ക്ഷീര സംഘങ്ങള്‍ക്ക് നികുതി: കേന്ദ്ര സര്‍ക്കാരിനെപരാതി അറിയിച്ചു
ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം ക്ഷീര കര്‍ഷകരെയും സംഘങ്ങളെയും തകര്‍ക്കുന്നതാണെന്ന പരാതിയുമായി കേരള സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്ര ക്ഷീര വികസനമന്ത്രിയെ നേരിട്ട് കണ്ട് മന്ത്രി കെ. ചിഞ്ചുറാണി അറിയിച്ചു. സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്. പിടിക്കുന്നത് ഒഴിവാക്കണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം. കേന്ദ്രധനമന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ നിവേദനവും നല്‍കിയിട്ടുണ്ട്.
ആദായ നികുതി വകുപ്പിലെ 194 ക്യൂ വകുപ്പ് അനുസരിച്ച് ക്ഷീരസംഘങ്ങളെയും നികുതിയുടെ പരിധിയിലാക്കിയുള്ള അറിയിപ്പ് 2021 ജൂണ്‍ 30 നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് സര്‍ക്കുലറിലൂടെ വ്യക്തമാക്കിയത്. യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമാണ് നികുതി. ഇതില്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുള്ളത്. അതിനാല്‍, കേന്ദ്ര നിയമത്തിലുണ്ടായ ഭേദഗതി ക്ഷീരമേഖലയെ ദോഷമായി ബാധിക്കുമെന്നതിനാല്‍ പിന്‍വലിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിവേദനമാണ് കേന്ദ്ര ധനമന്ത്രിക്ക് കൈമാറിയത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പ് കേന്ദ്ര ക്ഷീര വികസന മന്ത്രി സംസ്ഥാന ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക് നല്‍കിയിട്ടുണ്ട്.
ഒരു വ്യാപാര സ്ഥാപനത്തിന്റെ ലാഭത്തില്‍നിന്നാണ് വരുമാന നികുതി ഈടാക്കാറുള്ളത്. ക്ഷീരസംഘങ്ങളുടെ വരുമാനത്തില്‍ നിന്നാണ് കര്‍ഷകര്‍ക്ക് പാല്‍ വിലനല്‍കുന്നത്. ബാക്കിയുള്ള തുക സംഘത്തിന്റെ ചെലവുകള്‍ നടത്തുന്നതിനും സഹകരണ നിയമമനുസരിച്ച് മാറ്റിവെക്കേണ്ട റിസര്‍വ് ഫണ്ടുകള്‍ക്കും ഉപയോഗിക്കും. എഡ്യുക്കേഷന്‍ ഫണ്ട്, പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫണ്ട്, കന്നുകാലി വികസന നിധി, പൊതുനന്മാ ഫണ്ട് എന്നിവയാണ് പ്രധാന റിസര്‍വ് ഫണ്ടുകള്‍. ബാക്കിവരുന്ന തുക പാലളക്കുന്ന കര്‍ഷകന് ഉല്‍പാദന ബോണസായി നല്‍കും. ഇതെല്ലാം കഴിഞ്ഞാല്‍ ഭൂരിപക്ഷം സംഘത്തിനും ലാഭമെന്ന നിലയില്‍ നീക്കിയിരിപ്പ് ഒന്നുമുണ്ടാകാറില്ല. ഈ ഘട്ടത്തിലാണ് ആദായനികുതി കൂടി ക്ഷീരസംഘങ്ങള്‍ക്ക് ചുമത്താന്‍ കേന്ദ്രം തീരുമാനിച്ചത്. മൊത്തം വിറ്റുവരവ് 50 ലക്ഷത്തില്‍ അധികരിക്കുന്ന സംഘങ്ങള്‍ ഉറവിടത്തില്‍നിന്നുതന്നെ നികുതി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇത് നടപ്പായാല്‍ സംഘത്തിന്റെ മൊത്തം സാമ്പത്തിക സ്ഥിതി താളം തെറ്റുകയും കര്‍ഷകന് ഉല്‍പാദന ബോണസ് പോലും കിട്ടാതാവുകയും ചെയ്യുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്.