കര്‍ഷക കൂട്ടായ്മയില്‍ മലയോര ഗ്രാമങ്ങളില്‍ ഫാം ടൂറിസം പച്ചപിടിക്കുന്നു
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ ഒരു സംഘം കര്‍ഷകര്‍ ഫാം ടൂറിസത്തിന്റെ പുതിയ സാധ്യതകള്‍ തേടുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ കാണാനും അതു പകര്‍ത്തി മറ്റിടങ്ങളില്‍ പ്രയോഗിക്കാനും സഹകാരികളും കര്‍ഷകരുമുള്‍പ്പെടെയുള്ളവര്‍ ഇവിടേക്കു വന്നുകൊണ്ടിരിക്കുന്നു. പലയിടങ്ങളിലെ കര്‍ഷകരെ കോര്‍ത്തിണക്കി സഹകരണസംഘങ്ങള്‍ക്കു
ആലോചിക്കാവുന്ന പുതിയ സംരംഭമാണു ഫാം ടൂറിസം.
പ്രകൃതിയുടെ കനിവും കര്‍ഷകരുടെ അധ്വാനവും ഒത്തുചേര്‍ന്നപ്പോള്‍ മുന്നോട്ടു കുതിച്ച മലയോര കാര്‍ഷികമേഖലയിലെ പാരമ്പര്യരീതികളും പുതുപരീക്ഷണങ്ങളും ഇതാ കണ്‍മുന്നില്‍ കാണാന്‍ അവസരം. ഉപജീവനക്കൃഷിയും വാണിജ്യക്കൃഷിയും കോര്‍ത്തിണക്കി നേട്ടങ്ങള്‍ കൊയ്തു നാടിന്റെ അംഗീകാരവും ആദരവും ഏറ്റുവാങ്ങിയ കാര്‍ഷികപ്രതിഭകളെ അവരുടെ കൃഷിസ്ഥലത്തു ചെന്നു നമുക്കു പരിചയപ്പെടാം. പശുവും ആടും കോഴിയും താറാവും അലങ്കാരമത്സ്യങ്ങളും വളര്‍ത്തുമത്സ്യങ്ങളുമൊക്കെ വലിയ ഫാമുകളില്‍ വളര്‍ന്നു സംയോജിതക്കൃഷിയുടെ ഭാഗമായി കൃഷിക്കാരനു മികച്ച വരുമാനം നല്‍കുന്നതിന്റെ വിവരങ്ങള്‍ നേരിട്ടറിയാം.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ ഒരു സംഘം കര്‍ഷകരിപ്പോള്‍ ഫാം ടൂറിസത്തിന്റെ പുതിയ പരീക്ഷണത്തിലാണ്. കൃഷിയെ അറിയാനും കാര്‍ഷികരംഗത്തെ പുതുചലനങ്ങള്‍ മനസ്സിലാക്കാനും കൃഷിക്കാരും കാര്‍ഷിക വിദഗ്ധരും ഉദ്യോഗസ്ഥരും സഹകാരികളുമൊക്കെ എത്താന്‍ തുടങ്ങിയതോടെ മലയോര കാര്‍ഷികമേഖലയ്ക്കു അതു പുത്തനുണര്‍വായി. ജൈവവൈവിധ്യങ്ങള്‍ നിറഞ്ഞ ഗ്രാമങ്ങളില്‍ ജലസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തിയും പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ചെറുവീടുകള്‍ പണിതും സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണവര്‍.
