കൊപ്ര സംഭരണം സഹകരണ സംഘങ്ങളെ പങ്കാളിയാക്കി പരിഷ്‌കരിച്ചു

Deepthi Vipin lal

കൊപ്രസംഭരണം കാര്യക്ഷമമാകണമെങ്കില്‍ സഹകരണ സംഘങ്ങളെ പരമാവധി പങ്കാളിയാക്കി നടപ്പാക്കണമെന്ന് കൃഷിവകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങള്‍ മുഖേന കര്‍ഷകരില്‍ നിന്ന് കൊപ്ര സംഭരിച്ച് നാഫെഡിന് കൈമാറാന്‍ സംസ്ഥാതല ഏജന്‍സിയായി കേര ഫെഡിനെയും മാര്‍ക്കറ്റ് ഫെഡിനെയും പ്രഖ്യാപിച്ച് ഉത്തരവായി. സംസ്ഥാനതലത്തില്‍ കൃഷി സെക്രട്ടറിയും ജില്ലാതലത്തില്‍ ജില്ലാ കലക്ടറും ചെയര്‍മാനായ സമിതികള്‍ സംഭരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

താങ്ങുവിലയേക്കാളും കുറഞ്ഞ നിരക്കില്‍ വിപണിയില്‍ തേങ്ങ വില്‍ക്കേണ്ടിവരുന്ന സാഹചര്യം കര്‍ഷകര്‍ക്ക് വന്നതോടെയാണ് സംഭരണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. പച്ചത്തേങ്ങയും കൊപ്രയും സംഭരിക്കുമ്പോള്‍ ജില്ലയില്‍ ഏതെങ്കിലും ഒരു സംഭരണ കേന്ദ്രം നിശ്ചയിച്ചതുകൊണ്ട് കാര്യമില്ലെന്നാണ് കൃഷിവകുപ്പിന് ബോധ്യമായത്. ഇത്രയും ദൂരം തേങ്ങയും കൊപ്രയുമെത്തിക്കാന്‍ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടാകും. സഹകരണ സംഘങ്ങളിലൂടെ സംഭരണം നടത്തിയാല്‍ പരമാവധി കര്‍ഷകര്‍ക്ക് സഹായം ലഭിക്കും.  ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം.

പ്രാദേശിക കൊപ്ര സംഭരണ- സംസ്‌കരണ സഹകരണ സംഘങ്ങളെ കേരഫെഡും മാര്‍ക്കറ്റ് ഫെഡും ജില്ലാതല സമിതിയുടെ അനുമതിയോടെ തിരഞ്ഞെടുക്കണം. സഹകരണ സംഘങ്ങളുടെ മികവ് വിലയിരുത്തിയാകണം തിരഞ്ഞെടുപ്പെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സഹകരണ സംഘങ്ങള്‍ വഴി സംഭരിച്ച കൊപ്ര കേരഫെഡും മാര്‍ക്കറ്റ് ഫെഡും ശേഖരിച്ച് നാഫെഡിന് കൈമാറണം. കൊപ്രയുടെ താങ്ങുവിലയായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വിലയായ കിലോഗ്രാമിന് 105.90 രൂപ നിരക്കില്‍ കര്‍ഷകന് ലഭ്യമാകും.

നാഫെഡ് ഇ- സമൃദ്ധി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകന് മാത്രമാണ് താങ്ങുവിലയുടെ പ്രയോജനം ലഭിക്കുക. പച്ചത്തേങ്ങ കൊപ്രയാക്കാന്‍ കഴിയാത്ത കര്‍ഷകരില്‍ നിന്ന് പ്രാദേശിക സഹകരണ സംഘങ്ങള്‍ തൊണ്ടു കളഞ്ഞ പച്ചത്തേങ്ങ സംഭരിക്കുകയും കൊപ്രയാക്കി സംഭരണ ഏജന്‍സികള്‍ക്ക് കൈമാറുകയും വേണം. പ്രാഥമിക സഹകരണ സംഘങ്ങളില്‍ പച്ചത്തേങ്ങ നല്‍കുന്ന കര്‍ഷകന് (105. 90 രൂപ ആധാരമാക്കി) കിലോഗ്രാമിന് 28.60 രൂപ സംസ്ഥാനതല സമിതി കര്‍ഷകന്റെ അക്കൗണ്ടിലേക്ക് നല്‍കണം. പച്ചത്തേങ്ങ സംഭരണത്തിന് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ കിലോക്ക് 3.40 രൂപ കര്‍ഷകര്‍ക്ക് പ്രത്യേകമായി നല്‍കുമെന്നും കൃഷി വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published.

Latest News