കേരളബാങ്കിന് മുമ്പ് സംസ്ഥാനസഹകരണ ബാങ്കില്‍ സ്ഥാനക്കയറ്റം

[email protected]

കേരളബാങ്ക് രൂപീകരണത്തിന് മുമ്പായി സംസ്ഥാന സഹകരണ ബാങ്കില്‍ ഉന്നത തസ്തികളിലേക്ക് സ്ഥാനക്കയറ്റം. 10 അക്കൗണ്ടിങ് ഓഫീസര്‍മാര്‍ക്ക് മാനേജര്‍മാരായി സ്ഥാനക്കയറ്റം നല്‍കി. ജൂലായ് 9ന് അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനപ്രകാരമാണ് സ്ഥാനക്കയറ്റം അനുവദിക്കുന്നതെന്ന് ഇതുസംബന്ധിച്ചിറങ്ങിയ ഉത്തരവില്‍ പറയുന്നു. വ്യവസ്ഥകളോടെയാണ് സ്ഥാനക്കയറ്റമെങ്കിലും അടിയന്തരമായി നടപ്പില്‍വരുന്നവിധമാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.

കേരളബാങ്ക് രൂപവത്കരണത്തിന്റെ പേരില്‍ സംസ്ഥാന-ജില്ലാബാങ്കുകളിലെ ജീവനക്കാരുടെ തസ്തിക സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ജില്ലാ ബാങ്കുകളില്‍ ഉയര്‍ന്ന ശമ്പളവും സര്‍വീസ് കാലയളവുമുള്ള ജീവനക്കാര്‍ സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരുടെ താഴെയാണ് വരികയെന്നതാണ് പ്രധാന തര്‍ക്കം. ഒപ്പം, കേരളബാങ്ക് രൂപവ്തരകണം പ്രധാന അജണ്ടയായി ഉള്ളതിനാല്‍ ജില്ലാബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിന് വിലക്കുണ്ടായിരുന്നു. വര്‍ഷങ്ങളായി ക്ലാസിഫിക്കേഷന്‍ നടക്കാത്തതിനാല്‍ അര്‍ക്കുന്ന സ്ഥാനക്കയറ്റം പോലും പലര്‍ക്കും ലഭിച്ചില്ലെന്ന പരാതിയും ജില്ലാബാങ്ക് ജീവനക്കാര്‍ക്കുണ്ടായിരുന്നു.

പുതുതായി തുടങ്ങിയ ശാഖകള്‍ക്കൊന്നും തസ്തിക അനുവദിച്ചിരുന്നില്ല. അതിനാല്‍, മാനേജരാവേണ്ട പലര്‍ക്കും അത് കൃത്യസമയത്ത് ലഭിച്ചില്ല. ഈ പരാതി പരിഗണിച്ചാണ് 2015 മാര്‍ച്ച് മാര്‍ച്ച് 31 കണക്കാക്കി എല്ലാ ജില്ലാബാങ്കുകളിലും ക്ലാസിഫിക്കേഷന്‍ നടത്താന്‍ രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചത്. ഇത് പൂര്‍ത്തിയാക്കി. എന്നാല്‍, ഈക്ലാസിഫിക്കേഷനിലും ജില്ലാ ബാങ്ക് ജീവനക്കാര്‍ പൂര്‍ണമായും തൃപ്തരല്ല. ജൂനിയര്‍ അക്കൗണ്ടന്റ് തസ്തിക കുറച്ചുവെന്ന പരാതിയാണ് കോട്ടയം ജില്ലാ ബാങ്ക് ജീവനക്കാര്‍ക്കുള്ളത്. അധികമായി അനുവദിച്ച തസ്തികയിലേക്ക് പി.എസ്.സി. റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്തിയിട്ടുമില്ല.

ഇതിന് പിന്നാലെയാണ് സംസ്ഥാന സഹകരണ ബാങ്കില്‍ പത്തുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത്. ഇതേ റാങ്കില്‍ ജില്ലാബാങ്കിലെ ജീവനക്കാരേക്കാള്‍ മുകളിലായിരിക്കും കേരളബാങ്കില്‍ സംസ്ഥാന സഹകരണ ബാങ്കിലെ മാനേജര്‍മാരുടെ സ്ഥാനമെന്നാണ് കണക്കാക്കുന്നത്. സര്‍വീസും യോഗ്യതയും കണക്കാക്കി കേരളബാങ്കിന്റെ തസ്തിക നിര്‍ണയം നടത്തണമെന്നാണ് ജില്ലാബാങ്ക് ജീവനക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Latest News