കണ്ടു പഠിക്കാന്‍ ഒരു കാരശ്ശേരി ബാങ്ക്

[mbzauthor]

1994 ല്‍ തുടങ്ങിയ കാരശ്ശേരി സഹകരണ ബാങ്കിനു
713 കോടി രൂപ പ്രവര്‍ത്തന മൂലധനവും 555 കോടി രൂപ
നിക്ഷേപവും 561 കോടി രൂപ വായ്പയുമുണ്ട്. കോഴിക്കോട്
താലൂക്ക് പ്രവര്‍ത്തനപരിധിയായുള്ള ബാങ്കിനു 98,657 അംഗങ്ങളും
ഒമ്പതു ശാഖകളും 66 ജീവനക്കാരുമുണ്ട്. ആധുനിക ബാങ്കിങ്
സൗകര്യങ്ങള്‍ ഇരുപതു വര്‍ഷം മുമ്പേ നടപ്പാക്കിയ ബാങ്കിന്റെ
അടുത്ത പദ്ധതികള്‍ സഹകരണ മ്യൂസിയവും അമ്യൂസ്‌മെന്റ്
പാര്‍ക്കുമാണ്.

 

കാലത്തിനൊപ്പം കുതിച്ച സഹകരണ ബാങ്കുകള്‍ ഏറെയുണ്ട് കേരളത്തില്‍. എന്നാല്‍, കാലത്തിനു മുമ്പെ കുതിച്ച സഹകരണ ബാങ്ക് എന്ന ബഹുമതി കാരശ്ശേരി ബാങ്കിനുള്ളതാണ്. കേരളത്തിലെ പല സഹകരണ ബാങ്കുകളും ഇപ്പോള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ 20 വര്‍ഷം മുമ്പുതന്നെ കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിലെത്തിയിട്ടുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തന സമയം, ഓഫീസ് ക്രമീകരണങ്ങള്‍, ഇടപാടുകാര്‍ക്കു നല്‍കുന്ന സേവനം, ജീവനക്കാരുടെ പരിശീലനം തുടങ്ങി പൊതുനന്മാ ഫണ്ടിന്റെ വിനിയോഗംവരെ സഹകാരികള്‍ക്കു പഠിക്കാന്‍ ഏറെയുണ്ട് കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്കില്‍.

1994 ലാണു കാരശ്ശേരി സഹകരണ ബാങ്കിന്റെ തുടക്കം. നേരത്തേ മുക്കം സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍പ്പെട്ട കാരശ്ശേരി പഞ്ചായത്തു പ്രദേശം പുതിയ ബാങ്കിന്റെ കീഴിലായി. പ്രമുഖ സഹകാരിയും കോണ്‍ഗ്രസ്സ് നേതാവുമായ എന്‍.കെ. അബ്ദുറഹിമാനായിരുന്നു ചീഫ് പ്രമോട്ടര്‍. നിക്ഷേപത്തിലും വായ്പയിലും കുറഞ്ഞ കാലം കൊണ്ട് കുതിച്ചുചാട്ടം നടത്തിയതോടെ കാരശ്ശേരി ബാങ്ക് ശ്രദ്ധിക്കപ്പെട്ടു. 713 കോടി രൂപ പ്രവര്‍ത്തന മൂലധനവും 555 കോടി രൂപ നിക്ഷേപവും 561 കോടി രൂപ വായ്പയുമുള്ള കാരശ്ശേരി ബാങ്ക് കേരളത്തിലെ ഒന്നാംനിര സഹകരണ ബാങ്കുകളുടെ പട്ടികയിലാണിപ്പോള്‍. 98,657 അംഗങ്ങളും ഒമ്പതു ശാഖകളും 66 ജീവനക്കാരും 35 കലക്ഷന്‍ ജീവനക്കാരുമുള്ള കാരശ്ശേരി ബാങ്കിന്റെ പ്രവര്‍ത്തനപരിധി കോഴിക്കോട് താലൂക്കാണ്. മുക്കം അങ്ങാടിയില്‍ അരീക്കോട് റോഡില്‍ സ്വന്തം കെട്ടിടത്തില്‍ ഹെഡ് ഓഫീസും മെയിന്‍ ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നു. കാരശ്ശേരി, നെല്ലിക്കാപറമ്പ്, മുരിങ്ങം പുറായി, മരഞ്ചാട്ടി, പാലാഴി, പൂവാട്ടുപറമ്പ്, രാമനാട്ടുകര, താമരശ്ശേരി എന്നിവിടങ്ങളിലാണു ശാഖകള്‍.

