ഒരു വര്‍ഷം പിന്നിട്ട് കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍

moonamvazhi
അഞ്ജു വി.ആര്‍

(2021 ജൂലായ് ലക്കം)

കുടുംബശ്രീ ലക്ഷ്യമിട്ടത് ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം ജനകീയ ഹോട്ടല്‍. എന്നാല്‍, തുടങ്ങിയതു 1087 ഹോട്ടല്‍. കൂടുതല്‍ ജനകീയ ഹോട്ടല്‍ തുറന്ന് എറണാകുളം മുന്നില്‍ നില്‍ക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റിലാണു ‘വിശപ്പുരഹിത കേരളം’ പദ്ധതി ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആയിരം ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലുമായി 1087 ജനകീയ ഹോട്ടലുകള്‍ തുറക്കാന്‍ കുടുംബശ്രീക്കു കഴിഞ്ഞു. നല്ല ഉൗണ് ഇരുപതു രൂപക്കാണു ജനകീയ ഹോട്ടല്‍ സംരംഭകര്‍ നല്‍കുന്നത്. കേരളത്തിന്റെ വിശപ്പകറ്റുന്നതോടൊപ്പം സ്ത്രീശാക്തീകരണവും ഇതിലൂടെ സാധ്യമാകുന്നു.

തദ്ദേശ സ്വയംഭരണം, സിവില്‍ സപ്ലൈസ് വകുപ്പുകളുടെ പിന്തുണയോടെയാണു ജനകീയ ഹോട്ടലുകള്‍ പദ്ധതി നടപ്പാക്കിയത്. കുറഞ്ഞ വരുമാനക്കാര്‍ക്കു ഇതൊരു അനുഗ്രഹമാണ്. തൊഴിലാളികള്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍ എന്നിവര്‍ക്കിടയില്‍ ഈ ജനകീയ ഊണ് വലിയ വിജയമായിരുന്നു. ഹോട്ടലുകളില്‍ ഉച്ചയ്ക്ക് 12.30 നും മൂന്നു മണിക്കും ഇടയിലാണു ഭക്ഷണം നല്‍കുന്നത്. ഭക്ഷണശാലകളില്‍ ഇരുന്ന് കഴിക്കുന്നതിനു 20 രൂപയും പാഴ്‌സലിനു 25 രൂപയുമാണു ജനകീയ ഹോട്ടലുകള്‍ ഈടാക്കുന്നത്. എന്നാല്‍, ലോക്ഡൗണ്‍ കാലത്ത് ഭക്ഷണശാലകളില്‍ ഇരുന്നു കഴിക്കാന്‍ പാടില്ലാത്തതിനാല്‍ 25 രൂപക്കു പാഴ്‌സലായാണു ജനകീയ ഹോട്ടലുകള്‍ ഇപ്പോള്‍ ഉച്ചഭക്ഷണം നല്‍കുന്നത്

കുടുംബശ്രീ ജില്ലാ മിഷന്‍ വനിതാ കൂട്ടായ്മക്കു റിവോള്‍വിങ് ഫണ്ട് അമ്പതിനായിരം രൂപ കൊടുക്കും. ഈ ഹോട്ടല്‍ എന്നെങ്കിലും പൂട്ടിപ്പോയാല്‍ മാത്രം ഈ പണം തിരികെ നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയും ജനകീയ ഹോട്ടല്‍ സംരംഭകര്‍ക്കു ലഭിക്കുന്നുണ്ട്. കെട്ടിട വാടക, വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ പണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണു വഹിക്കുന്നത്. കൂടാതെ, ഓരോ ഊണിനും പത്തു രൂപ സബ്‌സിഡിയും ലഭിക്കും. ഹോട്ടലുകള്‍ നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കു മറ്റു ഭക്ഷണവും വില്‍ക്കാന്‍ അവകാശമുണ്ട്. പക്ഷേ, ഇതിനു സബ്സിഡി ലഭിക്കില്ല.

എറണാകുളം ജില്ല മുന്നില്‍

എറണാകുളം ജില്ലയിലാണു ജനകീയ ഹോട്ടലുകള്‍ കൂടുതലുള്ളത്. ഇവിടെ ഒരു വര്‍ഷത്തിനുള്ളില്‍ 112 ഹോട്ടല്‍ തുറന്നു. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയിലാണ്. 39 ഹോട്ടലുകള്‍. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും ജനകീയ ഹോട്ടല്‍ തുറക്കുന്നുണ്ട്. കൂടുതലും ഗ്രാമങ്ങളിലാണ്. തിരുവനന്തപുരത്തെ ഗ്രാമപ്രദേശങ്ങളില്‍ 80 ഹോട്ടലാണ് തുറന്നത്. പാലക്കാട് ജില്ലയില്‍ 89 ഹോട്ടലുകള്‍ ഗ്രാമ പ്രദേശത്ത് തുറക്കാന്‍ കുടുംബശ്രീക്കു കഴിഞ്ഞു. ഇടുക്കി ജില്ലയില്‍ നഗരത്തില്‍ ഒരു ഹോട്ടല്‍ മാത്രമാണ് തുറന്നത്. എന്നാല്‍, എറണാകുളം ജില്ലയിലെ നഗരങ്ങളില്‍ മാത്രം 31 ഹോട്ടലുകള്‍ തുറക്കാന്‍ കുടുംബശ്രീ സംരംഭകര്‍ക്കു കഴിഞ്ഞുവെുന്നു കുടുംബശ്രീ അസി. പ്രോഗ്രാം മാനേജര്‍ അഖില ദേവി പറഞ്ഞു.

