ചാലിയാര്‍കരയില്‍ ചരിത്രം തിരുത്തിയ ചുങ്കത്തറ ബാങ്കിന് അംഗീകാരം

- യു.പി. അബ്ദുള്‍ മജീദ്

645 അംഗങ്ങളുമായി 1961 ല്‍ തുടക്കം കുറിച്ച മലപ്പുറം ചുങ്കത്തറ സര്‍വീസ്
സഹകരണ ബാങ്കിലിപ്പോള്‍ 67,000 അംഗങ്ങളുണ്ട്. 255 കോടിയുടെ നിക്ഷേപവും
243 കോടി വായ്പയുമുള്ള ബാങ്കിനു ചുങ്കത്തറ അങ്ങാടിയിലെ മെയിന്‍ ബ്രാഞ്ചിനു
പുറമെ നാലു ബ്രാഞ്ചുകളുമുണ്ട്. ഫിസിയോ തെറാപ്പി സെന്റര്‍, മൂന്നു ജില്ലകള്‍ക്കു
പ്രയോജനപ്പെടുന്ന ടിഷ്യൂ കള്‍ച്ചര്‍ ലാബ് എന്നിവ ഇത്തവണ സഹകരണ വകുപ്പിന്റെ എക്‌സലന്‍സ് അവാര്‍ഡ് നേടിയ ചുങ്കത്തറ ബാങ്കിന്റെ പ്രത്യേകതകളാണ്.

 

പുതുമയുള്ള പരീക്ഷണങ്ങള്‍ നടത്തി വിജയം കണ്ട് ചാലിയാര്‍കരയിലെ കര്‍ഷകഗ്രാമത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ സഹകരണകൂട്ടായ്മക്കു സംസ്ഥാനതലത്തില്‍ അംഗീകാരം. ആറു പതിറ്റാണ്ടിലേറെക്കാലം സഹകരണ ബാങ്കിങ് സേവനരംഗത്തു നിറഞ്ഞുനില്‍ക്കുകയും അടുത്ത കാലത്തായി ഹൈടെക് സംരംഭങ്ങളുമായി മുന്നേറുകയും ചെയ്യുന്ന ചുങ്കത്തറ സര്‍വീസ് സഹകരണ ബാങ്കിനു സഹകരണവകുപ്പിന്റെ എക്‌സലന്‍സ് അവാര്‍ഡ് അര്‍ഹതക്കുള്ള അംഗീകാരമാണ്. ആധുനിക ബാങ്കിങ്‌സൗകര്യങ്ങള്‍ സാധാരണക്കാരിലെത്തിക്കുകയും അഞ്ഞൂറോളം സംയുക്ത ബാധ്യതാസംഘങ്ങള്‍ക്ക് ( ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ ) തൊഴില്‍സംരംഭങ്ങളൊരുക്കാന്‍ കോടികളുടെ ധനസഹായം നല്‍കുകയും ചെയ്തു ബാങ്കിങ്‌രംഗം ജനകീയമാക്കുന്നതില്‍ മുന്നിലാണു മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ ചുങ്കത്തറ സഹകരണ ബാങ്ക്. വിത്തു മുതല്‍ കൊയ്ത്തുവരെ എന്ന മുദ്രാവാക്യവുമായി കാര്‍ഷികരംഗത്തെ പരമ്പരാഗതരീതികളില്‍നിന്നു മാറി കോടികള്‍ മുടക്കി ബാങ്ക് ആരംഭിച്ച ടിഷ്യൂ കള്‍ച്ചര്‍ ലാബ് കേരളത്തില്‍ സഹകരണമേഖലയിലെ ആദ്യസംരംഭമാണ്. കൃഷിക്കാരെ സഹായിക്കാന്‍ അഗ്രിമാര്‍ട്ട്, അഗ്രി സൂപ്പര്‍ മാര്‍ക്കറ്റ്, അഗ്രി വര്‍ക്ക്‌ഷോപ്പ്, കര്‍ഷക സേവനകേന്ദ്രം, നഴ്‌സറി, വളം ഡിപ്പോ തുടങ്ങിയവയും ബാങ്ക് നന്നായി നടത്തുന്നു. ആധുനികസൗകര്യങ്ങളോടെ നീതി ലബോറട്ടറി, ഫിസിയോ തെറാപ്പി സെന്റര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ് സര്‍വീസ് എന്നിവ ആരോഗ്യരംഗത്തു ബാങ്കിന്റെ ചുവടുവെയ്പ്പാണ്.

