ഓണ്‍ലൈന്‍ ഇടപാടുകള്‍ മുടങ്ങി; നിയന്ത്രണം മരവിപ്പിച്ച് ട്രായ്

Deepthi Vipin lal

വാണിജ്യാവശ്യം മുന്‍നിര്‍ത്തിയുള്ള എസ്.എം.എസ്സുകള്‍ക്ക് ട്രായ് നിര്‍ദേശപ്രകാരം പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത് രാജ്യവ്യാപകമായി ഓണ്‍ലൈന്‍ ഇടപാടുകളെ ബാധിച്ചു. ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിന്‍ പ്ലാറ്റ്ഫോമില്‍ ഐ.ഡി.യും കണ്ടന്റും രജിസ്റ്റര്‍ചെയ്യാത്ത സ്ഥാപനങ്ങളുടെ എസ്.എം.എസ്സുകളെല്ലാം പുതിയ സംവിധാനം തടഞ്ഞതോടെ ഓണ്‍ലൈന്‍ ഇടപാടിനായുള്ള ഒ.ടി.പി. പലര്‍ക്കും ലഭിക്കാതായി. ഇതോടെ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, റെയില്‍വേ ടിക്കറ്റ് ബുക്കിങ്, ഇ കൊമേഴ്സ് സേവനങ്ങള്‍, കോവിന്‍ വാക്സിന്‍ രജിസ്ട്രേഷന്‍, യു.പി.ഐ. ഇടപാടുകള്‍ എന്നിവയെല്ലാം തിങ്കളാഴ്ച വ്യാപകമായി തടസ്സപ്പെട്ടു. പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ഒരാഴ്ചത്തേക്ക് ഇതു നടപ്പാക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മരവിപ്പിച്ചു.

ഉപഭോക്താക്കളുടെ വിവരസുരക്ഷ മുന്‍നിര്‍ത്തി 2018 ലാണ് വാണിജ്യാവശ്യങ്ങള്‍ക്കുള്ള എസ്.എം.എസ്സുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ചട്ടക്കൂട് ട്രായ് അവതരിപ്പിച്ചത്. തിങ്കളാഴ്ച ഇതു നടപ്പാക്കി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള എസ്.എം.എസ്സുകളുടെ ഉള്ളടക്കവും ഐ.ഡി.യും ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിന്‍ രജിസ്ട്രിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നതാണ് ഇതിലെ പ്രധാന നിര്‍ദേശം. രജിസ്ട്രേഷന്‍ ഒത്തുനോക്കി കൃത്യമാണെങ്കില്‍ മാത്രമേ സന്ദേശം ഉപഭോക്താക്കള്‍ക്ക് അയക്കൂ. അല്ലെങ്കില്‍ ഇവ ഡിലീറ്റ് ചെയ്യപ്പെടും.

കമ്പനികളും സര്‍ക്കാര്‍ ഏജന്‍സികളും കൃത്യമായി രജിസ്ട്രേഷന്‍ നടത്താതിരുന്നതാണ് ഒ.ടി.പി. ഉള്‍പ്പെടെ സന്ദേശങ്ങള്‍ തടസ്സപ്പെടാന്‍ ഇടയാക്കിയതെന്ന് ടെലികോം കമ്പനികള്‍ അറിയിച്ചു. ഇതേക്കുറിച്ച് പലവട്ടം അറിയിപ്പുകള്‍ നല്‍കിയിരുന്നതായും നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ടെലികോം കമ്പനികള്‍ ഇതു നടപ്പാക്കിയതെന്നും സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. അതേസമയം, തെറ്റായ രീതിയില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയതാണ് പ്രശ്നമായതെന്ന് പേമെന്റ് കമ്പനികളും ബാങ്കുകളും കുറ്റപ്പെടുത്തുന്നു.

പ്രശ്നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐ.ബി.എ.) ട്രായിയെയും റിസര്‍വ് ബാങ്കിനെയും സമീപിച്ചിരുന്നു. നിയന്ത്രണം നടപ്പാക്കുന്നത് അടിയന്തരമായി നിര്‍ത്തിവെക്കണമെന്നായിരുന്നു ആവശ്യമെങ്കിലും ട്രായ് ഇതിനു തയ്യാറായില്ല. തുടര്‍ച്ചയായി അറിയിപ്പുകള്‍ നല്‍കിയശേഷമാണ് ഇതു നടപ്പാക്കിയതെന്ന് ട്രായ് അധികൃതര്‍ പറഞ്ഞു. എന്നാല്‍, പ്രശ്നം രൂക്ഷമായതോടെ ഒരാഴ്ചത്തേക്ക് മരവിപ്പിച്ചു.

ദിവസം ശരാശരി 100 കോടിയോളം വാണിജ്യ എസ്.എം.എസ്സുകളാണ് രാജ്യത്ത് അയക്കുന്നതെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 40 ശതമാനവും തിങ്കളാഴ്ച തടസ്സപ്പെട്ടിരുന്നു. പ്രധാന പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും ഇത് 25 ശതമാനം വരെയായിരുന്നു. സാമ്പത്തിക ഇടപാടുകള്‍ക്കു പുറമേ ഇടപാട് പരിധി അറിയിക്കാനുള്ള സന്ദേശങ്ങളും പുതിയ ഉപഭോക്താക്കളുടെ രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള സന്ദേശങ്ങളുമെല്ലാം തടസ്സപ്പെട്ടിരുന്നു. ഇതുമൂലം പുതിയ ഉപഭോക്താക്കളുടെ രജിസ്ട്രേഷന്‍ പലയിടത്തും തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published.