ജെം’ പോര്‍ട്ടല്‍; കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് വിലക്ക് വന്നേക്കും

Deepthi Vipin lal

കേന്ദ്രസര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ് പ്ലാറ്റ് ഫോമായ ജെം പോര്‍ട്ടലില്‍ സഹകരണ സംഘങ്ങളെ കൂടി ഉള്‍പ്പെടുത്തി തുടങ്ങി. എന്നാല്‍, കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ ഇതില്‍ ഉള്‍പ്പെടുത്തുന്നതിന് വിലക്ക് വന്നേക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ കേന്ദ്ര ഡിജിറ്റല്‍ ശൃംഖലയുടെ ഭാഗമായാല്‍ മാത്രമേ ജെം പോര്‍ട്ടിലില്‍ ഇടം നേടാന്‍ സാധ്യതയുള്ളൂ. സഹകരണ സംഘങ്ങളെ കേന്ദ്ര ഡിജിറ്റല്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രസഹകരണ നയം കേരളത്തിലെ സഹകരണ മേഖലയ്ക്ക് ദോഷകരമാകുമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. അതിനാല്‍, കേന്ദ്ര ഡിജിറ്റല്‍ പ്ലാറ്റ് ഫോം കേരളം ഉടന്‍ സ്വീകരിക്കാനിടയില്ല.

രാജ്യത്തെ സഹകരണ സംഘങ്ങളുടെ സമഗ്ര വിവരം ഉള്‍പ്പെടുത്തി കേന്ദ്ര ഡാറ്റസെന്റര്‍ സ്ഥാപിക്കാനാണ് കേന്ദ്രസഹകരണ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. ഈ ഡാറ്റ സെന്റര്‍ ജം പോര്‍ട്ടലുമായി ബന്ധിപ്പിക്കും. കേരളം കേന്ദ്ര ഡിജിറ്റല്‍ പ്ലാറ്റ് ഫോമിന്റെ ഭാഗമാകാന്‍ തയ്യാറല്ലെങ്കില്‍, ഇവിടുത്തെ സഹകരണ സംഘങ്ങള്‍ക്ക് നേരിട്ട് ജെം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നല്‍കുമോയെന്ന കാര്യം സംശയമാകും. വലിയ സഹകരണ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് തടസമുണ്ടാകില്ല. പ്രാഥമിക സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഈ സേവനം ലഭിക്കാനിടയില്ല.

ജൂണ്‍ ഒന്നിനാണ് കേന്ദ്രമന്ത്രിസഭ ജം പോര്‍ട്ടലില്‍ സഹകരണ സംഘങ്ങള്‍ക്ക് കൂടി രജിസ്‌ട്രേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. 300 സഹകരണ സ്ഥാപനങ്ങളെ കഴിഞ്ഞദിവസം ജെം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തി. 100 കോടിക്ക് മുതല്‍ വിറ്റുവരവോ നിക്ഷേപമോ ഉള്ള സംഘങ്ങളെയാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇഫ്‌കോ, ക്രിബ്‌കോ, നാഫെഡ്, അമൂല്‍, സാരസ്വത് കോഓപ്പറേറ്റീവ് ബാങ്ക് എന്നിവയില്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ മാനദണ്ഡം പാലിക്കാന്‍ കഴിയുന്ന കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ല.

കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ബോര്‍ഡുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ചരക്കുകയും സേവനങ്ങളും വാങ്ങുന്നതിനുള്ള ഓണ്‍ലൈന്‍ സംഭരണ മാര്‍ക്കാറ്റാണ് സര്‍ക്കാരിന്റെ ജെം ഇ-മാര്‍ക്കറ്റ്. 2016-ലാണ് ഇത് തുടങ്ങിയത്. ചെറുകിട സംരംഭകര്‍ക്കും ഉല്‍പന്ന സര്‍ക്കാരിന് വില്‍ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. 61,851 സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങള്‍ ഈ പോര്‍ട്ടല്‍ വഴിയാണ് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നത്. ഏകദേശം 48.75 ലക്ഷം വില്‍പനക്കാരും ജെം പോര്‍ട്ടലിന്റെ ഭാഗമാണ്. സാധനങ്ങളും സേവനങ്ങളുമായി 45 ഉല്‍പന്നങ്ങള്‍ പോര്‍ട്ടല്‍ വഴി ലഭ്യമാകുന്നുണ്ട്.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍ ഭേദഗതി അനുസരിച്ച് സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും ജെം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിതരണക്കാരില്‍ നിന്ന് വാങ്ങണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 25,000 രൂപവരെയുള്ള സാധനങ്ങള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിതരണക്കാരില്‍നിന്ന് വില, ഗുണമേന്മ, വിതരണം, എന്നി അടിസ്ഥാനമാക്കി നേരിട്ട് വാങ്ങാം. അതിന് മുകളിലാണങ്കെില്‍ ടെണ്ടര്‍ മുഖാന്തരം വാങ്ങണം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!