1961 ലാണു ചുങ്കത്തറ സര്‍വീസ് സഹകരണ ബാങ്കിന്റെ തുടക്കം. കുറുമാമ്പൊയില്‍ അപ്പു, മരുതനാങ്കുഴി വര്‍ക്കി, മാമ്പള്ളി അലവിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 645 അംഗങ്ങളുമായി സംഘം റജിസ്റ്റര്‍ ചെയ്തു വാടകക്കെട്ടിടത്തില്‍ ഓഫീസ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പ്രദേശികമായി സ്വരൂപിച്ച നിക്ഷേപത്തുകകള്‍ ഭൂമി, സ്വര്‍ണം തുടങ്ങിയവയുടെ ഈടിന്മേല്‍ കര്‍ഷകര്‍ക്കു വായ്പയായി നല്‍കി മുന്നോട്ടുനീങ്ങിയ സംഘം 1990 നുശേഷം ബാങ്കിങ്‌രംഗത്തുണ്ടായ വലിയ മാറ്റങ്ങള്‍ക്കൊപ്പം മുന്നേറുകയായിരുന്നു. കോര്‍ ബാങ്കിങ്, എ.ടി.എം, ഫണ്ട് ട്രാന്‍സ്ഫര്‍, ഡിമാന്റ് ഡ്രാഫ്റ്റ്, ഇ. പാസ് ബുക്ക്, ലോക്കര്‍ തുടങ്ങി വാണിജ്യബാങ്കുകള്‍ നല്‍കുന്ന എല്ലാ സൗകര്യങ്ങളും ചുങ്കത്തറ ബാങ്കും വര്‍ഷങ്ങളായി നല്‍കുന്നുണ്ട്. 67,000 അംഗങ്ങളും 255 കോടിയുടെ നിക്ഷേപവും 243 കോടി വായ്പയുമുള്ള ബാങ്കിനു ചുങ്കത്തറ അങ്ങാടിയിലെ മെയിന്‍ ബ്രാഞ്ചിനു പുറമെ എരുമമുണ്ട, പള്ളിക്കുത്ത്, സുല്‍ത്താന്‍പടി, വടക്കേകൈ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുമുണ്ട്. 46 സ്ഥിരം ജീവനക്കാരടക്കം നൂറോളം പേര്‍ ബാങ്കിന്റെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്. ബാങ്കിലും അനുബന്ധസ്ഥാപനങ്ങളിലും പിന്തുടരുന്ന പ്രൊഫഷണലിസം ചുങ്കത്തറ ബാങ്കിന്റെ വളര്‍ച്ചയില്‍ പ്രധാന ഘടകമാണ്. ചുങ്കത്തറ അങ്ങാടിയില്‍ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്താണു ബാങ്കിന്റെ ഹെഡ് ഓഫീസ്, മെയില്‍ ബ്രാഞ്ച് എന്നിവയും കാര്‍ഷിക- ആരോഗ്യമേഖലയിലെ അനുബന്ധസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.

