ ഹിമാലയന്‍ സംസ്ഥാനത്തു ചേരാന്‍ കഴിയുമെന്നു ഒരു പതിനഞ്ചു കൊല്ലം മുമ്പ് ആര്‍ക്കും ഊഹിക്കാനാവുമായിരുന്നില്ല എന്നു അമിത് ഷാ അഭിപ്രായപ്പെട്ടു. സ്ത്രീശാക്തീകരണം, ദാരിദ്ര്യനിര്‍മാര്‍ജനം, കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പാലുല്‍പ്പാദനം മാത്രമാണു പോംവഴി. സിക്കിമിലെ ചെറുകിട കര്‍ഷകര്‍ പ്രതിദിനം രണ്ടു ലക്ഷം ലിറ്റര്‍ പാലുല്‍പ്പാദിപ്പിക്കുന്നു എന്ന വസ്തുത ഏറെ ആഹ്ലാദകരമാണ്- അമിത് ഷാ പറഞ്ഞു.

ഗുജറാത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തില്‍ സഹകരണ മേഖല പ്രധാന പങ്കു വഹിക്കുന്നുണ്ട്. അമുല്‍ ഫെഡറേഷനിലൂടെ അവിടെ 36 ലക്ഷം സ്ത്രീകള്‍ 56,000 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണുണ്ടാക്കുന്നത് – അമിത് ഷാ അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!