കേരളബാങ്ക്: കേവലഭൂരിപക്ഷം ആര്‍.ബി.ഐ. വ്യവസ്ഥയ്ക്ക് എതിരല്ലെന്ന് സഹകരണവകുപ്പ്

[email protected]

കേരളബാങ്ക് രൂപീകരണത്തിനായി സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ ലയനത്തിന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ ചട്ടംഭേദഗതിക്ക് തടസ്സമായിരുന്നില്ലെന്ന് സഹകരണ വകുപ്പിന്റെ വിശദീകരണം. സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ ലയനത്തിന് പൊതുയോഗത്തിന്റെ മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്നായിരുന്നു സഹകരണ നിയമത്തിലുണ്ടായിരുന്ന വ്യവസ്ഥ. ലയനത്തിന് മുമ്പ് പാലിക്കേണ്ട 19 വ്യവസ്ഥകളില്‍ നാലാമതായി റിസര്‍വ് ബാങ്കും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പാലിക്കാതെയാണ് മൂന്ന് ജില്ലാബാങ്കുകളില്‍ ലയനപ്രമേയം അംഗീകരിച്ചത്. ഇത് റിസര്‍വ് ബാങ്ക് അംഗീകരിക്കുമോയെന്ന സംശയം നിലനില്‍ക്കുന്നതിനിടെയാണ് സഹകരണ വകുപ്പ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്.

കേരളസഹകരണ സംഘം നിയമത്തില്‍ ഭേദഗതി വരുത്തിയശേഷമാണ് ജില്ലാബാങ്കുകളില്‍ പൊതുയോഗം നടന്നത്. ലയനത്തിന് മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്ന വ്യവസ്ഥ ഒഴിവാക്കി കേവല ഭൂരിപക്ഷം മതിയെന്ന വ്യവസ്ഥയാണ് ഈ ഭേദഗതിയിലൂടെ നിയമത്തില്‍ കൊണ്ടുവന്നത്. ലയനത്തിന് മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്ന് റിസര്‍വ് ബാങ്ക് വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയത്, ഭേദഗതിക്ക് മുമ്പുള്ള നിയമത്തിലെ വ്യവസ്ഥ അടിസ്ഥാനമാക്കിയാണ്. നിയമം ഭേദഗതി ചെയ്യുന്നതിനോ ഈ വ്യവസ്ഥ മാറ്റുന്നതിനോ റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ ബാധകമല്ല. കേരളബാങ്ക് രൂപവത്കരണത്തിനായി സംസ്ഥാന-ജില്ലാബാങ്കുകളുടെ ലയനത്തിന് മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്ന വ്യവസ്ഥ നിയമഭേദഗതിക്ക് ശേഷം നിലനില്‍ക്കില്ല. ഇതാണ് സഹകരണ വകുപ്പിന്റെ വിശദീകരണം. കേരളബാങ്കിന്റെ നടപടിക്രമങ്ങളെക്കുറിച്ച് എം.എല്‍.എ.മാരായ കെ.മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി.സതീശന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവരാണ് വിശദീകരണം ആവശ്യപ്പെട്ടത്. ആര്‍.ബി.ഐ.യുടെ വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോയെന്നായിരുന്നു എം.എല്‍.എ.മാരുടെ സംശയം. ഇവര്‍ക്ക് നല്‍കിയ മറുപടിയിലാണ് ആര്‍.ബി.ഐ.യുടെ വ്യവസ്ഥകളെല്ലാം പാലിച്ചിട്ടുണ്ടെന്നും കേവലഭൂരിപക്ഷം മതിയെന്നത് ആര്‍.ബി.ഐ. വ്യവസ്ഥകള്‍ക്ക് എതിരാവില്ലെന്നും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചത് .

2019-ല്‍ ഭേദഗതി അംഗീകരിച്ചതോടെ ലയനപ്രമേയം പാസാക്കുന്നതിന് കേവല ഭൂരിപക്ഷം മതിയാകും. മലപ്പുറം ജില്ലാസഹകരണ ബാങ്ക് ഒഴികെയുള്ള എല്ലാ ജില്ലാബാങ്കുകളിലും നിലവിലെ നിയമം അനുസരിച്ച് ലയനപ്രമേയം പാസാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!