ടിഷ്യൂ കള്‍ച്ചര്‍
ലാബ്

വാണിജ്യാടിസ്ഥാനത്തില്‍ കൃഷി നടത്താന്‍ അത്യുല്‍പ്പാദനശേഷിയുള്ള തൈകള്‍ അനിവാര്യമാണ്. ശാസ്തീയമായി മികച്ച തൈകള്‍ തയാറാക്കുന്ന ടിഷ്യൂ കള്‍ച്ചര്‍ ലാബുകള്‍ വടക്കന്‍ കേരളത്തില്‍ കുറവായതിനാല്‍ കര്‍ഷകര്‍ പരമ്പരാഗതരീതിയില്‍ തൈകള്‍ ശേഖരിച്ച് കൃഷി ചെയ്യുകയാണ്. ഇത് ഉല്‍പ്പാദനക്ഷമതയെ ബാധിക്കുന്നു. മാതൃസസ്യത്തിന്റെ കോശമോ കലയോ ഭാഗമോ സസ്യത്തില്‍ നിന്നു വേര്‍പ്പെടുത്തി അണുവിമുക്തമായ സാഹചര്യത്തില്‍ അനുയോജ്യമായ മാധ്യമങ്ങളില്‍ വളര്‍ത്തി തൈകളാക്കി മാറ്റുന്നതാണു ടിഷ്യൂ കള്‍ച്ചര്‍ രീതി. ഇതിനു വലിയ മുതല്‍മുടക്ക് ആവശ്യമായതിനാലാണു സര്‍ക്കാരും സ്വകാര്യമേഖലയും പലപ്പോഴും ഈ രീതിയോടു പുറംതിരിഞ്ഞു നില്‍ക്കുന്നത്. രണ്ടര കോടിയോളം രൂപ മുടക്കി ചുങ്കത്തറ ബാങ്ക് മുന്നു വര്‍ഷം മുമ്പു തുടങ്ങിയ ടിഷ്യൂ കള്‍ച്ചര്‍ ലാബിന്റെ സേവനം മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കു ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ആധുനികസൗകര്യങ്ങളുളള ലാബില്‍ 14 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്ക് ഏറ്റവും ആവശ്യമായ വാഴത്തൈകള്‍ തയാറാക്കുന്നതിനാണു ലാബ് മുന്‍ഗണന നല്‍കുന്നത്. നേന്ത്രന്‍, പൂവന്‍, ഞാലിപ്പൂവന്‍, മേട്ടുപ്പാളയം, ക്വിന്റല്‍, തേനി, മഞ്ചേരി കുള്ളന്‍, റോബസ്റ്റ, ജി-9 , ചെങ്കദളി തുടങ്ങിയ ഇനം വാഴകളുടെ ആയിരക്കണക്കിനു തൈകള്‍ ഇതിനകം തയാറാക്കി വിതരണം നടത്തുകയുണ്ടായി.

