കാര്‍ഷിക വായ്പ പലിശ സബ്‌സിഡിയില്‍ കുടിശ്ശിക നല്‍കി തുടങ്ങി; പൊല്‍പ്പുള്ളി ബാങ്കിന് 1.81 കോടി നല്‍കി

moonamvazhi

കാര്‍ഷിക വായ്പ പലിശ രഹിതമായി നല്‍കാനുള്ള ഉത്തേജന പലിശ ഇളവ് പദ്ധതിയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കി തുടങ്ങി. പൊല്‍പ്പുള്ളി സഹകരണ ബാങ്കിന് 2017-18 മുതല്‍ 2021-22 സാമ്പത്തിക വര്‍ഷം വരെ പലിശ രഹിത വായ്പയുടെ സബ്‌സിഡിയാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. 1,81,33,531 രൂപയാണ് ബാങ്ക് ക്ലയിം ആയി സര്‍ക്കാരിന് നല്‍കിയത്. മെയ് 23ന് ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗവും ഈ പണം അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് വിഹിതത്തില്‍നിന്ന് തുക അനുവദിക്കാന്‍ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍, കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നിവ മുഖേന വിതരണം ചെയ്യുന്ന ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് ഉത്തേജന പലിശ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പലിശ രഹിത കാര്‍ഷിക വായ്പ നല്‍കാനായി മൂന്നുശതമാനം പലിശ സബ്‌സിഡിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത്. നാല് ശതമാനം നബാര്‍ഡ് സബ്‌സിഡിയുണ്ട്. എടുക്കുന്ന വായ്പയില്‍ കൃത്യമായ തിരിച്ചടവുണ്ടായാലാണ് പലിശ ഇളവ് നല്‍കുക.

പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് വായ്പ എടുത്തവര്‍ക്ക് ഈ രണ്ട് പലിശ ഇളവും ലഭിക്കാത്ത സ്ഥിതിയാണ് ഏറെ നാളായിട്ടുള്ളത്. നബാര്‍ഡിന്റെ പലിശ സബ്‌സിഡി കേരളബാങ്ക് വഴിയാണ് ലഭിക്കേണ്ടത്. നേരത്തെ ജില്ലാസഹകരണ ബാങ്കുകളായിരുന്നപ്പോള്‍ ഇത് കൃത്യമായി ലഭിച്ചിരുന്നു. കേരള ബാങ്ക് രൂപീകരിക്കപ്പെട്ടതിന് ശേഷം ഈ സബ്‌സിഡി സഹകരണ ബാങ്കുകള്‍ക്ക് കുടിശ്ശികയായി.

സര്‍ക്കാര്‍ നല്‍കാനുള്ള പലിശ സബ്‌സിഡിയും ഏറെ നാളായി കുടിശ്ശികയാണ്. സഹകരണ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് അനുവദിച്ച സബ്‌സിഡി ക്ലയിം ചെയ്തിട്ടുണ്ടെങ്കിലും ലഭിക്കുന്നില്ല. ഇത് പലിശ രഹിത കാര്‍ഷിക വായ്പ പദ്ധതി ഫലത്തില്‍ ഇല്ലാതായ അവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി കുടിശ്ശികമാത്രമാണ്. 302.21 കോടിരൂപ. 48.08 കോടി തൃശൂരിനും 47.95 കോടി രൂപ കാസര്‍ക്കാടിനും നല്‍കാനുള്ളതാണ് ഉയര്‍ന്ന തുക. വയനാട്ടില്‍ 27.68 കോടിരൂപയാണ് കുടിശ്ശികയായുള്ളത്.

പലിശ സബ്‌സിഡി അനുവദിക്കുന്നതിന് അഞ്ചുകോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ക്കോട് എന്നീ ജില്ലകള്‍ക്കായാണ് ഈ തുക നീക്കിവെച്ചിട്ടുള്ളത്. കുടിശ്ശിക ഒന്നരശതമാനം കൊടുക്കാനേ ഇതുകൊണ്ട് കഴിയൂ. അത് നല്‍കാനുള്ള നടപടിയുണ്ടായിരുന്നില്ല. ഇതിലാണ് ഇപ്പോള്‍ മാറ്റം വന്നിട്ടുള്ളത്. പൊല്‍പ്പള്ളി ബാങ്കിന് 2017 മുതലുള്ള ക്ലയിമാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. മറ്റ് സഹകരണ ബാങ്കുകളുടെ ക്ലയിം അപേക്ഷയും വേഗത്തില്‍ പരിഗണിക്കുമോയെന്ന കാര്യത്തില്‍ വ്യക്തയില്ല.

Leave a Reply

Your email address will not be published.