കോഴിക്കോട് മുൻ മേയറും സിപിഎം നേതാവും പ്രമുഖ സഹകാരിയുമായ എം. ഭാസ്കരൻ അന്തരിച്ചു:സംസ്കാരം നാളെ രാവിലെ 9നു.

adminmoonam

പ്രമുഖ സഹകാരിയും കോഴിക്കോട് മുൻ മേയറും സിപിഎം നേതാവുമായ എം. ഭാസ്കരൻ അന്തരിച്ചു.80 വയസ്സായിരുന്നു. ഉച്ചയ്ക്ക് 12 ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. മികച്ച സംഘാടകനും അതിലുപരി കോഴിക്കോട് ടൗൺ സഹകരണ ബാങ്കിന്റെ ശിൽപികളിൽ ഒരാളുമായിരുന്ന അദ്ദേഹം പൊതുപ്രവർത്തനരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. റബ്ക്കോ ഡയറക്ടർ, കോഴിക്കോട് ടൗൺ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുകയായിരുന്നു. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി മെമ്പർ ആണ്. കുറച്ചുനാളായി കരൾരോഗം അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

പ്രമുഖ സഹകാരിയായ ഭാസ്‌കരൻ കോഴിക്കോട്‌ ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്‌, കലിക്കറ്റ്‌ ടൗൺ സർവീസ്‌ സഹകരണബാങ്ക്‌ എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. റബ്‌കോ വൈസ് ‌ചെയർമാനുമായിരുന്നു. ദേശാഭിമാനിയിൽ ദീർഘകാലം ജീവനക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്‌. ആദ്യം കമ്പോസിങ്‌ വിഭാഗത്തിലും പിന്നീട്‌ ക്ലറിക്കൽ ജീവനക്കാരനുമായി. മികച്ച സംഘാടകനായ അദ്ദേഹം ദീർഘകാലം സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം, കോഴിക്കോട്‌ നോർത്ത്‌ ഏരിയാസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.സിഐടിയു, ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ(സിഐടിയു) ജില്ലാപ്രസിഡന്റായിരുന്നു. നാലുതവണ കോർപറേഷൻ കൗൺസിലറായിരുന്നു. കോർപറേഷൻ ആരോഗ്യ–വിദ്യാഭ്യാസ സ്‌റ്റാൻഡിംങ്‌ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. 2005 മുതൽ അഞ്ചുവർഷം‌ കോഴിക്കോട്‌ മേയറായി. നായനാർ മേൽപ്പാലം, അരയിടത്തുപാലം–എരഞ്ഞിപ്പാലം ബൈപാസ്‌ എന്നിങ്ങനെ നഗരത്തിന്റെ മുഖച്ഛായ മാറ്റിയ വികസനപദ്ധതികൾ നടപ്പാക്കിയ നഗരഭരണാധിപനായിരുന്നു. റിട്ടയേർഡ് അധ്യാപികയായ സുമതി ആണ് ഭാര്യ. വരുൺ,സിന്ധു എന്നിവർ മക്കളാണ്.

മൃതദേഹം ഇന്ന് വൈകീട്ട് 3 മണി മുതൽ 4 വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വെക്കും. 4 മുതൽ അഞ്ചര വരെ ടൗൺഹാളിലും പൊതുദർശനമുണ്ടാകും. നാളെ രാവിലെ 9 ന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!