കേരളബാങ്കിന്റെ നഷ്ടം 776 കോടിയല്ല; 1232 കോടിയെന്ന് നബാര്‍ഡ്

Deepthi Vipin lal

കേരളബാങ്ക് രൂപവത്കരണത്തിന് ശേഷം പുറത്തുവന്ന ആദ്യ ബാലന്‍സ്ഷീറ്റ് അനുസരിച്ച് കേരളബാങ്കിന്റെ സഞ്ചിത നഷ്ടം 776 കോടിയായിരുന്നു. എന്നാല്‍, ഈ കണക്ക് കൃത്യമല്ലെന്നാണ് നബാര്‍ഡിന്റെ 2019-20 വര്‍ഷത്തെ അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കേരളബാങ്കിന് 1232 കോടിയായി ഉര്‍ന്നെന്ന് നബാര്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. 13 ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിനോട് ലയിപ്പിച്ചതാണ് നഷ്ടം കൂടാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളബാങ്കിന്റെ ആദ്യ ബാലന്‍സ്ഷീറ്റ് അനുസരിച്ച് 374.75 കോടി രൂപ പ്രവര്‍ത്തനലാഭം നേടിയിട്ടുണ്ട്. കേരളബാങ്ക് രൂപവത്കരണം നടന്നത് 2019 നവംബര്‍ 29നാണ്. ഈ സമയത്ത് സഞ്ചിത നഷം 1150.75 കോടിരൂപയാണെന്നായിരുന്നു ബാങ്ക് വ്യക്തമാക്കിയത്. 374.75 കോടിരൂപ 2019-20 വര്‍ഷം പ്രവര്‍ത്തന ലാഭം നേടിയതോടെ സഞ്ചിത നഷ്ടം 776 കോടിരൂപയാക്കി കുറയ്ക്കാനായി എന്നായിരുന്നു ബാങ്ക് അവകാശപ്പെട്ടത്. ഈ കണക്കിലാണ് നബാര്‍ഡ് പരിശോധനയില്‍ 456 കോടിരൂപ അധികമായി വരുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്.

കേരളബാങ്ക് രൂപവത്കരണത്തിന് മുമ്പ് തിരുവനന്തപുരം ഒഴികെയുള്ള ജില്ലാസഹകരണ ബാങ്കുകളെല്ലാം ലാഭത്തിലായിരുന്നു. കേരളബാങ്ക് രൂപവത്കരണത്തിനുള്ള നടപടികള്‍ തുടങ്ങിയതോടെ ജില്ലാബാങ്കുകളുടെ പ്രവര്‍ത്തനത്തിലും മരവിപ്പുണ്ടായി. വായ്പ തിരിച്ചടവിനും കിട്ടാക്കടം കുറയ്ക്കുന്നതിനുമായിരുന്നു പിന്നീടുള്ള ശ്രദ്ധ. അതിനാല്‍, വായ്പ വിതരണം മുടങ്ങി. ഇതോടെ ജില്ലാബാങ്കുകളിലും ലാഭക്ഷമതയും കുറഞ്ഞു. ഇതാണ് കേരളബാങ്ക് രൂപവത്കണം ഔദ്യോഗികമായി നടന്ന 2019 നവംബര്‍ 29 ന്റെ കണക്കനുസരിച്ച് 13 ജില്ലാബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ഒന്നിച്ചുള്ള സ്ഥാപനത്തിന് 1150കോടിരൂപയുടെ സഞ്ചിത നഷ്ടമുണ്ടായത്.

33 സംസ്ഥാന സഹകരണ ബാങ്കുകളില്‍ കേരളമടക്കം ഏഴെണ്ണമാണ് നഷ്ടത്തിലുള്ളതെന്നാണ് നബാര്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിഷ്‌ക്രിയ ആസ്തിക്കായി കേരളബാങ്ക് ഇതുവരെ 1524 കോടിരൂപ കരുതലായി മാറ്റിവെച്ചിട്ടുണ്ട്. സഞ്ചിത നഷ്ടത്തിന്റെ ഇരട്ടിയോളം രൂപ കരുതല്‍ ധനമായി മാറ്റിവെച്ചുവെന്നായിരുന്നു ബാലന്‍സ്ഷീറ്റ് പുറത്തുവിട്ട് ബാങ്ക് അധികൃതര്‍ അവകാശപ്പെട്ടത്. നബാര്‍ഡിന്റെ കണക്ക് അനുസരിച്ചാണെങ്കില്‍ ഈ അവകാശവാദവും ശരിയാവില്ല. 2019-20 വര്‍ഷത്തില്‍ 61037.59 കോടിരൂപയുടെ നിക്ഷേപവും 40156.81 കോടിരൂപയുടെ വായ്പയുമായി 101194.40 കോടിരൂപയുടെ ബിസിനസ്സാണ് കേരളബാങ്കിനുള്ളത്.

Leave a Reply

Your email address will not be published.