മാതൃസസ്യത്തിന്റെ തനതു ഗുണങ്ങളെല്ലാംതന്നെ തൈകള്‍ക്കും ലഭിക്കുന്നതും ഒരേസമയം വിളവെടുക്കാനാവുന്നതും ഉല്‍പ്പാദനക്ഷമതയും രോഗപ്രതിരോധ ശേഷിയുമാണു ടിഷ്യൂ കള്‍ച്ചര്‍ തൈകളുടെ പ്രത്യേകത. എന്നാല്‍, ഇത്തരം തൈകള്‍ ലഭിക്കാത്തതിനാലാണു കൃഷിക്കാര്‍ സാധാരണ കന്നുകള്‍ ഉപയോഗിക്കുന്നത്. ഓര്‍ക്കിഡ്, ആന്തൂറിയം, സിങ്കോണിയം തുടങ്ങിയ അലങ്കാരച്ചെടികളുടെ തൈകളും ലാബില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പൂര്‍ണമായും അണുവിമുക്തമാക്കിയ ശീതീകരിച്ച ലാബ്‌സൗകര്യം ടിഷ്യൂ കള്‍ച്ചര്‍ ലാബിന് അത്യാവശ്യമാണ്. മാതൃസസ്യം കണ്ടെത്തി ടിഷ്യു കള്‍ച്ചര്‍ ചെയ്യാനുള്ള എക്‌സ്പ്ലാന്റ് എന്നുപറയുന്ന സസ്യഭാഗം വേര്‍പെടുത്തി അണുവിമുക്തമാക്കുന്നു. സസ്യവളര്‍ച്ചക്കുള്ള മൂലകങ്ങള്‍ ഉള്‍ക്കൊളളുന്ന മീഡിയ തയാറാക്കി പ്രത്യേക പാത്രങ്ങളിലാക്കി കീടാണുമുക്തമാക്കുന്നു. സസ്യഭാഗം മീഡിയയിലേക്കു കീടാണുവിമുക്ത അന്തരീക്ഷത്തില്‍ മാറ്റുന്നു. താപവും പ്രകാശവും ജലസാന്ദ്രതയും നിയന്ത്രിച്ച ഗ്രോത്ത് മുറിയില്‍ ട്യൂബുകള്‍ സൂക്ഷിച്ച് ആഴ്ചകള്‍ക്കുശേഷം മള്‍ട്ടിപ്ലിക്കേഷന്‍ സ്റ്റേജില്‍ ചെടികളുടെ എണ്ണം കള്‍ച്ചര്‍ ട്രാന്‍സ്ഫര്‍ മുറിയില്‍ വെച്ചു വീണ്ടും വര്‍ധിപ്പിക്കുന്നു. ഒരു കോശത്തില്‍ നിന്നു പലതവണയായി ആയിരത്തിലധികം ചെടികള്‍ ഉല്‍പ്പാദിപ്പിക്കും. പിന്നീട് വേരു പിടിപ്പിക്കുന്ന റൂട്ടിങ് സ്റ്റേജും കഴിഞ്ഞാണ് അന്തരീക്ഷവുമായി പാകപ്പെടുത്തുന്ന രണ്ടുഘട്ട ഹാര്‍ഡനിങ്. അവസാനഘട്ടത്തില്‍ തൈകള്‍ പുറത്തേക്കു മാറ്റി പ്രത്യേകം തയാറാക്കിയ പോളിഹൗസുകളില്‍ പരിചരിച്ച് കര്‍ഷകര്‍ക്കു നല്‍കുന്നു

അഗ്രിമാര്‍ട്ട് മുതല്‍
തൂമ്പപ്പണി വരെ

കാര്‍ഷികമേഖലയില്‍ യന്ത്രവത്കരണത്തിന്റെ പ്രാധാന്യം കര്‍ഷകരെ ബോധ്യപ്പെടുത്താനും യന്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാനുമുള്ള സംരംഭമാണ് അഗ്രി മാര്‍ട്ട്. കാര്‍ഷികജോലികള്‍ക്കും ജലസേചനത്തിനും ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ ഷോ റൂം ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന കമ്പനികളുടെ യന്ത്രങ്ങളാണ് ഇവിടെ വില്‍പ്പനക്കുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ സ്മാം പദ്ധതിപ്രകാരം സബ്‌സിഡിയോടെ യന്ത്രങ്ങള്‍ വാങ്ങാനുളള രജിസ്‌ട്രേഷന്‍സൗകര്യവും അഗ്രി മാര്‍ട്ടിലുണ്ട്. കാര്‍ഷികയന്ത്രങ്ങള്‍ കേടാവുമ്പോള്‍ റിപ്പയറിങ്ങിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ബാങ്ക് നടത്തുന്ന സ്ഥാപനമാണ് അഗ്രി വര്‍ക്ക്‌ഷോപ്പ്. നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള സമീപപ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകരും അഗ്രി വര്‍ക്ക്‌ഷോപ്പിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. കൃഷിക്കാവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്ന അഗ്രി സൂപ്പര്‍ മാര്‍ക്കറ്റിലും നല്ല വിറ്റുവരവുണ്ട്. ചെടിച്ചട്ടികള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, ഷേഡ് നെറ്റുകള്‍, വെള്ളം നനയ്ക്കുന്നതിനുള്ള വിവിധ ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവ മിതമായ വിലയ്ക്കു സൂപ്പര്‍ മാര്‍ക്കില്‍ ലഭിക്കും.

