കേന്ദ്ര ബജറ്റില്‍ സഹകരണ സംഘങ്ങള്‍ക്ക് നികുതി ആശ്വാസം

moonamvazhi

കേന്ദ്രബജറ്റില്‍ സഹകരണ സംഘങ്ങളെ ഏറെ വീര്‍പ്പുമുട്ടിച്ചിരുന്ന നികുതി ഘടനയില്‍ ഇളവ് അനുവദിച്ചു. ഒരു കോടിരൂപയിലധികം സഹകരണ സംഘങ്ങള്‍ പണമായി പിന്‍വലിക്കുമ്പോള്‍ രണ്ടുശതമാനം അധിക നികുതി കൊടുക്കണമെന്നതായിരുന്നു നിലവിലെ വ്യവസ്ഥ. ഇതിന്റെ പരിധി ഒരുകോടിയില്‍നിന്ന് മൂന്നുകോടിയായി ഉയര്‍ത്തി. ആദായനികുതി നിയമത്തിലെ 194 എന്‍ എന്ന വ്യവസ്ഥയാണ് സഹകരണ സംഘങ്ങള്‍ക്ക് ഇരട്ട നികുതി ചുമത്തുന്ന പരിഷ്‌കാരത്തിനിടയാക്കിയത്.

ഇതേ നിയമത്തിലെ 269 (എസ്)(എസ്) പ്രകാരം ഒരു സംഘത്തിലെ അംഗത്തിനെ 20,000 രൂപയായിരുന്നു പണമായി നിക്ഷേപിക്കാവുന്ന പരിധി. ഇതിലും മാറ്റം വരുത്തുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ഈ പരിധി രണ്ടുലക്ഷമാക്കി ഉയര്‍ത്തി. 269 (ടി) പ്രകാരം വായ്പ അക്കൗണ്ടില്‍നിന്ന് 20,000 രൂപയില്‍ കൂടുതല്‍ പണമായി കൊടുക്കാനും സംഘത്തിന് വിലക്കുണ്ടായിരുന്നു. ഇതും രണ്ടുലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. നികുതിഘടനയിലെ ഈ മൂന്ന് മാറ്റവും സഹകരണ സംഘങ്ങള്‍ക്ക് ഏറെ സഹായകമാണ്.

അതേസമയം, പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കി കേന്ദ്ര ഡേറ്റ സെന്ററുമായി ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനം ഏറെ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ കേന്ദ്ര സഹകരണ മന്ത്രാലയം സ്‌കീം തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. ഈ അറിയിപ്പ് കിട്ടി ആറുമാസത്തിലേറെയായിട്ടും സംസ്ഥാന സര്‍ക്കാര്‍ വിയോജിപ്പ് അറിയിച്ചിട്ടുമില്ല. പക്ഷേ, ബജറ്റില്‍ ഈ പദ്ധതിക്കായി 2516 കോടി നീക്കിവെച്ചപ്പോള്‍ അതിനെതിരെ വിമര്‍ശനം ഉണ്ടായിട്ടുണ്ട്. ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന പരിഷ്‌കാരമെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

സഹകരണ മേഖലയിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുവരവ് അപകടമുണ്ടാക്കുന്ന ഒന്നാണ്. പഞ്ചായത്തുതലത്തിലേക്ക് പോലും കടന്നുവരവുണ്ടാകുന്നു. ബാങ്കിന് പുറത്തുള്ള സാധാരണക്കാരുടെ സാമ്പത്തിക ഇടപാട് കേന്ദ്രമാണ് സഹകരണ മേഖല. രണ്ടരലക്ഷം കോടി രൂപ നിക്ഷേപമുള്ള മേഖലയാണിത്. സംസ്ഥാനത്തിന്റെ പരിധിയിലുള്ള ഈ രംഗത്ത് കേന്ദ്രം നേരിട്ട് ഇടപെടുന്നത് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്നതാണ്. പുതിയ പ്രവണതയാണ്. സഹകാരികള്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നും ബാലഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News