ഫാം ടൂറിസം
എന്ന പുതുവഴി
പ്രളയവും കോവിഡും സാമ്പത്തികരംഗത്തു സൃഷ്ടിച്ച ആഘാതങ്ങളില്‍നിന്നു കരകയറാന്‍ കേരളം കണ്ടെത്തിയ പല വഴികളിലൊന്നാണു ഫാം ടൂറിസം. കൃഷിയും ടൂറിസവും ബന്ധിപ്പിക്കുന്ന നിരവധി സംരംഭങ്ങള്‍ അടുത്ത കാലത്തായി രൂപം കൊണ്ടത് ഇതിനു തെളിവാണ്. ഏക്കര്‍കണക്കിനു ഭൂമിയില്‍ കൃഷിത്തോട്ടങ്ങളൊരുക്കിയും മൃഗങ്ങളുടെയും പക്ഷികളുടേയും ഫാമുകള്‍ നിര്‍മിച്ചും താമസത്തിനും വിനോദത്തിനും സൗകര്യങ്ങള്‍ സജ്ജീകരിച്ചും ഉല്‍പ്പന്നവിപണികളും ഭക്ഷണശാലകളും മറ്റും ഏര്‍പ്പെടുത്തിയും കോടികള്‍ ചെലവിടുന്ന പദ്ധതികള്‍ പലേടത്തും വന്നുകഴിഞ്ഞു. ഗ്രാമീണകേരളത്തിന്റെ തനിമയും പ്രകൃതിയും കൃഷിയുമൊക്കെ ആസ്വദിക്കാനെത്തുന്നവര്‍ക്കുവേണ്ടി റിസോര്‍ട്ടുകളും ഹോം സ്റ്റേകളും നിര്‍മിച്ച്, യാത്രാസൗകര്യങ്ങള്‍ നല്‍കി, നാട്ടുമ്പുറങ്ങളില്‍ ചെറിയ തോതില്‍ ടൂറിസത്തിലേക്കു ചുവടുവെയ്ക്കുന്ന സഹകരണസംഘങ്ങളും വ്യക്തികളുമുണ്ട്. എന്നാല്‍, തിരുവമ്പാടിയിലെ കര്‍ഷകരുടെ കൂട്ടായ്മ ഫാം ടൂറിസത്തില്‍ മറ്റെങ്ങുമില്ലാത്ത ക്ലസ്റ്റര്‍ രീതിയാണു പരീക്ഷിക്കുന്നത്. ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളില്‍ അവാര്‍ഡുകള്‍ വാങ്ങിയ കൃഷിക്കാരുടെ ഫാമുകള്‍ സന്ദര്‍ശിക്കാനും അവിടത്തെ കൃഷിരീതികള്‍ പഠിക്കാനുമുളള അവസരം ഒരുക്കിയിരിക്കുയാണവര്‍. കൃഷിയിലും അനുബന്ധമേഖലകളിലും നൂതനരീതികള്‍ പരീക്ഷിച്ച് വിജയം കണ്ടെത്തി പ്രാദേശികതലത്തില്‍ ശ്രദ്ധേയമായ ഫാമുകളും ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവഞ്ഞിവാലി ഫാം ടൂറിസം സൊസൈറ്റി രൂപവല്‍ക്കരിച്ചാണു കര്‍ഷകര്‍ പുതിയ ഉദ്യമത്തിനിറങ്ങിയത്. തിരുവമ്പാടി, പുന്നയ്ക്കല്‍, പുല്ലൂരാംപാറ, ആനക്കാംപൊയില്‍ പ്രദേശങ്ങളിലുള്ള ഫാമുകളാണു സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തിയത്. വലിയ വാഹനങ്ങള്‍ക്കു ചെന്നെത്താന്‍ കഴിയുന്ന സ്ഥലങ്ങളായതിനാല്‍ ഒരു പകല്‍ ചെലവഴിച്ചാല്‍ എല്ലാ ഫാമുകളും കാണാനാവും. സംഘങ്ങളായി വരുന്നവര്‍ക്കു ഭക്ഷണത്തിനും വിശ്രമത്തിനുമൊക്കെ ഫാമുകളില്‍ത്തന്നെ സൗകര്യമൊരുക്കിയിട്ടുണ്ട്.