ബ്ലോക്കടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുവദിച്ച കര്‍ഷക സേവനകേന്ദ്രത്തിന്റെ നടത്തിപ്പ് ചുങ്കത്തറ സഹകരണ ബാങ്കിനാണ്. ഫലവൃക്ഷ- പഴവര്‍ഗച്ചെടികള്‍, അലങ്കാരച്ചെടികള്‍ തുടങ്ങിയവയുടെ വലിയ ശേഖരം സേവനകേന്ദ്രത്തിന്റെ ഭാഗമായ നഴ്‌സറിയിലുണ്ട്. മാവ്, പ്ലാവ്, തെങ്ങ്, കമുങ്ങ് തുടങ്ങിയ വിവിധയിനം തൈകള്‍ ഒരുക്കിയിട്ടുണ്ട്. ഇരുനൂറോളം വിദേശ പഴവര്‍ഗച്ചെടികളുടെ തൈകളുണ്ട്. മഴമറ, പോളിഹൗസ്, ഡ്രിപ്പ് ഇറിഗേഷന്‍, തിരിനന, സ്പ്രിംഗ്‌ളര്‍ എന്നിവയുടെ സജ്ജീകരണജോലികള്‍ ഏറ്റെടുക്കുന്നുണ്ട്. കര്‍ഷകരുടെ നിലം ഉഴുന്നതിനു ട്രാക്ടറുകളുണ്ട്. വര്‍ഷങ്ങളായി തരിശിടുന്ന സ്ഥലങ്ങളും റബ്ബര്‍ പോലുള്ള നാണ്യവിളകള്‍ വെട്ടി ഒഴിവാക്കുന്ന സ്ഥലങ്ങളും ഏറ്റെടുത്തു ഭൂമി പാകപ്പെടുത്തി ഉടമകള്‍ ആവശ്യപ്പെടുന്ന കൃഷി ചെയ്തു തിരിച്ചേല്‍പ്പിക്കുന്ന പദ്ധതിയും ബാങ്ക് നടപ്പാക്കുന്നുണ്ട്. കാര്‍ഷികജോലികള്‍ ചെയ്യാന്‍ പത്തു തൊഴിലാളികള്‍ ബാങ്കിന്റെ കീഴിലുണ്ട്. വലിയ മണ്ണുമാന്തിയന്ത്രങ്ങളും ട്രാക്ടറുകളും ഉപയോഗിച്ചാണു ഭൂമി കൃഷിയോഗ്യമാക്കുന്നത്. ചുങ്കത്തറയിലേയും സമീപ പഞ്ചായത്തുകളിലേയും നൂറുകണക്കിന് ഏക്കര്‍ സ്ഥലം ബാങ്ക് ഇതിനകം ഏറ്റെടുത്തു കൃഷി ചെയ്തിട്ടുണ്ട്. ഇത്തരം ഭൂമിയിലെ കൃഷിയുടെ പിന്നീടുള്ള സംരക്ഷണജോലികളും ഏറ്റെടുക്കുന്നുണ്ട്.

ബാങ്കിന്റെ വളം ഗോഡൗണും വില്‍പ്പനകേന്ദ്രവും നിലമ്പൂര്‍ ബ്ലോക്കിലെ കൃഷിഭവനുകളും കര്‍ഷകരും ഉപയോഗപ്പെടുത്തുന്നുണ്ട്. മണ്ണ് പരിശോധനാസൗകര്യം കൃത്യമായ ഇടവേളകളില്‍ എര്‍പ്പെടുത്താറുണ്ട്. ഹരിതം സഹകരണം പോലുള്ള വകുപ്പുതല പദ്ധതികളും മാതൃകാപരമായി നടപ്പാക്കി ബാങ്ക് പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. കാര്‍ഷികമേഖലയിലെ മികച്ച സ്ഥാപനങ്ങളും ഫാമുകളും സന്ദര്‍ശിക്കാന്‍ കര്‍ഷകര്‍ക്കു സൗകര്യമൊരുക്കാറുണ്ട്.

