കേന്ദ്രത്തിന്റെ പൊതുസേഫ്റ്റ് വെയര്‍ സഹകരണ വികസനത്തിനെന്ന് സര്‍ക്കാര്‍

moonamvazhi

പ്രാഥമിക സഹകരണ ബാങ്കുകളില്‍ പൊതുസോഫ്റ്റ് വെയര്‍ നടപ്പാക്കി കേന്ദ്രനിയന്ത്രണത്തിലാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കാതെ സര്‍ക്കാര്‍. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം, കേന്ദ്ര പദ്ധതികളുടെയും കാര്‍ഷിക വായ്പയുടെയും സബ്‌സിഡി വിതരണം എന്നിവയെല്ലാം കേന്ദ്രത്തിന്റെ നിരീക്ഷണവും നിയന്ത്രണവും കൊണ്ടുവരുന്നതാണ് പരിഷ്‌കാരം. സഹകരണ ഫെഡറലിസം തകര്‍ക്കുന്നവിധത്തിലുള്ള കേന്ദ്ര ഇടപെടലാണിതെന്നായിരുന്നു ബജറ്റിന് പിന്നാലെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ച്. എന്നാല്‍, ഇതിന് വിരുദ്ധമായ അഭിപ്രായമാണ് നിയമസഭയില്‍ സഹകരണ മന്ത്രി വി.എന്‍.വാസവന്‍ നല്‍കിയ മറുപടി.

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണത്തിന് ശേഷം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍, പൊതുബൈല എന്നിവയും സഹകരണ രംഗത്ത് നയ രൂപീകരണം, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, ക്ഷീരം, മത്സ്യം എന്നീ മേഖലകളിലുള്ള സംഘങ്ങളുടെ വിവരണ ശേഖരണം എന്നിവയ്ക്കുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ഏകോപിപ്പിച്ച് സാമൂഹ്യ, സാമ്പത്തിക വികസനവും സഹകരണ പ്രസ്ഥാനത്തിന്റെ പൊതുവായ വികസനവും ലക്ഷ്യമാക്കിയുള്ള നടപടികളാണ് എന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വിവിധപദ്ധതികള്‍ നടപ്പിലാക്കുന്നതിന് മൂന്ന് അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് രേഖാമൂലമായ വിവരങ്ങളോ നിര്‍ദ്ദേശങ്ങളോ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടില്ലന്നാണ് മന്ത്രിയുടെ വിശദീകരണം. വിവരങ്ങളൊന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമായിട്ടില്ലാത്തതിനാല്‍ ഇത് സഹകരണ മേഖലയില്‍ സൃഷ്ടിക്കുന്ന ആഘാതം പഠന വിധേയമാക്കുന്നതിന് സാധിച്ചിട്ടില്ലെന്നും മന്ത്രി പറയുന്നു. കേന്ദ്രമന്ത്രിസഭ തീരുമാനം അനുസരിച്ചാണ് മൂന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം രൂപീകരിച്ചത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള നടപടിയിലേക്കും കേന്ദ്രസര്‍ക്കാര്‍ കടന്നു.

കേന്ദ്രസര്‍ക്കാരിന് നിയമപരമായ അധികാര പരിധിയിലുള്ള കാര്യങ്ങളാണ് ഇതിലെല്ലാം നടന്നിട്ടുള്ളത്. അതിനാല്‍, സംസ്ഥാനങ്ങളെ അറിയിക്കേണ്ടതില്ല. എന്നാല്‍, കേന്ദ്രതലത്തില്‍ ഒരു പരിഷ്‌കാരം നടപ്പാക്കുമ്പോള്‍ അത് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാന്‍ കേന്ദ്രത്തിന്റെ രേഖമൂലമായ അറിയിപ്പ് കിട്ടാത്തതിന്റെ കാരണം പറയുന്നത് ഒരു തരത്തില്‍ കേന്ദ്ര നടപടിയെ ലഘൂകരിക്കുന്നതാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!