തടാകക്കരയില്‍
തുടക്കം
തിരുവമ്പാടി പുല്ലൂരാംപാറ റോഡിലെ പെരുമാലിപ്പടിയിലെ പ്ലാത്തോട്ടത്തില്‍ ജയ്‌സന്റെ ലേക്ക് വ്യൂ ഫാമിലാണ് ആദ്യസന്ദര്‍ശനം. കണ്ണൂര്‍ ജില്ലയിലെ കരുവഞ്ചാലില്‍ നിന്നു ശ്രേയസ് സംഘത്തിലെ 19 അംഗങ്ങള്‍ കാലത്ത് ഇവിടെ എത്തിയിട്ടുണ്ട്. അവരെ സ്വീകരിക്കാനും പ്രഭാത ഭക്ഷണം നല്‍കാനും ടൂറിസം സൊസൈറ്റി പ്രസിഡന്റ് അജി എമ്മാനുവലും സഹപ്രവര്‍ത്തകരുമുണ്ട്. കൊച്ചുതടാകത്തിന്റെ കരയിലാണു സഞ്ചാരികള്‍ക്കു സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. എഴു വര്‍ഷമായി മത്സ്യക്കൃഷി നടത്തുന്ന തടാകത്തിലിപ്പോള്‍ നാലും അഞ്ചും കിലോഗ്രാം വരെ തൂക്കമുള്ള മത്സ്യങ്ങളുണ്ട്. മുളങ്കൂട്ടങ്ങള്‍ തണല്‍ വിരിച്ച തടാകത്തിന്റെ നടുവിലുള്ള വിശ്രമസ്ഥലത്തേക്കു നടപ്പാലവും ചൂണ്ടയിട്ട് മത്സ്യം പിടിക്കാനുളള സൗകര്യവുമുണ്ട്. തടാകക്കരയില്‍ കുടുംബങ്ങള്‍ക്കു താമസസൗകര്യവും 30 പേര്‍ക്ക് ഒത്തുകൂടാനുള്ള സജ്ജീകരണങ്ങളുമുണ്ട്. നാലു പേര്‍ക്ക് ഉല്ലാസയാത്ര നടത്താവുന്ന പെഡല്‍ ബോട്ടുണ്ട്. ആദ്യകാല കുടിയേറ്റക്കാര്‍ കാട്ടുമൃഗങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ ഉപയോഗിച്ചിരുന്ന ഏറുമാടത്തിന്റെ മാതൃകയില്‍ ഒറ്റമുറി വീടും നിര്‍മിച്ചിട്ടുണ്ട്.
പുല്ലൂരാംപാറ റോഡില്‍ മുട്ടത്തുകുന്നേല്‍ ബോണി ജോസഫിന്റെ ഗ്രെയ്‌സ് ഗാര്‍ഡനിലേക്കാണ് അടുത്ത യാത്ര. അലങ്കാര മത്സ്യക്കൃഷിയിലൂടെ അറിയപ്പെടുന്ന ബോണിയിപ്പോള്‍ ലക്കി ബാംബു എന്ന ചെടിയുപയോഗിച്ച് നിര്‍മിക്കുന്ന കരകൗശല ഉല്‍പ്പന്നങ്ങളിലാണു ശ്രദ്ധയൂന്നിയിരിക്കുന്നത്. ലക്കി ബാംബു വന്‍തോതില്‍ കൃഷി ചെയ്യുകയും പാകമാവുമ്പോള്‍ വെട്ടിയെടുത്തു കലാരൂപങ്ങളാക്കി പ്ലാസ്റ്റിക് പാത്രങ്ങളില്‍ സെറ്റ് ചെയ്തു വിപണനം നടത്തുകയുമാണു ചെയ്യുന്നത്. വിവിധതരം അലങ്കാര മത്സ്യങ്ങള്‍ക്കു പുറമെ വലിയ കുളത്തില്‍ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളേയും ബോണി വളര്‍ത്തുന്നുണ്ട്. സംസ്ഥാന ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം ജനകീയ മത്സ്യക്കൃഷിയുടെ ഭാഗമായി ശുദ്ധജല കൂടു കൃഷിക്കു തിരഞ്ഞെടുത്തിരിക്കുന്നതു ബോണിയുടെ കുളമാണ്. കൂടു കൃഷിയുടെ സജ്ജീകരണങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