ഫിസിയോ തെറാപ്പി
സെന്റര്‍

 

ആരോഗ്യമേഖലയില്‍ ചുങ്കത്തറ ബാങ്കിന്റെ മാതൃകാസ്ഥാപനമാണു ഫിസിയോ തെറാപ്പി സെന്റര്‍. ദിവസം ഇരുപത്തിയഞ്ചോളം രോഗികള്‍ക്ക് ഇവിടെ തെറാപ്പി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ആധുനികയന്ത്രങ്ങളും പരിചയസമ്പന്നരായ ജീവനക്കാരുമുള്ള തെറാപ്പി സെന്ററില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഇളവുകള്‍ നല്‍കുന്നുണ്ട്. കിടപ്പുരോഗികള്‍ക്ക് അവരുടെ വീട്ടിലെത്തി തെറാപ്പി സേവനങ്ങള്‍ നല്‍കാനും സംവിധാനമുണ്ട്. ബാങ്കിന്റെ കീഴിലുള്ള മെഡിക്കല്‍ ലാബില്‍ ആധുനിക യന്ത്രങ്ങളുടെ സഹായത്താല്‍ പരിശോധനകള്‍ നടത്തുന്നതിനാല്‍ ടെസ്റ്റ് റിസള്‍ട്ടില്‍ കൃത്യത ഉറപ്പു വരുത്താന്‍ കഴിയുന്നു. കുറഞ്ഞ നിരക്കില്‍ ലാബ് സേവനം നല്‍കുന്നതിനാല്‍ ഈ രംഗത്തു സ്വകാര്യസ്ഥാപനങ്ങളുടെ ചൂഷണം തടയാനും ബാങ്കിനു കഴിഞ്ഞിട്ടുണ്ട്. എഴു പേര്‍ക്കു ലാബില്‍ ജോലി നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ മറ്റൊരു സംരംഭമായ നീതി മെഡിക്കല്‍ സ്റ്റോറിനും നാട്ടുകാരുടെ നല്ല പിന്തുണ ലഭിക്കുന്നുണ്ട്. മരുന്നുവിലയില്‍ വലിയ കിഴിവ് നല്‍കാന്‍ കഴിയുന്നതാണു രോഗികള്‍ക്ക് ആശ്വാസമാവുന്നത്. രണ്ട് ആംബുലന്‍സും ബാങ്കിന്റെ കീഴിലുണ്ട്.

ജനകീയ
ബാങ്കിങ്

ബാങ്കിങ്ങിതര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവില്‍ ശ്രദ്ധ പിടിച്ചു പറ്റുമ്പോഴും ബാങ്കിങ്‌രംഗത്തു മലപ്പുറം ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കുകളെ പിന്നിലാക്കുന്ന പദ്ധതികള്‍ ചുങ്കത്തറ ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. 2020-21 ല്‍ നബാര്‍ഡിന്റെ അവാര്‍ഡ് നേടിയ ജോയന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെ.എല്‍.ജി) വായ്പാപദ്ധതി വഴി അഞ്ഞൂറോളം ഗ്രൂപ്പുകള്‍ക്ക് 13.5 കോടി രൂപയാണു വായ്പ നല്‍കിയത്. മൂന്നു ലക്ഷം രൂപ വരെ വായ്പ വാങ്ങി ചെറുകിട സംരംഭങ്ങള്‍ തുടങ്ങി ഉപജീവനത്തിനു വഴി കണ്ടെത്തിയവര്‍ നിരവധിയാണ്. വായ്പത്തുക പ്രതിമാസഗഡുക്കളായി അഞ്ചു വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. തിരിച്ചടവിന്റെ കാര്യത്തിലും ഈ പദ്ധതി വളരെ മുന്നിലാണ്. ഒരു സര്‍വീസ്ചാര്‍ജും ഈടാക്കാതെയാണ് ഈ വായ്പയുടെ കാര്യത്തില്‍ ബാങ്കിന്റെ സേവനം. ഗ്രൂപ്പ് അംഗങ്ങളുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു ബോധവത്കരണം നടത്തുന്നതു നല്ല ഫലം ചെയ്തിട്ടുണ്ട്. കര്‍ഷകര്‍ക്കു പലിശരഹിതവായ്പ നല്‍കുന്നതിലും ചുങ്കത്തറ ബാങ്ക് മുന്നിലാണ്. ഗ്രൂപ്പ്‌നിക്ഷേപ പദ്ധതികളും കാര്യക്ഷമമായി നടത്തുന്നുണ്ട്. നിക്ഷേപസമാഹരണത്തിനും കുടിശ്ശിക നിവാരണത്തിനും ഭരണസമിതിയും ജീവനക്കാരും സജീവമായി രംഗത്തിറങ്ങുന്നതിനാല്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. വായ്പക്കുടിശ്ശിക ശതമാനം തീരെ കുറഞ്ഞ ബാങ്കുകളുടെ പട്ടികയിലാണു ചുങ്കത്തറ ബാങ്ക്.

