കലാകാരന്മാര്ക്ക് പിന്തുണ നല്കാന് സഹകരണ സംഘങ്ങള്‍
കല- സംഗീത രംഗത്ത് ഉള്ളവര്‍ക്ക് പിന്തുണയും സഹായവും ഉറപ്പുവരുത്താന്‍ സഹകരണ സംഘങ്ങള്‍ക്ക് രൂപം നല്കാന് ഒരുങ്ങി സര്‍ക്കാര്‍. കൊവിഡ് മൂലം വേദികളൊന്നുമില്ലാതെ മറ്റ് തൊഴിലുകള്‍ തേടിപ്പോകുന്ന സാഹചര്യമാണ് കലാകാരന്മാര്ക്കുള്ളത്. വലിയ അനിശ്ചിതത്വം നിറഞ്ഞ തൊഴില്‍ ആയതിനാല്‍, സംഘങ്ങളിലൂടെ ഇവരെ ഒരുമിപ്പിക്കുന്നതിനും ഒരു കുടക്കീഴില് അണി നിരത്തുന്നതിനുമാണ് ആലോചിക്കുന്നത്.
നേരത്തെ കോഴിക്കോട് മുസിഷ്യന്‍സ് സോഷ്യല്‍ വെല്‍ഫയര്‍ കോപ്പറേറ്റിവ് സൊസൈറ്റി രൂപീകരിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗായകര്‍, സംഗീതോപകരണ വിദഗ്ധര്‍, സംഗീത അധ്യാപകര്‍, സംഗീത സംവിധായകര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സൊസൈറ്റി രൂപീകരിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന വ്യാപകമായി മറ്റ് മേഖലയിലെ കലാകാരന്മാരെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംഘങ്ങള്‍ രൂപീകരിക്കുന്നത്.
കലാകാരന്മാരില് സമ്പാദ്യശീലം വളര്‍ത്തുക, കുറഞ്ഞ പലിശ നിരക്കില്‍ ഹ്രസ്വകാല- മധ്യകാല വായ്പകള്‍ നല്‍കുക എന്നിവയായിരിക്കും സംഘങ്ങളുടെ പ്രധാന ലക്ഷ്യം. സര്‍ക്കാര്‍ പരിപാടികളില്‍ ഉള്‍പ്പടെ സംഘങ്ങളുടെ പരിപാടികള്‍ ഉറപ്പാക്കാന്‍ ശ്രമിക്കും. അതുവഴി സംഘാംഗങ്ങളായ കലാകാരന്മാര്ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. വായ്പ നല്‍കുന്നതോടൊപ്പം കലാകാരന്മാര്ക്ക് സ്ഥിരം വേദിയൊരുക്കുന്നതും പ്രധാനമാണെന്ന് സഹകരണമന്ത്രി വി.എന്‍ വാസവന് പറഞ്ഞു.