സേവനം
സമയബന്ധിതം

പ്രവര്‍ത്തന സമയത്തിലും സേവന സമയത്തിലുമൊക്കെ 2002 മുതല്‍തന്നെ കാരശ്ശേരി ബാങ്ക് മാറ്റങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന രീതിയില്‍ മാറ്റം വരുത്തിയതു വകുപ്പുതലത്തില്‍പ്പോലും എതിര്‍പ്പിനു കാരണമായി. ആദ്യം എട്ടു മുതല്‍ നാലു വരേയും പിന്നീട് എട്ടു മുതല്‍ എട്ടു വരേയുമാക്കി. നാട്ടിലെ മിക്ക സഹകരണ സംഘങ്ങളും കാരശ്ശേരിയുടെ മാറ്റം പിന്തുടര്‍ന്നതോടെ 24×7 എന്ന പൂര്‍ണസമയ സേവനം ഉറപ്പു വരുത്തിയായിരുന്നു അടുത്ത ചുവടുവെയ്പ്പ്. തീര്‍ന്നില്ല. ഒരൊറ്റ ദിവസവും അവധിയില്ലാതെ വര്‍ഷം മുഴുവന്‍ എല്ലാ സമയവും ബാങ്ക് തുറന്നുവെക്കുന്ന 365 x 24 എന്ന വെല്ലുവിളി ഏറ്റെടുത്താണ് ഇപ്പോള്‍ കാരശ്ശേരി ബാങ്ക് പ്രവര്‍ത്തിക്കുന്നത്. പണം ബാങ്കിലിടാനും പിന്‍വലിക്കാനും ബാങ്കുകാരുടെ സൗകര്യത്തിനല്ല, വ്യക്തികളുടെ സൗകര്യത്തിനാണു മുന്‍ഗണന നല്‍കേണ്ടത് എന്നതാണു കാരശ്ശേരി ബാങ്കിന്റെ നിലപാട്.

സേവന സമയത്തിലുമുണ്ട് കാരശ്ശേരിയില്‍ നിന്നു മാതൃക. ബാങ്കിലെത്തുന്നവര്‍ക്കു കുറഞ്ഞ സമയത്തിനകം സേവനം നല്‍കാന്‍ ബാങ്കിന്റെ തുടക്കകാലത്തുതന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബാങ്കില്‍ പുതിയ അക്കൗണ്ട് അരംഭിക്കാന്‍ വന്ന ആള്‍ക്ക് അഞ്ചു മിനിട്ടിനകം കാര്യങ്ങള്‍ നടത്തി ഫോട്ടോ പതിച്ച പാസ് ബുക്കുമായി പോവാനുള്ള സൗകര്യം 22 വര്‍ഷം മുമ്പുതന്നെയുണ്ട്. മെയിന്‍ ഓഫീസ് കാരശ്ശേരിയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തുപോലും സേവനങ്ങള്‍ വേഗത്തിലാക്കാന്‍ ക്യാമറ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. അപേക്ഷിച്ച ദിവസംതന്നെ വായ്പ അനുവദിക്കുന്ന രീതിയും കൊണ്ടുവന്നു. രണ്ടു മിനുട്ട് കൊണ്ട് ചെക്ക് മാറ്റാനും മൂന്നു മിനുട്ടു കൊണ്ട് ഡി.ഡി വാങ്ങാനും അഞ്ചു മിനിട്ടിനകം ഫണ്ട് ട്രാന്‍സ്ഫര്‍ സൗകര്യവുമൊക്കെ നല്‍കി ഉപഭോക്തൃസേവന ഗുണമേന്മ ഉറപ്പു വരുത്തി 2003 ല്‍ ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷനും നേടി. ബാങ്ക് അക്കൗണ്ടില്‍ പണമുള്ള ആള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ കോള്‍ ബാങ്കിങ് വഴി വീട്ടില്‍ പണമെത്തിച്ചു നല്‍കുന്ന സേവനവും കാരശ്ശേരി ബാങ്കിലുണ്ട്. പ്രവാസി അക്കൗണ്ടുടമകളാണ് ഈ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത്. എച്ച്.ഡി.എഫ്.സി. ബാങ്കുമായി സഹകരിച്ച് ഡി.ഡി. സൗകര്യം ഏര്‍പ്പെടുത്തിയതും ബാങ്കിന്റെ ആദ്യകാല മികവിന്റെ ഉദാഹരണമാണ്.