 

തിരുവനന്തപുരം ജില്ലയില്‍ ജനകീയ ഹോട്ടലുകള്‍ വഴി പ്രതിദിനം ശരാശരി 20,000 പേര്‍ക്കു ഭക്ഷണം നല്‍കുന്നു. കൂടാതെ, പൊതികളാക്കി വില്‍ക്കുകയും ചെയ്യുന്നുണ്ട്. ജില്ലയിലെ ജനകീയ ഹോട്ടലുകളില്‍ ഓവര്‍ ബ്രിഡ്ജ് അനന്തപുരി കഫേ പ്രതിദിനം 1,200 ലധികം ഭക്ഷണപ്പൊതികള്‍ വില്‍ക്കുന്നു. ഇതു ജില്ലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് അസി. ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ഷാനിമോള്‍ എ. പറഞ്ഞു.

മൂന്നു മുതല്‍ പത്തുവരെ സംരംഭകര്‍

മൂന്നു മുതല്‍ പത്തു വരെ സ്ത്രീകള്‍ക്കു ജനകീയ ഹോട്ടലിന്റെ സംരംഭകരാകാം. കോഴിക്കോട് ജില്ലയില്‍ 103 ഹോട്ടലുകളിലായി 400 സ്ത്രീകള്‍ ജനകീയ ഹോട്ടലിന്റെ സംരംഭകരാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 13 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 88 സംരംഭകരാണുള്ളത്. തുടക്കത്തില്‍, നാല് ഹോട്ടലുകളാണു കോഴിക്കോട്ട് തുറന്നത്. 2020 ലെ ലോക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന സമൂഹ അടുക്കളയുടെ തുടര്‍ച്ചയായാണു ജനകീയ ഹോട്ടലുകള്‍ തുടങ്ങിയത്. ഇക്കൊല്ലം ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ജനകീയ ഹോട്ടലുകള്‍ വഴിയാണു പല ഗ്രാമപ്പഞ്ചായത്തുകളും ഭക്ഷണം വാങ്ങുന്നത്. പഞ്ചായത്താണ് ഭക്ഷണത്തിന്റെ പണം കൊടുക്കുന്നത്. പഞ്ചായത്ത് നേരിട്ട് ഭക്ഷണത്തിന്റെ ലിസ്റ്റ് കൊടുക്കും. ഇതുപ്രകാരമാണ് ജനകീയ ഹോട്ടലുകളില്‍ ഭക്ഷണം തയാറാക്കുന്നത്. 600 കിലോ അരിയുടെ റേഷന്‍ പെര്‍മിറ്റും ( ഓരോ മാസവും ) കൊടുക്കുന്നുണ്ടെന്നു കോഴിക്കോട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കവിത പി.സി. പറഞ്ഞു.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ആദ്യത്തെ ജനകീയ ഹോട്ടല്‍ 2020 മെയ് 26 നു വേങ്ങേരിയിലാണു പ്രവര്‍ത്തനം ആരംഭിച്ചത്. മുന്‍ എം.എല്‍.എ. പ്രദീപ് കുമാര്‍ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആറ് വനിതകളുടെ കൂട്ടായ്മയാണ് ആദ്യത്തെ ജനകീയ ഹോട്ടല്‍ തുറന്നത്. തുടങ്ങിയ സമയത്ത് വാഴയിലയിലാണു ചോറുപൊതി കെട്ടിയിരുന്നത്. വാഴയില കിട്ടാത്തതും ഉള്ളതിനു വില കൂടിയതും മൂലം ബട്ടര്‍പേപ്പറിലാണ് ഇപ്പോള്‍ പൊതികെട്ടുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്നര വരെയാണു ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. നിത്യവും അറുനൂറിലധികം പൊതികള്‍ വിറ്റുപോകുന്നു. ഒരു പൊതിച്ചോറില്‍ മീന്‍ കറി, സാമ്പാര്‍, തോരന്‍, അച്ചാര്‍ എന്നിവയുണ്ടാകും. ഈ കൂട്ടായ്മയിലെ ആറ് പേരും പാവപ്പെട്ട കുടുംബത്തിലെ അംഗങ്ങളാണ്. ഓര്‍ഡറനുസരിച്ച് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നുമുണ്ട്.

ഈ കോവിഡ് കാലത്ത് നിര്‍ധനര്‍ക്കും തുച്ഛമായ വരുമാനം കിട്ടുന്ന തൊഴിലാളികള്‍ക്കും ജനകീയ ഹോട്ടല്‍ ഏറെ ആശ്വാസമാണെന്നു വേങ്ങേരി ജനകീയ ഹോട്ടല്‍ കൂട്ടായ്മയിലെ അംഗമായ സാവിത്രി സി.എസ്. പറഞ്ഞു. തടമ്പാട്ട്താഴത്ത് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന സമയത്ത് പക്ഷിപ്പനിമൂലം ഹോട്ടല്‍ അടക്കേണ്ടി വന്നിരുന്നു. അന്നു 40 രുപക്കാണ് ഊണ് കൊടുത്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ 20 രൂപക്കു കൊടുത്തിട്ടും അതിനെക്കാള്‍ കൂടുതല്‍ വില്‍പ്പനയും ലാഭവുമുണ്ടെന്നു സാവിത്രി പറഞ്ഞു.

വേങ്ങേരിയിലെ ആദ്യത്തെ ജനകീയ ഹോട്ടലിന്റെ ഒന്നാം വാര്‍ഷികം മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ പി. ദിവാകരന്‍, എസ്. ജയശ്രീ, പ്രൊജക്ട് ഓഫീസര്‍ ടി.കെ. പ്രകാശന്‍, ടി.കെ. ഗീത എന്നിവര്‍
പങ്കെടുത്തു.

 

Leave a Reply

Your email address will not be published.