കേന്ദ്ര ഫണ്ടിനായി 1000 കോടിയുടെ പദ്ധതി രേഖ തയ്യാറാക്കി സഹകരണ സംഘങ്ങള്‍

moonamvazhi

കേന്ദ്രസര്‍ക്കാര്‍ നബാര്‍ഡി വഴി ലഭ്യമാക്കുന്ന കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധിയില്‍നിന്ന് സഹായം ലഭ്യമാക്കാന്‍ 1000 കോടിരൂപയുടെ പദ്ധതി തയ്യാറാക്കി സഹകരണ സംഘങ്ങള്‍. കാര്‍ഷിക-അനുബന്ധ മേഖലയിലാണ് ഈ പദ്ധതികള്‍. ഈ പദ്ധതി രേഖ അനുസരിച്ച് ബാങ്കുകളില്‍നിന്ന് വായ്പ ലഭ്യമാക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഈ വായ്പയ്ക്ക് അനുസരിച്ചായിരിക്കും നബാര്‍ഡ് സബ്‌സിഡി ലഭിക്കുക.

കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് സംഭരണ ശാലകള്‍, മൊബൈല്‍ ശീതീകരണ യൂണിറ്റ്, സംസ്‌കരണ കേന്ദ്രങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്‍പാദന യൂണിറ്റുകള്‍ എന്നിവയാണ് തയ്യാറാക്കി പദ്ധതിയിലുള്ളത്. 300 കോടിരൂപയുടെ പദ്ധതികള്‍ക്കുള്ള വിശദമായ പദ്ധതി രേഖ അന്തിമഘട്ടത്തിലായിട്ടുണ്ട്. കേരള അഗ്രികള്‍ച്ചര്‍ സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐ.സി.എം., സഹകരണ എന്‍ജിനീയറിങ് കേളേജുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ഡി.പി.ആര്‍ തയ്യറാക്കുന്നത്. സ്റ്റാഫ് ട്രയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐ.സി.എം. എന്നിവയ്ക്ക് വിവിധ ജില്ലകളുടെ ചുമതല സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.പി.ആര്‍. തയ്യാറാക്കുന്നത്.

കോഓപ് മാര്‍ട്ട് പദ്ധതി വിപുലീകരിക്കാനുള്ള ആലോചനയും സഹകരണ വകുപ്പിനുണ്ട്. നിലവില്‍ കോഓപ് മാര്‍ട്ടുകളിലേക്കുള്ള സാധനങ്ങള്‍ എത്തിക്കുന്നതിനാണ് പ്രശ്‌നം നേരിടുന്നത്. ഇതിനായി എറണാകുളം കേന്ദ്രീകരിച്ച് സഹകരണ ഉല്‍പന്നങ്ങള്‍ക്കായി പ്രത്യേക സംഭരണ ശാല തുടങ്ങാനാണ് ആലോചിക്കുന്നത്. ഇതും നബാര്‍ഡിന്റെ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധിയില്‍നിന്നുള്ള ഫണ്ട് ഉപയോഗപ്പെടുത്താനാണ് ശ്രമം. എറണാകുളത്തെ ഏതെങ്കിലും പ്രാഥമിക സഹകരണ ബാങ്കിന്റെ പദ്ധതിയായി ഈ സംഭരണശാല ഉള്‍പ്പെടുത്തിയേക്കും.

പുതിയ കോഓപ് മാര്‍ട്ടുകള്‍ തുടങ്ങുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ സാധ്യത വിലയിരുത്തണമെന്നാണ് സഹകരണ വകുപ്പിന്റെ തീരുമാനം. ഓരോ പ്രദേശത്തിന്റെ വിപണിസാധ്യത തിരച്ചിറിഞ്ഞ് കോഓപ് മാര്‍ട്ടുകള്‍ തുടങ്ങും. ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നിലവിലെ പദ്ധതി നിര്‍വഹണ രീതിയില്‍ മാറ്റം വരുത്തിയേക്കും. കൂടുതല്‍ സംഘങ്ങളെ കോഓപ് മാര്‍ട്ട് പദ്ധതിയുടെ ഭാഗമാക്കി വിപുലപ്പെടുത്തണമെന്ന നിര്‍ദ്ദേശവും വകുപ്പിന്റെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published.