കേരളത്തില്‍ അഗ്രികള്‍ച്ചര്‍ വാല്യു ചെയിന്‍; കേരളബാങ്ക് പ്രതിനിധികള്‍ ഫിലപ്പെന്‍സിലേക്ക്

moonamvazhi

കേരളത്തില്‍ സഹകരണ സംഘങ്ങളുടെ കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്ക് വിപണന ശൃംഖല ഒരുക്കാന്‍ കേരളബാങ്ക് തീരുമാനിച്ചിരുന്നു. കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതേക്കുറിച്ചുള്ള പ്രായോഗിക പഠനത്തിന് കേരളബാങ്ക് പ്രതിനിധികള്‍ ഫിലപ്പെന്‍സ് സന്ദര്‍ശിക്കും. ഫിലപ്പെന്‍സിലെ മനിലയില്‍ ഒരാഴ്ചത്തെ പരിശീലനത്തില്‍ ബാങ്കിലെ രണ്ട് ചീഫ് ജനറല്‍ മാനേജര്‍മാര്‍ പങ്കെടുക്കും. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കി.

ചീഫ് ജനറല്‍ മാനേര്‍ജര്‍മാരായ എ.ആര്‍.രാജേഷ്, സി.അബ്ദുള്‍ മുജീബ് എന്നിവരാണ് മനിലയിലേക്ക് പോകുന്നത്. കാര്‍ഷിക മേഖലയിലെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ശൃംഖല ഒരുക്കാനുള്ള ധനസഹായ പദ്ധതികളുടെ ആസൂത്രണം പഠിക്കുകയാണ് കേരളബാങ്കിന്റെ ലക്ഷ്യം. ഫിലപ്പെന്‍സിയില്‍ ഫലപ്രദമായ രീതിയില്‍ കര്‍ഷകരെ ബന്ധിപ്പിച്ചുള്ള വിപണന ശൃംഖല നിലവിലുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍, സവിശേഷതകള്‍, കര്‍ഷകരുടെ പങ്കാളിത്തം എന്നിവയെല്ലാം കേരളബാങ്ക് പഠിക്കും.

കേരളത്തിലെ സാഹചര്യത്തിനനുസരിച്ച് ഒരു അഗ്രികള്‍ച്ചര്‍ വാല്യു സെന്റര്‍ തുടങ്ങുമ്പോഴുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്താകുമെന്നതും ചീഫ് ജനറല്‍മാനേജര്‍മാര്‍ വിലയിരുത്തും. ഇതിനൊപ്പമാണ് മനിലയില്‍ നടക്കുന്ന പരിശീലന പരിപാടിയിലും പങ്കെടുക്കുന്നത്. എഷ്യ പെസഫിക് റൂറല്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ക്രഡിറ്റ് അസോസിയേഷനാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നവംബര്‍ 20 മുതല്‍ 26വരെയാണ് പരിപാടി.

ഇത്തരമൊരു പഠനവും പരിശീലനവും കേരളബാങ്കിന്റെ പദ്ധതിക്ക് ഏറെ ഗുണകരമാകുമെന്ന് സഹകരണ സംഘം രജിസ്ട്രാറും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അഞ്ചുവര്‍ഷത്തിന് മുകളില്‍ സേവനകാലാവധി ബാക്കിയുള്ള ഉദ്യോഗസ്ഥരെ പരിശീലനത്തിന് അയക്കുന്നതാണ് ഉചിതമെന്നും രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ അനുമതി.

Leave a Reply

Your email address will not be published.