കാലിവളര്‍ത്തലില്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധേയനായ ആനക്കാംപൊയിലിലെ എമേഴ്‌സന്‍ കല്ലോലിക്കലിന്റെ കൃഷിസ്ഥലം വൈവിധ്യവത്കരണത്തിന്റെ മികച്ച മാതൃകയാണ്. അത്യൂല്‍പ്പാദനശേഷിയുള്ള പശുക്കളെ ശാസ്ത്രീയമായി വളര്‍ത്തി മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡുകള്‍ നേടിയെടുത്ത എമേഴ്‌സന്‍ കാലിവളമുപയോഗിച്ച് ഏഴ് ഏക്കറില്‍ നടത്തുന്ന കൃഷിയും ശ്രദ്ധേയമാണ്. നല്ല ഉല്‍പ്പാദന ശേഷിയുള്ള ജാതിക്ക ഇനങ്ങളുടെ പരീക്ഷണകേന്ദ്രംകൂടിയാണ് എമേഴ്‌സന്റെ തോട്ടം. ജാതിത്തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പന നടത്തുന്നുമുണ്ട്. കൃഷിസ്ഥലത്തെ കുളവും ആധുനിക ജലസേചന രീതികളുമൊക്കെ കൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ക്കു കണ്ടുപഠിക്കാം. സമുദ്ധമായി വെള്ളം നല്‍കിയാല്‍ തെങ്ങും കമുങ്ങും കുരുമുളകും ജാതിയുമൊക്കെ നല്ല വരുമാനം നല്‍കുമെന്ന് എമേഴ്‌സന്‍ സാക്ഷ്യപ്പെടുത്തുന്നു. റെഡ് നാപ്പിയര്‍, സി.ഒ 5 എന്നീ തീറ്റപ്പുല്ലുകളും വളര്‍ത്തുന്നുണ്ട്. നല്ലയിനം കുരുമുളക് തൈകളും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 10 സെന്റ് സ്ഥലത്തു കുളം നിര്‍മിച്ചു വിവിധയിനം മത്സ്യങ്ങളെ വളര്‍ത്തിയും എമേഴ്‌സന്‍ കര്‍ഷകര്‍ക്കു മാതൃക കാട്ടുന്നു.
കേരകേസരിയുടെ
ഫാമില്‍
പന്ത്രണ്ടേക്കര്‍ വരുന്ന കൃഷിസ്ഥലലും അതിന്റെ നടുവിലൊരു അരുവിയും ചെറുവെള്ളച്ചാട്ടങ്ങളും മനം കുളിര്‍പ്പിക്കുന്ന അനുഭവമാണ് ആനക്കാംപൊയിലിലെ ഡൊമിനിക് മണ്ണുകുശുമ്പലിന്റെ കാര്‍മല്‍ ഫാമിലെത്തുന്നവര്‍ക്ക്. രാജ്യത്തെ മികച്ച കേര കര്‍ഷകനുള്ള നാളികേര വികസന ബോര്‍ഡിന്റെ അവാര്‍ഡും സംസ്ഥാനത്തെ കര്‍ഷകോത്തമ, കേരകേസരി അവാര്‍ഡുകളുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഡൊമിനിക്കിന്റെ വീട്ടിലെ സ്വീകരണമുറിയിലെ അലമാറകള്‍ നിറയെ കീര്‍ത്തിമുദ്രകളും ഫലകങ്ങളും