കേരളബാങ്കില്‍ കുടിശ്ശിക വായ്പയ്ക്ക് തവണകള്‍ അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍

moonamvazhi

കുടിശ്ശികയായ വായ്പകള്‍ തീര്‍പ്പാക്കുമ്പോള്‍ തവണകളായി തിരിച്ചടക്കുന്ന രീതി കേരളബാങ്ക് ഒഴിവാക്കുന്നു. ഇതിനായി കേരളബാങ്ക് നല്‍കിയ അപേക്ഷയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അര്‍ഹമായ കേസുകളില്‍ പരമാവധി ആറുമുതല്‍ എട്ടുവരെ തവണകള്‍ അനുവദിക്കും. പത്തുലക്ഷത്തിന് മുകളില്‍ കുടിശ്ശികവരുത്തിയവര്‍ക്ക് തിരിച്ചടവിന് തവണ അനുവദിക്കില്ല.


വായ്പ കുടിശ്ശികയാവുന്നത് ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി ക്രമാതീതമായ കൂടാന്‍ കാരണമാകുന്നതാണ് കേരളബാങ്ക് പുതിയ നടപടി സ്വീകരിക്കാന്‍ കാരണം. കുടിശ്ശിക വായ്പകളില്‍ തിരിച്ചടവ് ഉറപ്പാക്കാനുള്ള ബാങ്ക് പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, തിരിച്ചടവിന് തവണ വ്യവസ്ഥ അനുവദിക്കുമ്പോള്‍ ഈ പദ്ധതികളൊന്നും ഫലം കാണുന്നില്ലെന്നാണ് കേരളബാങ്ക് സര്‍ക്കാരിനെ അറിയിച്ചത്.

20ലക്ഷത്തില്‍ താഴെയുള്ള വായ്പകള്‍ കുടിശ്ശികയായാല്‍ ജപ്തി നടപടി വേഗത്തിലാക്കാനാണ് തീരുമാനം. കുടിശ്ശിക വായ്പകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഫിബ്രവരി വരെയാണ് ഈ പദ്ധതിയുടെ സമയം നിശ്ചയിച്ചിട്ടുള്ളത്. പലിശ ഇളവ് നല്‍കി കുടിശ്ശിക വായ്പകളില്‍ തിരിച്ചടവ് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. നിലവില്‍ ഈ പദ്ധതിപ്രകാരം ആനുകൂല്യം നല്‍കി, ബാക്കിത്തുക തവണകളായി തിരിച്ചടയ്ക്കാന്‍ ഒരുവര്‍ഷംവരെ സമയം അനുവദിക്കുന്നുണ്ട്. തവണ തെറ്റിച്ചാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യവും റദ്ദാകുമെന്നാണ് വ്യവസ്ഥ. ഇനി തവണകളായി തിരിച്ചടയ്ക്കാമെന്ന രീതിയും ഒഴിവാകും.

ഈടുവെച്ച വസ്തു വീടുനില്‍ക്കുന്ന ഭൂമി ആയിരിക്കുകയും, അത് നാമമാത്രമായിരിക്കുകയും ചെയ്താല്‍ പരമാവധി എട്ടുമാസംവരെ തവണ അനുവദിക്കാമെന്നാണ് ബാങ്ക് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. ജാമ്യവസ്തു വേര്‍തിരിച്ച് വില്‍പന നടത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കിലും തിരിച്ചടവിന് തവണ അനുവദിക്കും. പത്തുലക്ഷത്തിന് മുകളില്‍ വായ്പയെടുത്തവരില്‍ തിരിച്ചടവില്‍ വീഴ്ചവരുത്തുന്നത് മനപ്പൂര്‍വമാണെന്ന് ബാങ്കിന് ബോധ്യപ്പെട്ടാല്‍ നേരിട്ട് ജപ്തിയിലേക്ക് കടക്കും. പത്തുലക്ഷത്തിന് മുകളില്‍ കുടിശ്ശിയായാല്‍ തവണവ്യവസ്ഥയും അനുവദിക്കില്ല.

Leave a Reply

Your email address will not be published.