ആധുനിക
ബാങ്കിങ്

2000 ല്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു തുടക്കം കുറിച്ചപ്പോള്‍ മഹാരാഷ്ട്രയിലെ പ്രശസ്തമായ എസ്.വി.സി. സഹകരണ ബാങ്കിന്റെ സോഫ്റ്റ്‌വെയര്‍ പിന്തുണയായിരുന്നു കാരശ്ശേരി ബാങ്കിന്റെ മുതല്‍ക്കൂട്ട്. വാണിജ്യ ബാങ്കുകള്‍ എ.ടി.എം. സൗകര്യങ്ങള്‍ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തുടങ്ങിയ 2005 കാലത്തു മുക്കം അങ്ങാടിയില്‍ എ.ടി.എം സൗകര്യം ഏര്‍പ്പെടുത്തി കാരശ്ശേരി ബാങ്ക് തലയുയര്‍ത്തി നിന്നു. കേരളത്തില്‍ സഹകരണ ബാങ്കിങ് രംഗത്തെ ആദ്യത്തെ എ.ടി.എമ്മായിരുന്നു അത്. കലക്ഷന്‍ ഏജന്റുമാര്‍ക്കുവേണ്ടി ഹാന്റ് ഹെല്‍ഡ് ഡിവൈസ് കേരളത്തില്‍ ആദ്യം അവതരിപ്പിച്ചതും കാരശ്ശേരി ബാങ്കായിരുന്നു. മൊബൈല്‍ ആപ് വഴി ലോണ്‍ കലക്ഷന്‍ സൗകര്യം വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. കോര്‍ ബാങ്കിങ്, സി.ഡി.എം., ക്യാഷ് റീസൈക്ലിങ് മെഷീന്‍, മൊബൈല്‍ ബാങ്കിങ്, എസ്.എം.എസ്, ഇ.മെയില്‍ അലര്‍ട്ട്‌സ്, മൊബൈല്‍ പാസ് ബുക്ക് തുടങ്ങി ആധുനിക ബാങ്കിങ്ങിന്റെ എല്ലാ മേഖലയിലേക്കും കടന്നു കയറി എന്നു മാത്രമല്ല ഇവയില്‍ കാലഹരണപ്പെട്ട തന്ത്രങ്ങള്‍ പുതുക്കിത്തുടങ്ങുകയും ചെയ്തു. സഹകരണ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രവാസി നിക്ഷേപമുള്ള കാരശ്ശേരി ബാങ്കിലെ ആധുനിക സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതും പ്രവാസികളാണ്. ബാങ്കിന് ഐ.ടി. വിഭാഗവും ഡാറ്റ സെന്ററും ഗവേഷണ വിഭാഗവുമൊക്കെയുണ്ട്. മികച്ച പ്രൊഫഷണലുകളുടെ സേവനമാണു ബാങ്ക് ഉപയോഗപ്പെടുത്തുന്നത്. ബാങ്ക് പുതിയ കെട്ടിടം നിര്‍മിച്ച ശേഷം ഏര്‍പ്പെടുത്തിയ കൗണ്ടറുകള്‍ ജീവനക്കാര്‍ക്കു ഉപഭോക്താക്കളുമായി അടുത്തിടപഴകുന്നതിന് ഏറ്റവും സൗകര്യപ്രദമാണ്.

ബാങ്കിങ്ങിനു
മാത്രം ഊന്നല്‍

കേരളത്തിലെ ഭൂരിപക്ഷം സഹകരണ ബാങ്കുകളും വളം ഡിപ്പോ, നീതി സ്റ്റോര്‍, മെഡിക്കല്‍ ഷോപ്പ്, സൂപ്പര്‍ മാര്‍ക്കറ്റ്, കണ്‍സ്യൂമര്‍ സ്റ്റോര്‍ തുടങ്ങിയ ബാങ്കിങ്ങിതര മേഖലയിലേക്കു നീങ്ങിയപ്പോള്‍ കാരശ്ശേരി ബാങ്ക് ബാങ്കിങ് മേഖലക്കു മാത്രമാണ് ഊന്നല്‍ നല്‍കിയത്. കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്താന്‍ പഴയ സഞ്ചയിക മാതൃകയില്‍ കാരശ്ശേരി ബാങ്ക് സ്‌കൂളുകളില്‍ ആരംഭിച്ച സ്റ്റുഡന്റ്‌സ് സേവിങ്‌സ് സ്‌കീം വര്‍ഷങ്ങളായി മികച്ച രീതിയില്‍ നടക്കുന്നു. കുട്ടികള്‍തന്നെയാണ് ഈ പദ്ധതിയില്‍ ബാങ്കിങ് ജോലികള്‍ നടത്തുന്നത്. നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ പലിശരഹിത വായ്പാ പദ്ധതിയെ സഹകരണമന്ത്രി അഭിനന്ദിക്കുകയുണ്ടായി. കനത്ത പലിശക്കു സ്വകാര്യ ബാങ്കില്‍ നിന്നു വായ്പയെടുത്തു കടക്കെണിയിലായരെ രക്ഷിക്കാനുള്ള പദ്ധതിയും മാതൃകാപരമാണ്. കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം ഉടമകള്‍ ബാങ്കിലടക്കുകയും ബാങ്ക് ബന്ധപ്പെട്ടവര്‍ക്കു കൈമാറുകയും ചെയ്യുന്ന പദ്ധതിയുണ്ട്. ഗള്‍ഫില്‍ നിന്നു തിരിച്ചെത്തി നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് അകമഴിഞ്ഞ പിന്തുണ കാരശ്ശേരി ബാങ്ക് നല്‍കുന്നുണ്ട്. സ്ത്രീശാക്തീകരണത്തിനും സ്വയം തൊഴില്‍ പദ്ധതിക്കും കൂടുതല്‍ തുക മാറ്റിവെക്കാന്‍ ബാങ്കിനു കഴിയുന്നുണ്ട്. നിക്ഷേപ സമാഹരണം പോലെ കുടിശ്ശിക നിവാരണത്തിനും ഭരണ സമിതിയും ജീവനക്കാരും ഒറ്റക്കെട്ടായി ഫീല്‍ഡിലിറങ്ങും.