പൊന്നാടകളും അടുക്കിവെച്ചിട്ടുണ്ട്. തെങ്ങുകൃഷിയില്‍ അവസാനവാക്കായി കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയുമൊക്കെ ഡൊമിനിക്കിനെ അംഗീകരിച്ചിട്ടുണ്ട്. വിവിധ കൃഷിഭവനുകളില്‍നിന്നു പഠനസംഘങ്ങള്‍ ഇവിടെ എത്തുന്നുണ്ട്. തെങ്ങില്‍തൈകളുടെ ഉല്‍പ്പാദനം, നടല്‍, പരിചരണം തുടങ്ങിയവയില്‍ ഡൊമിനിക്ക് സ്വന്തമായ രീതിതന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. രണ്ടര മീറ്റര്‍ വലിപ്പത്തില്‍ കുഴിയെടുത്തു വളം ചേര്‍ത്തു മണ്ണ് കൂട്ടി തൈവെച്ച് പരിചരിച്ചാല്‍ മൂന്നര വര്‍ഷം കൊണ്ട് കായ്ഫലം ലഭിക്കുന്നു. തെങ്ങ് വലുതായാല്‍ തടം തുറന്നു വളമിട്ട് മൂടുന്ന രീതി ഡൊമിനിക്കിനില്ല. തെങ്ങില്‍ ചുവട്ടിലെ സ്ഥിരം തടത്തില്‍ വളമിടുകയും പുതയിടുകയുമാണു ചെയ്യുന്നത്. സാധാരണ തെങ്ങില്‍നിന്നു ലഭിക്കുന്നതിന്റെ ഇരട്ടി എണ്ണം തേങ്ങ ഡൊമിനിക്കിനു ലഭിക്കുന്നുണ്ട്. ഡൊമിനിക് തയാറാക്കുന്ന ആയിരക്കണക്കിനു തെങ്ങില്‍തൈകളാണ് എല്ലാ വര്‍ഷവും ഇവിടെ നിന്നു വിതരണം ചെയ്യുന്നത്. വിവിധതരം പഴവര്‍ഗങ്ങളും ജാതിക്ക പോലുള്ള വാണിജ്യവിളകളും വന്‍തോതില്‍ കൃഷി ചെയ്തു വരുമാനമുണ്ടാക്കുന്നു. പശു, കോഴി, താറാവ്, തേനീച്ച തുടങ്ങിയവും ഡൊമിനിക്കിന്റെ ഫാമില്‍ വളര്‍ത്തുന്നുണ്ട്.
സാബുവിന്റെ
കൃഷിയും പൂന്തോട്ടവും
കര്‍ഷകശ്രീ അവാര്‍ഡ് ജേതാവായ തറക്കുന്നേല്‍ സാബു ജോസഫിന്റെ കൃഷിത്തോട്ടം സന്ദര്‍ശിക്കാനെത്തുന്നവര്‍ വലിയെരു പുന്തോട്ടത്തിലാണ് ആദ്യമെത്തുന്നത്. പുല്ലൂരാംപാറ – പുന്നയ്ക്കല്‍ റോഡിലെ പടിപ്പുര മുതല്‍ നിരനിരയായി സജ്ജീകരിച്ച ചെടികള്‍ പിന്നിട്ട് വീട്ടുമുറ്റത്തെത്തുമ്പോള്‍ പൂച്ചെടികളുടേയും ഇലച്ചെടികളുടേയും വിസ്മയലോകമാണ്. കലയും കൈവിരുതും മാറ്റുരക്കുന്ന ശില്‍പ്പങ്ങളുമുണ്ട്. ഏഴേക്കര്‍ കൃഷിയിടത്തില്‍ ഒരിഞ്ചുപോലും വെറുതെയിടാതെയാണു സാബു വിവിധ കൃഷികള്‍ നടത്തുന്നത്. തെങ്ങ്, കമുങ്ങ്, ജാതി, കാപ്പി, കുരുമുളക്, വാനില, തിപ്പലി, വാഴ, കപ്പ തുടങ്ങിയവക്കു പുറമെ നിരവധി പഴവര്‍ഗങ്ങളും സാബുവിന്റെ തോട്ടത്തിലുണ്ട്. ചെറുതേനീച്ച വളര്‍ത്തലില്‍ വലിയ വരുമാനമാണു സാബു നേടുന്നത്. ചെറുതേനീച്ചകള്‍ക്ക് ആയിരത്തോളം കൂടുകളാണു തനതായ രീതിയില്‍ സാബു ഒരുക്കിയിരിക്കുന്നത്. മരപ്പെട്ടികളിലാണു ചെറുതേനീച്ചകള്‍ വളരുന്നത്. പെട്ടിയില്‍ വെള്ളം വീഴാതിരിക്കാന്‍ എട്ടിഞ്ച് വലിപ്പമുള്ള പി.