കോഴിക്കോട് താലൂക്കിലെ സംഘങ്ങള്‍ പത്ത് ഏക്കറില്‍ കൃഷി ചെയ്യും

Deepthi Vipin lal

കോഴിക്കോട് താലൂക്കിലെ സഹകരണ സംഘങ്ങള്‍ ഒത്തുചേര്‍ന്നു ചേവായൂര്‍ ഗവണ്‍മെന്റ് ത്വക് രോഗാശുപത്രിയിലെ കോമ്പൗണ്ടില്‍ ഒഴിഞ്ഞുകിടക്കുന്ന പത്ത് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 500 ഏക്കര്‍ സ്ഥലത്തു കൃഷി ചെയ്യാനുള്ള സഹകരണ വകുപ്പിന്റെ പദ്ധതിയുടെ അടിസ്ഥാനത്തിലാണു ചേവായൂരിലെ കൃഷി. ഇതിനു കോഴിക്കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) ടി. ജയരാജന്‍ അനുമതി നല്‍കി.

കോഴിക്കോട് താലൂക്കിലെ സഹകരണ സംഘം സെക്രട്ടറിമാര്‍ ഇക്കഴിഞ്ഞ മാര്‍ച്ച 17 നു സഹകരണ ഭവനില്‍ യോഗം ചേര്‍ന്നാണു ചേവായൂരില്‍ കൃഷി ചെയ്യാനുള്ള തീരുമാനമെടുത്തത്. ത്വക് രോഗാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലെപ്രസി പേഷ്യന്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാവും കൃഷി ചെയ്യുക. താലൂക്കിലെ സഹകരണ സംഘങ്ങള്‍ ഇതിനു സാമ്പത്തിക സഹായം നല്‍കും. പദ്ധതിയുടെ നടത്തിപ്പിനായി കോഴിക്കോട് അസി. രജിസ്ട്രാര്‍ ( ജനറല്‍ ) ചെയര്‍പേഴ്‌സണായി കമ്മിറ്റി രൂപവത്കരിക്കും.

കാലിക്കറ്റ് ടൗണ്‍ സര്‍വീസ് ബാങ്കായിരിക്കും ഫണ്ട് മാനേജര്‍. പ്രൊജക്ട് റിപ്പോര്‍ട്ടിന്റെയും എസ്റ്റിമേറ്റിന്റെയും അടിസ്ഥാനത്തില്‍ അംഗസംഘങ്ങള്‍ ഫണ്ട് മാനേജരെ വിഹിതം ഏല്‍പ്പിക്കും.

Leave a Reply

Your email address will not be published.