കണ്‍സോര്‍ഷ്യത്തിന് പണം; പലിശയിലും ഗ്യാരന്റിയിലുംവ്യക്തത തേടിസഹകാരികള്‍ 

Deepthi Vipin lal
കരുവന്നൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാനുള്ള കണ്‍സോര്‍ഷ്യം രൂപീകരണത്തില്‍ ഒരു വിഭാഗം സഹകരണ സംഘങ്ങള്‍ വ്യക്തത ആവശ്യപ്പെട്ടു. ഒട്ടേറെ സംഘങ്ങള്‍ പ്രതിസന്ധി നേരിടുന്നുണ്ട്. കരുവന്നൂരിന് സമാനമായ രീതിയില്‍ നിക്ഷേപം തിരിച്ചുകൊടുക്കാന്‍ കഴിയാത്ത സ്ഥിതി മാവേലിക്കരയില്‍ ഒരു സംഘത്തിനുണ്ട്. ഇവയിലെല്ലാം വ്യത്യസ്ത രാഷ്ട്രീയ നേതൃത്വമാണ് ഭരണത്തിലുള്ളത്. സംഘങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്കു സഹകരണ കൂട്ടായ്മയിലൂടെ പരിഹാരം കണ്ടെത്തുകയാണ് സര്‍ക്കാര്‍ നയമെങ്കില്‍ അത് പ്രതിപക്ഷവുമായി കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമാണെന്നാണ് ഒരു വിഭാഗം സഹകാരികളുടെ നിലപാട്.

തൃശ്ശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് സഹകാരികളാണ് കണ്‍സോര്‍ഷ്യത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ വ്യക്തതയുണ്ടാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്. പ്രാഥമിക സഹകരണ ബാങ്ക്, മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി, അര്‍ബന്‍ ബാങ്ക്, കാര്‍ഷിക വികസന ബാങ്ക്, വനിതാ സഹകരണസംഘം എന്നിവയുടെ പ്രസിഡന്റുമാരുടെ യോഗമാണ് ഡി.സി.സി. ഓഫീസില്‍ ചേര്‍ന്നത്. ഏഴ് കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള തീരുമാനങ്ങളും നിര്‍ദേശങ്ങളും അടങ്ങുന്ന കത്ത് അവര്‍ കെ.പി.സി.സി.ക്കും പ്രതിപക്ഷനേതാവിനും അയച്ചു.

കണ്‍സോര്‍ഷ്യത്തിന്റെ രൂപരേഖയെ സംബന്ധിച്ച് പ്രതിപക്ഷനേതാക്കളുമായി ചര്‍ച്ച നടത്തണമെന്നതാണ് ഇതിലെ പ്രധാന ആവശ്യം. കണ്‍സോര്‍ഷ്യത്തിന്റെ നിയമാവലി പ്രസിദ്ധപ്പെടുത്തണെ. അത് പ്രതിസന്ധിയിലാകുന്ന സഹകരണ ബാങ്കുകളെയും സംഘങ്ങളെയും സഹായിക്കാനുള്ള പൊതുമാനദണ്ഡത്തിന്റെ പരിധിയില്‍ വരുന്നതാകണം. നിക്ഷേപം തിരിച്ചുകൊടുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ മറ്റ് ബാങ്കുകളെക്കൂടി കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തണം.

ഒന്നരക്കോടി രൂപവരെ കണ്‍സോര്‍ഷ്യത്തിലേക്ക് ഒരു സഹകരണ സംഘത്തില്‍നിന്ന് വാങ്ങുമ്പോള്‍ ആ പണത്തിന് ആര് ഗ്യാരന്റി നല്‍കുമെന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. നിക്ഷേപകരില്‍നിന്ന് പലിശ നല്‍കി സംഘങ്ങള്‍ ശേഖരിച്ച പണമാണ് ഇത്തരത്തില്‍ നല്‍കേണ്ടത്. അതിനാല്‍, സര്‍ക്കാര്‍ ഗ്യാരന്റി ഇതിലുണ്ടാകുമെന്നതിന് ഉറപ്പുണ്ടാകണം. ഈ സംഖ്യയുടെ കാലാവധി, പലിശ നിരക്ക് എത്ര എന്ന കാര്യത്തിലും വ്യക്തതയുണ്ടാക്കണം.  നഷ്ടത്തില്‍ പോകുന്ന സംഘങ്ങളില്‍നിന്നുപോലും അവരുടെ നിക്ഷേപത്തില്‍നിന്ന് ഈ സംഖ്യ ഈടാക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് ഇക്കാര്യത്തില്‍ രാഷ്ട്രീയ വ്യക്തതയുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവിനും കെ.പി.സി.സി. പ്രസിഡന്റിനും കത്ത് നല്‍കിയതിലൂടെ സഹകാരികള്‍ ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published.