വി.സി. പൈപ്പുകള്‍ മുറിച്ച് ഒരു വശത്ത് അടപ്പിട്ട് പെട്ടി അതിനടുത്തുവെച്ചാണു റബ്ബര്‍മരങ്ങളിലും ജാതിമരങ്ങളിലുമൊക്കെ കെട്ടിത്തൂക്കിയിരിക്കുന്നത്. രാസവളങ്ങളും രാസ കീടനാശിനികളും കൃഷിയിടത്തിലേക്കു കയറ്റാത്ത സാബു ജൈവവളങ്ങള്‍ സ്വയം നിര്‍മിക്കുകയാണ്. വെച്ചൂര്‍ പശുക്കളെ വളര്‍ത്തി ജീവാമൃതമുണ്ടാക്കി പച്ചക്കറി കൃഷി ചെയ്തിരുന്ന സാബു ഇപ്പോള്‍ കൃഷിയിടത്തിന്റെ ഒരു ഭാഗം അയല്‍വാസികള്‍ക്കു പശുവളര്‍ത്താന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. ഇതുവഴി പശുവിന്റെ ചാണകവും മൂത്രവും കൃഷിയിടത്തില്‍ വേണ്ടത്ര ലഭിക്കുന്നു. ജലസമൃദ്ധമായ സ്ഥലത്തു കാന നിര്‍മിച്ച് വെള്ളം പല ഭാഗത്തേക്കും ഒഴുക്കി മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നു. കാര്‍ഷികജോലികള്‍ സ്വന്തമായി ചെയ്യുന്ന സാബു കൃഷിതന്ത്രങ്ങളും രീതികളും സന്ദര്‍ശകര്‍ക്കു നന്നായി വിശദീകരിച്ചുകൊടുക്കും. സാബുവിന്റെ കൃഷിയിടം കണ്ട് പുറത്തിറങ്ങുന്നവര്‍ക്കു കാര്‍ഷിക രംഗത്തേക്കു ചുവടു വെയ്ക്കാന്‍ ആത്മവിശ്വാസം ലഭിക്കുന്നു.
മൂല്യവര്‍ധിത
ഉല്‍പ്പന്നങ്ങള്‍
കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പാദനയൂണിറ്റ് സന്ദര്‍ശിക്കാനും സംഘാടകര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ബി.എം. ഫുഡ്‌സ് എന്ന പേരില്‍ ബീന അജു പുന്നയ്ക്കലില്‍ നടത്തുന്ന സ്ഥാപനത്തില്‍ കറിപ്പൊടികളും അവലോസ് പൊടിയും കുഴലപ്പവും വെന്ത വെളിച്ചെണ്ണയുമൊക്കെ ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്തുന്നു. താലോലം എന്ന പേരില്‍ ബീനയുടെ ഇക്കോ ഫ്രണ്ട്ലി കളിപ്പാട്ട നിര്‍മാണ യൂണിറ്റും കാണാം,. മരത്തടിയില്‍ നിര്‍മിച്ച ശിശു സൗഹൃദ കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ ബുദ്ധിവികാസംകൂടി ഉദ്ദേശിച്ചുള്ളതാണ്.