കേരളത്തില്‍ നബാര്‍ഡില്‍ നിന്നു നേരിട്ട് ധനസഹായം വാങ്ങിയ ആദ്യത്തെ പ്രാഥമിക സംഘം എന്ന ബഹുമതി കാരശ്ശേരി ബാങ്കിനാണ്. നോട്ടു നിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരശ്ശേരി ബാങ്ക് കൈകാര്യം ചെയ്ത രീതി സംസ്ഥാന തലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. കറന്‍സിക്കു പകരം കൂപ്പണ്‍ കൊടുത്തു ബാങ്ക് ഇടപാടുകാരെ തൃപ്തിപ്പെടുത്തി. കൂപ്പണ്‍ കൊടുത്താല്‍ സാധനങ്ങള്‍ നല്‍കാന്‍ കച്ചവടക്കാര്‍ തയാറായി. കച്ചവടക്കാര്‍ നല്‍കുന്ന കൂപ്പണ്‍ ശേഖരിച്ച് ബാങ്ക് പണം നല്‍കി.

നിയമനം,
പരിശീലനം

ജീവനക്കാരുടെ നിയമനത്തിലും പരിശീലനത്തിലും കാരശ്ശേരി ബാങ്ക് കാണിക്കുന്ന ജാഗ്രത അവരുടെ സേവനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ജീവനക്കാര്‍ക്കു വിവിധ വിഷയങ്ങില്‍ തുടര്‍ച്ചയായ പരിശീലനം നല്‍കുന്നുണ്ട്. ഐ. ഐ.എം, എന്‍.ഐ.ടി, ആര്‍.ബി.ഐ, നബാര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായത്തോടെയാണു പരിശീലന പരിപാടികള്‍ നടത്തുന്നത്. സഹകരണ വകുപ്പ്, രജിസ്‌ടേഷന്‍ വകുപ്പ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥരും ട്രെയിനര്‍മാരായി എത്തുന്നു. കൃത്യമായി സ്റ്റാഫ് യോഗങ്ങള്‍ നടത്തിയും ജീവനക്കാര്‍ക്കു ജോലിയില്‍ ടാര്‍ജറ്റ് നിശ്ചയിച്ചും മികവ് പുലര്‍ത്തുന്നവരെ ആദരിച്ചും കാര്യക്ഷമത ഉറപ്പു വരുത്തുന്നു. ജീവനക്കാര്‍ക്കു പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്ന ബാങ്ക് നല്ലതു പ്രായോഗികമാക്കുകയും ചെയ്യുന്നു.

