കേരള ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 25ന്: മലപ്പുറം ഒഴികെ, ജില്ലാ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

adminmoonam

സംസ്ഥാന സഹകരണ ബാങ്കിന്റെ ( കേരള ബാങ്ക്) ഭരണസമിതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 25ന് നടക്കും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇതുസംബന്ധിച്ച് തീരുമാനം എടുത്തു. മലപ്പുറം ജില്ലയൊഴികെയുള്ള ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ആയിരിക്കും ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കുക. ഭരണസമിതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

സഹകരണ നിയമം 35A പ്രകാരമാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുക. ചട്ട ഭേദഗതി പ്രകാരം 14 ജില്ലകളിൽ നിന്നായി 15 പേരെ തിരഞ്ഞെടുക്കണം. ഇതിൽ മലപ്പുറം ജില്ലയിലെ പ്രതിനിധി ഉണ്ടാകുകയില്ല. നിലവിൽ മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളും അർബൻ ആളുകളും കേരളബാങ്കിൽ മെമ്പർമാർ അല്ല.

ഓരോ ജില്ലയിൽ നിന്നും അർബൻ ബാങ്ക്, സർവീസ് സഹകരണ ബാങ്കുകൾ എന്നിവർ ചേർന്നാണ് ഭരണസമിതി അംഗത്തെ തെരഞ്ഞെടുക്കുക. 15 ഭരണസമിതി അംഗങ്ങളിൽ മൂന്ന് വനിതാ ഡയറക്ടർമാരും, ഒരു പട്ടികജാതി-പട്ടികവർഗ്ഗ ഡയറക്ടറും ഒരു അർബൻ ബാങ്ക് ഡയറക്ടറേയും തിരഞ്ഞെടുക്കണം. ബാക്കി പത്തുപേർ സർവീസ് സഹകരണ ബാങ്കിൽ നിന്നുള്ളവരെയാണ് ഡയറക്ടർമാരായി തിരഞ്ഞെടുക്കുക. ഇതുൾപ്പെടെ 14 പേർ സർവീസ് സഹകരണ ബാങ്കുകളിൽ നിന്നും ഡയറക്ടർമാരായി എത്തും. ഇതിനുപുറമേ സർക്കാരിന്റെ രണ്ട് നോമിനികളും നബാർഡ് ചീഫ് ജനറൽ മാനേജറും സഹകരണ വകുപ്പ് സെക്രട്ടറിയും സഹകരണ സംഘം രജിസ്ട്രാറും കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അടക്കം 21 പേരുള്ള ഭരണസമിതിയാണ് തിരഞ്ഞെടുക്കുക.

കോവിഡ് 19 സാമൂഹ്യ വ്യാപന വക്കിൽ നിൽക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ അടിസ്ഥാനത്തിൽ വോട്ട് ചെയ്തുള്ള തെരഞ്ഞെടുപ്പ് എങ്ങനെ പ്രായോഗികമായി നടപ്പാക്കാൻ പറ്റും എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ആശങ്കയുണ്ട്.

Leave a Reply

Your email address will not be published.