കോവിഡ് രോഗം കൂടി ഉള്‍പ്പെടുത്തി റിസ്‌ക് ഫണ്ട് നിയമാവലി മാറ്റുന്നത് പരിഗണനയില്‍

Deepthi Vipin lal

മാരക രോഗം ബാധിച്ചവരെ സഹായിക്കാനായി തയ്യാറാക്കിയ റിസ്‌ക് ഫണ്ട് കോവിഡ് ബാധിതര്‍ക്ക് കൂടി ബാധകമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിയമാവലിയില്‍ മാറ്റം വരുത്തുന്നത് പരിശോധിക്കുമെന്ന് സഹകരണ
മന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കി.

സഹകരണ മേഖലയില്‍ ഏറ്റവും ആശ്വാസകരമായ പദ്ധതിയാണ് റിസ്‌ക് ഫണ്ട്. കോവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെപ്പേര്‍ ദുരിതമനുഭവിക്കുന്നുണ്ട്. മരണം സംഭവിച്ചവരുമുണ്ട്. എന്നാല്‍, റിസ്‌ക് ഫണ്ടിന്റെ ആനുകൂല്യം കോവിഡ് ബാധിതര്‍ക്ക് നിലവില്‍ ലഭ്യമാകില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടി പദ്ധതിയുടെ നിയമാവലിയില്‍ മാറ്റംവരുത്തണമെന്ന ആവശ്യം കല്യാശ്ശേരി മണ്ഡലം എം.എല്‍.എ. എം.വിജിനാണ് സഹകരണ മന്ത്രിയ്ക്ക് മുമ്പില്‍ വെച്ചത്. എം.എല്‍.എ.യ്ക്ക് നല്‍കിയ മറുപടിയിലാണ് നിയമാവലി കാലാനുസൃതമായി മാറ്റുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയത്.

സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാസഹകരണ ബാങ്ക്, അര്‍ബന്‍ സഹകരണബാങ്കുകള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍, എംപ്ലോയീസ് ക്രഡിറ്റ് സഹകരണ സംഘങ്ങള്‍, ഇതര വായ്പ സഹകരണ സംഘങ്ങള്‍ എന്നിവയില്‍നിന്ന് നല്‍കുന്ന കാര്‍ഷികേതര വായ്പകള്‍ക്കാണ് റിസ്‌ക് ഫണ്ട് ആനുകൂല്യം ലഭിക്കുന്നത്. വായ്പ എടുത്തയാള്‍ വായ്പ കാലാവധിക്കുള്ളിലോ കാലാവധി കഴിഞ്ഞ് ആറുമാസത്തിനുള്ളിലോ മരിക്കുകയോ, ഗുരുതര രോഗം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ആനുകൂല്യം അനുവദിക്കുന്നത്.

ഏതൊക്കെ രോഗം ബാധിച്ചാലാണ് ആനുകൂല്യം നല്‍കുകയെന്ന് പദ്ധതിയുടെ നിയമാവലിയില്‍ വിശതമാക്കിയിട്ടുണ്ട്. ഇതില്‍ കോവിഡ് ഇല്ല. നിയമാവലി തയ്യാറാക്കുമ്പോള്‍ കോവിഡ് എന്ന മഹാമാരി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ടായിരുന്നില്ല. രണ്ടുലക്ഷം രൂപവരെയാണ് പദ്ധതി അനുസരിച്ച് സഹായധനമായി ലഭിക്കുക. ഇത് കോവിഡ് ബാധിച്ചയാള്‍ക്കും ബാധകമാക്കണമെന്നതാണ് ആവശ്യം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!