ക്ഷേമ
പദ്ധതികള്‍

സേവന രംഗത്തു വലിയ തുക വര്‍ഷംതോറും ചെലവഴിക്കുന്ന കാരശ്ശേരി ബാങ്കിന്റെ ക്ഷേമപദ്ധതികളും ആകര്‍ഷണീയമാണ്. 60 വയസ്സ് കഴിഞ്ഞ അംഗങ്ങള്‍ക്കു ബാങ്ക് പെന്‍ഷന്‍ നല്‍കുന്നു. നാട്ടിലെ നിര്‍ധനരായ രോഗികള്‍ക്കും അശരണര്‍ക്കും പ്രതിമാസ പെന്‍ഷന്‍ തുക ബാങ്ക് കൃത്യമായി എത്തിച്ചു കൊടുക്കും. മുക്കത്തെ പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്ററിനു സൗജന്യമായി ആംബുലന്‍സ് നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ കീഴിലുള്ള സൗജന്യ ഡയാലിസിസ് കേന്ദ്രം പാവപ്പെട്ട രോഗികള്‍ പ്രയോജനപ്പെടുത്തുന്നു. മൊബൈല്‍ ഫ്രീസര്‍ സൗകര്യം സൗജന്യമായി നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കു ടാബ്, സ്മാര്‍ട്ട് ഫോണ്‍, പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവ നല്‍കുന്നു. 65 സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കുന്ന മാതൃകാപദ്ധതി കാരശ്ശേരി ബാങ്ക് നടപ്പാക്കുകയുണ്ടായി. പട്ടിണിയില്ലാത്ത മുക്കം എന്ന പദ്ധതി പ്രകാരം അങ്ങാടിയിലെ ഹോട്ടലുകാരുമായി സഹകരിച്ച് നടപ്പാക്കിയ ഭക്ഷണ വിതരണ പരിപാടിയും ശ്രദ്ധേയമാണ്. ബാങ്കിന്റെ കീഴിലുള്ള സ്‌മൈല്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയാണു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. നിര്‍ധനരായ 10 പേര്‍ക്ക് ഇതിനകം വീട് നിര്‍മിച്ചു നല്‍കുകയുണ്ടായി. എല്ലാ വര്‍ഷവും ഓണക്കാലത്ത് ബാങ്ക് ഖാദിമേള നടത്താറുണ്ട്. ചക്കമേള പോലുള്ള പുതുമയുള്ള പരിപാടികളും ബാങ്ക് ഏറ്റെടുത്തു നടത്തുന്നു.

കോഴിക്കോട് നഗരത്തില്‍ കാരശ്ശേരി ബാങ്ക് ആരംഭിക്കുന്ന അന്താരാഷ്ട്ര സഹകരണ മ്യൂസിയത്തിന്റെ നിര്‍മാണജോലികള്‍ പുരോഗമിക്കുകയാണ്. ചുണ്ടത്തുംപൊയിലില്‍ ബാങ്ക് വാങ്ങിയ 32 ഏക്കര്‍ സ്ഥലത്ത് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിക്കാനുള്ള പദ്ധതിയുണ്ട്. പ്രവര്‍ത്തന ക്ഷമത, ഐ.ടി.രംഗത്തെ മുന്നേറ്റം, പ്രാഥമിക കാര്‍ഷിക വായ്പാ വിതരണം, നിക്ഷേപ സമാഹരണം, കടിശ്ശിക നിവാരണം തുടങ്ങിയവയില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി അവാര്‍ഡുകള്‍ ബാങ്കിനു ലഭിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി സഹകരണ ബാങ്കുകള്‍ ആധുനികവല്‍ക്കരണത്തിനു തുടക്കം കുറിക്കുന്നതിനു മുമ്പ് കാരശ്ശേരി മാതൃക പഠിക്കാനെത്തിയിരുന്നു.

25 വര്‍ഷമായി ബാങ്കിന്റെ ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹിമാനാണ്. ഗസീബ് ചാലൂളി വൈസ് ചെയര്‍മാനും എം.പി. അസ്സയിന്‍ മാസ്റ്റര്‍, എം. വിശ്വനാഥന്‍, കണ്ടന്‍ പട്ടര്‍ചോല, ജോസ് കുട്ടി അരീക്കാട്ട്, എം. ഗഫൂര്‍, റോസമ്മ ബാബു, പി. വിനോദ് കുമാര്‍, ലിസ്സി ജോസഫ്, എ.എല്‍. വിഷ്ണു, പി. ശോഭന എന്നിവര്‍ ഡയറക്ടര്‍മാരുമാണ്. എം. ധനീഷ് ജനറല്‍ മാനേജരും ഡെന്നി ആന്റണി ഡപ്യൂട്ടി ജനറല്‍ മാനേജരുമാണ്. സഹകരണ വകുപ്പ് റിട്ട. ഡപ്യൂട്ടി രജിസ്ട്രാര്‍ എം.സി. സദാനന്ദന്‍ അഡ്മിനിസ്‌ടേറ്റീവ് ഓഫീസറായും മുബഷിര്‍ അലി താഹിര്‍ ഐ.ടി. വിഭാഗം
തലവനായും പ്രവര്‍ത്തിക്കുന്നു.

 

 

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!