തിരുവമ്പാടി ഫാം ടൂറിസം സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആകര്‍ഷകമായ മറ്റൊരു സംരംഭം നെല്ലാനിച്ചാലിലെ പുരയിടത്തില്‍ ജോസ് എന്ന ജേക്കബ് തോമസിന്റെ ആട് ഫാമാണ്. ആടുവളര്‍ത്തലില്‍ കാല്‍ നൂറ്റാണ്ട് കാലത്തെ അനുഭവമുളള ജേക്കബ് തോമസ് വളര്‍ത്തുന്ന പത്ത് ഇനം ആടുകളില്‍ അഴകും ഗാംഭീര്യവുമുള്ള ജംന പ്യാരിയും ഒരാള്‍പ്പൊക്കത്തില്‍ വളരുന്ന ബീറ്റല്‍ ഇനങ്ങളും ഉള്‍പ്പെടുന്നു. മലബാറി, സോജത്, സിരോഹി, ഹൈദരബാദി തുടങ്ങിയ ഇനങ്ങളില്‍ എഴുപതോളം ആടുകളുണ്ട് ഈ ഫാമില്‍. 75,000 രൂപവരെ വില കിട്ടുന്ന ജംനാ പ്യാരി വെള്ളയും തവിട്ടു കലര്‍ന്ന വെള്ളയും നിറങ്ങളിലാണു കാണുന്നത്. ഒരടിയോളം നീളത്തില്‍ താഴേക്കു വളര്‍ന്ന ചെവിയും പിന്നോട്ട് ചെരിഞ്ഞ കൊമ്പും ഇവയെ ആകര്‍ഷകമാക്കുന്നു. ബീറ്റല്‍ ആടുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലയുണ്ട്. ആട്ടിന്‍കുട്ടികളെ വിറ്റാണു ജോസ് വരുമാനമുണ്ടാക്കുന്നത്. ശാസ്ത്രീയമായി ആടുവളര്‍ത്തുന്നതിനെപ്പറ്റി ഫാമിലെത്തുന്നവരെ പറഞ്ഞു മനസ്സിലാക്കാനും ജോസ് തയാറാണ്.
ഇസ്രായേല്‍ സാങ്കേതികവിദ്യയായ ഹൈ ഡെന്‍സിറ്റി ഫാമിങ് വഴി അലങ്കാരമത്സ്യങ്ങളെ വന്‍തോതില്‍ ഉല്‍പാദിപ്പിച്ച് വിപണനവും കയറ്റുമതിയും നടത്തുന്ന പനച്ചിക്കല്‍ അക്വ പെറ്റ്‌സ് മലയോരത്തു ഫാം ടൂറിസത്തില്‍ ഉള്‍പ്പെട്ട സ്ഥാപനമാണ്. സമ്പൂര്‍ണ യന്ത്രവല്‍ക്കരണം നടപ്പാക്കിയ കൈരളി കാറ്റില്‍ ഫാം മാതൃകാ ക്ഷീര കര്‍ഷകനായ കൊച്ചു പ്ലാക്കല്‍ സജിമോന്റെ ഉടമസ്ഥതയിലുള്ളതാണ്. ക്ഷീര കര്‍ഷകര്‍ക്ക് ഏറെ പഠിക്കാനുളള ഈ ഫാമിലെ ഉല്‍പ്പന്നങ്ങള്‍ സ്വന്തം ബ്രാന്റില്‍ വിപണിയിലിറക്കിയിട്ടുണ്ട്. വിവിധയിനം നായ്ക്കളെ വളര്‍ത്തുന്ന മിന്നൂസ് കെന്നലും പച്ചക്കറിക്കൃഷിയില്‍ മാതൃക കാട്ടുന്ന അരീത്തറയില്‍ ജോസ് കുട്ടിയുടെ കൃഷിയിടവും ഫാം ടൂറിസം ഗ്രാമത്തിലെ ശ്രദ്ധേയ സംരംഭങ്ങളാണ്. ഫാം ടൂറിസം സര്‍ക്യൂട്ട് സന്ദര്‍ശനം നല്ല അനുഭവമായിരുന്നുവെന്ന് ശ്രേയസ് സോഷ്യല്‍ സര്‍വീസ് സംഘടനയുടെ സോണല്‍ മാനേജര്‍ സാജന്‍ വര്‍ഗീസ് പറഞ്ഞു. കാര്‍ഷികരംഗത്തു നേട്ടങ്ങള്‍ കൊയ്തവരുടെ അനുഭവങ്ങള്‍ പങ്ക് വെച്ചതും പുതിയ കൃഷിരീതികള്‍ പഠിക്കാനായതും സംഘാംഗങ്ങള്‍ക്കു പ്രോത്സാഹനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫാം ടൂറിസത്തിന്റെ ഭാഗമായി തിരുവമ്പാടിയിലെത്തുന്നവര്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതും മലയോര മേഖലക്ക് ഉണര്‍വ് നല്‍കുന്നുണ്ട്. ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറ വെള്ളച്ചാട്ടമാണു സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. തുഷാരഗിരി, പതങ്കയം, ഉറുമി, കോഴിപ്പാറ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളും സജീവമാണ്.
