കേന്ദ്ര-സംസ്ഥാന സഹകരണ രജിസ്ട്രാറുടെ ഓഫീസുകളെ ബന്ധിപ്പിച്ച് സോഫ്റ്റ് വെയര്‍ കൊണ്ടുവരുന്നു
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സഹകരണ സംഘം രജിസ്ട്രാര്‍മാരുടെ ഓഫീസുകളെ കേന്ദ്ര രജിസ്ട്രാര്‍ ഓഫീസുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ പദ്ധതിയുമായി കേന്ദ്രം. പദ്ധതി നിര്‍വഹണം വേഗത്തിലാക്കാനാണ് പുതിയ പദ്ധതി കൊണ്ടുവരുന്നതെന്നാണ് വിശദീകരണം. ഈ സോഫ്റ്റ് വെയറിന്റെ ഘടന എങ്ങനെയാകണമെന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകും തീരുമാനിക്കുക. പൂര്‍ണമായും കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ദേശീയതലത്തില്‍ ബന്ധിപ്പിക്കാന്‍ ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നുണ്ട്. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെ സംഘങ്ങളും ഇതിന്റെ ഭാഗമാണ്. നബാര്‍ഡിന്റെ നിയന്ത്രണത്തിലാണ് ഈ സഹകരണ സംഘങ്ങളുടെ ശൃംഖല തീര്‍ക്കുന്നത്. കേന്ദ്രത്തിന്റെ പദ്ധതികളും നബാര്‍ഡിന്റെ സാമ്പത്തിക സഹായവും കാര്‍ഷിക വായ്പ സംഘങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരു ഏകീകൃത രൂപമുണ്ടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മറ്റ് സഹകരണ സംഘങ്ങളുടെ ഡേറ്റകളും കേന്ദ്രതലത്തില്‍ ക്രോഡീകരിക്കുന്നുണ്ട്. ഇതിനായി കേന്ദ്രസഹകരണ ഡേറ്റ സെന്റര്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍മാരുടെ ഓഫീസുകളെ ബന്ധിപ്പിച്ചുള്ള ഒരു ഓണ്‍ലൈന്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കാനുള്ള നടപടി കേന്ദ്രസഹകരണ മന്ത്രാലയം സ്വീകരിക്കുന്നത്.
കേന്ദ്രസഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസ് പൂര്‍ണമായും കമ്പ്യൂട്ടര്വല്ക്കരിച്ചുകഴിഞ്ഞു. പുതിയ പോര്‍ട്ടലും മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമാണ് കേന്ദ്രരജിസ്ട്രാറുടെ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ളത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ സംബന്ധിക്കുന്ന എല്ലാകാര്യങ്ങളും ഓണ്‍ലൈനായി ചെയ്യാവുന്ന വിധത്തിലാണ് ഓഫീസ് സജീകരിച്ചിട്ടുള്ളത്. ഇതിന് സമാനമായ രീതിയില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും രജിസ്ട്രാര്‍ ഓഫീസുകളെ മാറ്റുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്.
സഹകരണ മേഖലയില്‍ സഹകരണ സംരംഭകത്വ പദ്ധതിക്ക് വേഗം കൂട്ടുന്നതിനും കടലാസ് രഹിത ഭരണരീതി നടപ്പാക്കുന്നതിനുമാണ് പുതിയ പദ്ധതി തയ്യാറാക്കുന്നതെന്നാണ് കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ വിശദീകരണം. ഇതിനുള്ള സ്കീം കേന്ദ്ര സഹകരണ മന്ത്രാലയം തയ്യാറാക്കി. ഒരോ സംസ്ഥാനത്തെയും സഹകരണ നിയമത്തിന് അനുസരിച്ചായിരിക്കും ഇതിനുള്ള സോഫ്റ്റ് വെയര്‍ ക്രമീകരിക്കുക. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങളില്‍നിന്ന് തേടും. കേന്ദ്രപദ്ധതികളുടെ വിവരങ്ങള്‍, അത് ലഭ്യമാകാനുള്ള മാനദണ്ഡങ്ങള്‍ എന്നിവയെല്ലാം ഓണ്‍ലൈനായി തന്നെ അറിയിക്കുന്ന പരിഷ്കാരമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.