ക്ഷേമ
പദ്ധതികള്‍

വിവിധ ക്ഷേമപദ്ധതികളുടെ നടത്തിപ്പിലും ചുങ്കത്തറ ബാങ്ക് ശ്രദ്ധിക്കുന്നുണ്ട്. അംഗങ്ങള്‍ക്ക് അപകട ഇന്‍ഷൂറന്‍സ് പദ്ധതി, വായ്പയെടുത്തവര്‍ക്കു പ്രത്യേക ഇന്‍ഷൂറന്‍സ് പദ്ധതി, സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി, മാരകരോഗങ്ങള്‍ ബാധിച്ച അംഗങ്ങള്‍ക്കു ചികിത്സാസഹായം തുടങ്ങിയവ നടപ്പാക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിക്കാലത്തു 30 ലക്ഷത്തോളം രൂപ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിച്ചിട്ടുണ്ട്. പ്രളയകാലത്തും ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു ബാങ്ക് മുന്നിട്ടിറങ്ങിയിരുന്നു. വിദ്യാഭ്യാസ അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും എല്ലാ വര്‍ഷവും നല്‍കിവരുന്നു. ജീവനക്കാര്‍ക്കു പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു സേവനത്തിലെ കാര്യക്ഷമത ഉറപ്പു വരുത്തുന്നുണ്ട്. ബാങ്കിലും ബാങ്കിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും വരുന്ന ആളുകളോടു നന്നായി പെരുമാറാനും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സേവനം നല്‍കാനും ജീവനക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്.

പ്രമുഖ സഹകാരിയും കോണ്‍ഗ്രസ് നേതാവുമായ എ.യു. സെബാസ്റ്റ്യനാണു ബാങ്കിന്റെ പ്രസിഡന്റ്. മുസ്ലിം ലീഗ് നേതാവും എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ ബാങ്ക് മുന്‍ മാനേജറുമായ കെ.ടി. കുഞ്ഞാന്‍ വൈസ് പ്രസിഡന്റാണ്. ടി. അബ്ദുള്‍ മജീദ്, കെ. ആലിയാപ്പു, എന്‍. അനില്‍, പോള്‍ ആശ്രം, ഇ. സത്യന്‍, ടി.എം. വര്‍ഗീസ്, കെ. ഫസീല മോള്‍, എം. നസീറ, എം.സി. സുനിത മോള്‍ എന്നിവര്‍ ഡയറക്ടര്‍മാരാണ്. ഹാന്‍സ് ജേക്കബാണു സെക്രട്ടറി.

 

                                                                            (മൂന്നാംവഴി സഹകരണ മാസിക ആഗസ്റ്റ് ലക്കം 2023)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!