സാധ്യത പഠിക്കാന്‍
പ്രമുഖര്‍
തിരുവമ്പാടിമാതൃകയില്‍ കണ്ണൂര്‍ ജില്ലയില്‍ ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ സാധ്യത പഠിക്കാന്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘം ഈയിടെ തിരുവമ്പാടിയിലെ ഫാമുകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഡി.ടി.പി.സി. സെക്രട്ടറി ജിജേഷ് കുമാര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. കേന്ദ്ര ടൂറിസം വകുപ്പിന്റെ കേരളത്തിലെ നോഡല്‍ ഓഫീസര്‍ എന്‍. രവികുമാറും ഫാം ടൂറിസം സര്‍ക്യൂട്ട് സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. ഉത്തരവാദിത്വ ടൂറിസം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകല ലക്ഷ്മിയുടെ നേതൃത്വത്തില്‍ പഠനസംഘവും തിരുവമ്പാടിയിലെത്തി വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി കര്‍ഷക ഗ്രൂപ്പുകള്‍ ഇതിനകം എത്തിയിട്ടുണ്ട്. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും കൃഷി അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തയാറെടുക്കുന്നവര്‍ പ്രോജക്ട് തയാറാക്കാന്‍ തിരുവമ്പാടിയിലെ ഫാമുകള്‍ മാതൃകയാക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ കേളകം ഗ്രാമപ്പഞ്ചായത്തിലേയും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലേയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഫാമുകള്‍ സന്ദര്‍ശിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാം ടൂറിസം പ്രോത്സാഹനത്തിനു പദ്ധതിത്തുക വകയിരുത്തിയിട്ടുണ്ട്. മലബാര്‍ ടൂറിസം കൗണ്‍സിലിന്റെ ഗ്രൂപ്പും ഫാമുകള്‍ സന്ദര്‍ശിച്ച് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇരുവഞ്ഞിവാലി സംഘത്തില്‍ 14 കര്‍ഷകരാണു തുടക്കത്തില്‍ പദ്ധതിയില്‍ പങ്കാളികളായിരിക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെ ‘ആത്മ’ പദ്ധതിയുടെ കീഴില്‍ ഫാര്‍മേഴ്‌സ് ഇന്ററസ്റ്റ് ഗ്രൂപ്പ് ( എഫ്.ഐ.ജി ) എന്ന അംഗീകാരം സംഘത്തിനു ലഭിച്ചിട്ടുണ്ട്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പിന്തുണ എഫ്.ഐ.ജി. കള്‍ക്കു ലഭിക്കും. കൂടരഞ്ഞി, കോടഞ്ചേരി, ഓമശ്ശേരി, പുതുപ്പാടി പഞ്ചായത്തുകളിലും സമാന രീതിയില്‍ സംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇരുവഞ്ഞി വാലി സംഘം ഓരോ മാസവും യോഗം ചേര്‍ന്നു പ്രവര്‍ത്തനാവലോകനം നടത്തുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്ന സന്ദര്‍ശകര്‍ക്കാണ് ഇപ്പോള്‍ ഫാം സന്ദര്‍ശനം അനുവദിക്കുന്നത്. ഇതു താമസിയാതെ കുടുംബങ്ങള്‍ക്കുകൂടി നല്‍കും. ആഴ്ചയിലൊരു ദിവസം വ്യക്തികള്‍ക്കും ഫാം കാണാന്‍ വാഹന സൗകര്യമുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. അജു എമ്മാനുവലാണു സംഘം പ്രസിഡന്റ്. സജിമോന്‍ ജോസഫ് സെക്രട്ടറിയും സാബു ജോസഫ് ട്രഷററുമാണ്.