കേരളബാങ്ക് വിഷയത്തിൽ മലപ്പുറം ജില്ലയിലെ യുഡിഎഫ് ഇനിയെങ്കിലും നിലപാട് തിരുത്തണമെന്ന് ഡി.ബി.ഇ.എഫ്.

adminmoonam

കേരള ബാങ്ക് വിഷയത്തിൽ മലപ്പുറം ജില്ലയിലെ യുഡിഎഫ് ഇനിയെങ്കിലും നിലപാട് തിരുത്തണമെന്ന് ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ, ജില്ലാ സഹകരണ ബാങ്കുകളും പഞ്ചാബ് സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിച്ച് പുതിയ ബാങ്ക് രൂപീകരിക്കുന്നതിനുള്ള അനുമതി റിസർവ് ബാങ്ക് നൽകിയിരിക്കുകയാണെന്ന് ഡി.ബി.ഇ.എഫ് പറഞ്ഞു.

കേരളത്തിൽ കോൺഗ്രസ് എതിർക്കുന്ന കേരള ബാങ്കിന്റെ മാതൃകയിലാണ് പഞ്ചാബ് സർക്കാർ സംസ്ഥാന സഹകരണ ബാങ്ക് രൂപീകരിക്കുന്നതെന്ന് സംഘടന പറഞ്ഞു. ഒരുമാസം മുമ്പ് പഞ്ചാബിൽ നിന്നുള്ള ഉയർന്ന ഉദ്യോഗസ്ഥ സംഘം കേരള ബാങ്ക് രൂപീകരണ കാര്യങ്ങൾ പഠിക്കുന്നതിനായി എത്തിയിരുന്നു.

നയപരമായോ ആശയപരമായോ വിയോജിപ്പ് കൊണ്ടല്ല കേരളത്തിലെ യുഡിഎഫ് കേരളബാങ്കിനെ എതിർക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമായെന്ന് സംഘടന പറഞ്ഞു. മലപ്പുറം ജില്ലയിലെ യുഡിഎഫിന്റെ അവസരവാദ നിലപാടാണ് ജില്ലയിലെ കർഷകർക്ക് ഒരു ശതമാനം അധിക പലിശ നൽകേണ്ടിവരുന്നതെന്നും ഫെഡറേഷൻ ആരോപിച്ചു. നബാർഡിന്റെ സ്പെഷ്യൽ ലിക്വിഡിറ്റി ഫണ്ട് മലപ്പുറം ജില്ലക്കു ലഭിക്കാതെ പോയതും ഇതു കൊണ്ടാണെന്നും സംഘടനാ കുറ്റപ്പെടുത്തി.

ജനകീയ ആധുനിക ബാങ്കിംഗ് സേവനങ്ങൾ മലപ്പുറം ജില്ലയിലെ ജനങ്ങൾക്ക് നിഷേധിക്കുകവഴി എന്താണ് നേടിയതെന്ന് പൊതുസമൂഹത്തോട് പറയാൻ മലപ്പുറം ജില്ലയിലെ യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്ന് ഡി.ബി.ഇ.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സംഘടനാ ജില്ലാ പ്രസിഡണ്ട് പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!