കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കാന്‍ 50 സഹകരണ ബാങ്കുകളില്‍നിന്നായി 59 കോടി കൂടി

[mbzauthor]

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കുന്നതിന് പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് വീണ്ടും വായ്പയെടുക്കുന്നു. ഇതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി. കോട്ടയം, മലപ്പുറം ജില്ലകളിലെ 50 പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നായി 59 കോടി രൂപയാണ് ഇപ്പോള്‍ വാങ്ങുന്നത്. 2018 ജുലായ് വരെയുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനാണിത്. 50 ബാങ്കുകള്‍ക്കും അവര്‍ക്ക് നിശ്ചയിച്ച വിഹിതം നല്‍കുന്നതിന് അനുമതി നല്‍കിക്കൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കി.

സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് കെ.എസ്.ആര്‍.ടി. പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 2018 ഫിബ്രവരിയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്ക് പത്തുശതമാനം പലിശ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. ഇതനുസരിച്ച് വായ്പ നല്‍കാന്‍ തയ്യാറാകുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവ്തകരിച്ചത്. ഓരോ തവണ പെന്‍ഷന്‍ നല്‍കേണ്ടിവരുമ്പോള്‍ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി സന്നദ്ധതയുള്ള ബാങ്കുകളെ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. പത്താമത്തെ പട്ടികയാണ് ഇപ്പോഴത്തേത്. മലപ്പുറം, കോട്ടയം ജില്ലകളിലെ സഹകരണ സംഘം ജോയിന്റ് രിജസ്ട്രാര്‍ സമര്‍പ്പിച്ച പട്ടിക അനുസരിച്ചാണ് 50 ബാങ്കുകളെ ഇപ്പോള്‍ ഉള്‍പ്പെടുത്തിയത്.

മലപ്പുറം ജില്ലയിലെ ചുങ്കത്തറ, എ.ആര്‍.നഗര്‍, കോട്ടക്കല്‍, ചൊക്കാട്, കോടൂര്‍, അറക്കുപ്പറമ്പ്, മഞ്ചേരി, നന്നമ്പറ, മങ്കട, ഊര്‍ങ്ങാട്ടേരി, അങ്ങാടിപ്പുറം, പുന്നപ്പാല, മാറന്‍ചേരി, ആനക്കയം, എടരിക്കോട്, തവനൂര്‍, വാഴക്കാട്, കരുളായ്, കടന്നമണ്ണ, പുളിക്കല്‍, ഏലംകുളം, ആനമങ്ങാട് എന്നീ സഹകരണ ബാങ്കുകളാണ് ഇത്തവണം വായ്പ നല്‍കുന്നത്. ഈ 22 ബാങ്കുകളും ചേര്‍ന്ന് 29 കോടിരൂപ നല്‍കും.

കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം, കുറിച്ചി, ഇത്തിത്താനം ജനത, വാഴൂര്‍ ഫാര്‍മേഴ്‌സ്, നെടുങ്കുന്നം റീജിയണല്‍, ചിരംചിറ, കുമാരനെല്ലൂര്‍, കുടമാളൂര്‍, മന്നാനം, പനച്ചിക്കാട് റീജിയണല്‍, പാമ്പാടി, കീഴ്ത്തടിയൂര്‍, പൂവരണി, മേലുകാവ്, ഈരാറ്റുപേട്ട, തിടനാട്, വളവൂര്‍, കടുത്തുരുത്തി, വൈക്കം പള്ളിപ്രാത്തുശ്ശേരി, കൊതവറ, ബ്രഹ്മമംഗലം, കുലശേഖര മംഗലം, പൊന്‍കുന്നം, കൂവപ്പള്ളി, പാറത്തോട്, മാഞ്ഞൂര്‍, അയ്മനം എന്നീ ബാങ്കുകളാണുള്ളത്. ഇവരില്‍നിന്നെല്ലാമായി 30 കോടിരൂപ വായ്പയെടുക്കും. ആകെ 59 കോടിരൂപയാണ് ജൂലായ് വരെയുള്ള പെന്‍ഷന്‍ നല്‍കാനായി വായ്പയായി വാങ്ങുന്നത്.

സംസ്ഥാന സഹകരണ ബാങ്കാണ് കണ്‍സോര്‍ഷ്യത്തിന്റെ ലീഡര്‍. പ്രാഥമിക സഹകരണ ബാങ്കുകള്‍ വായ്പാതുക സംസ്ഥാന സഹകരണ ബാങ്കിലാണ് നല്‍കേണ്ടത്. ഓരോ ജില്ലയിലെയും പെന്‍ഷന്‍കാരുടെ പട്ടിക കെ.എസ്.ആര്‍.ടി.സി. തയ്യാറാക്കി സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാരെ ഏല്‍പിക്കണം. ഇതിനുസരിച്ചുള്ള തുക സംസ്ഥാന സഹകരണ ബാങ്ക് കൈമാറും. പെന്‍ഷന്‍ വിതരണം യഥാസമയം പൂര്‍ത്തിയാക്കുന്നുണ്ടെന്ന് സംസ്ഥാന സഹകരണ ബാങ്ക് ഉറപ്പാക്കണമെന്നമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.