ഒരു നൂറ്റാണ്ടിന്റെ മഴവില്‍ ശോഭ

moonamvazhi

(2020 ആഗസ്റ്റ് ലക്കം)

ടി. സുരേഷ് ബാബു

രു നൂറ്റാണ്ടിന്റെ മധുര സ്മരണകള്‍ നിറഞ്ഞ ആല്‍ബം. കൈയിലെടുക്കുന്നവര്‍ക്ക് മഴവില്‍ ശോഭ പോലെ ആഹ്‌ളാദം പകരുന്ന ആല്‍ബം. പല കാലങ്ങളില്‍ പരിണാമപ്പെട്ട്, പല പേരുകളില്‍ ഖ്യാതി നേടി, പലരുടെയും ജീവിത വിജയത്തിന് കാരണമായിത്തീര്‍ന്ന്, ഇപ്പോള്‍ കേരള ബാങ്കില്‍ ലയിച്ചു ചേര്‍ന്ന കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് ( KDC Bank ) കടന്നുവന്ന വഴികള്‍ അടയാളപ്പെടുത്തിയ മനോഹരമായ ഓര്‍മപ്പുസ്തകം. 32ത25 സെന്റി മീറ്റര്‍ വലിപ്പത്തില്‍ ആര്‍ട്ട് പേപ്പറില്‍ 340 പേജുള്ള ഇത്തരമൊരു സ്മരണികയൊരുക്കാന്‍ ഒരുപാട് അധ്വാനം വേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ അണിയറ ശില്‍പ്പികള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

1917 ഡിസംബര്‍ മൂന്നിന് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കാ ( ങഉഇ ആമിസ ) യാണ് പിറവി. 41 വര്‍ഷത്തിനുശേഷം 1958 മെയ് 24 ന് ബാങ്കിന്റെ പേരു മാറി മലബാര്‍ കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ബാങ്ക് ( MCC Bank ) എന്നായി. 27 വര്‍ഷം കഴിഞ്ഞ് 1985 മെയ് മൂന്നിന് മലബാര്‍ മായച്ചുകളഞ്ഞ് കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ( KDC Bank ) പേരുറച്ചു. 2019 ഡിസംബര്‍ 31 ന് കേരള ബാങ്കിന്റെ ഭാഗമായതോടെ 102 വര്‍ഷത്തെ ചരിത്രം മാത്രം ബാക്കിനിന്നു. പേര് നഷ്ടപ്പെട്ടു. എങ്കിലും, ജനവിശ്വാസത്തിന്റെയും നേട്ടങ്ങളുടെയും 102 സഫല വര്‍ഷങ്ങളുണ്ട് നമുക്ക് ഓര്‍മിക്കാന്‍.

ചരിത്ര വഴികള്‍

1917 ല്‍ മദ്രാസ് സംസ്ഥാനത്തിന്റെ മലബാര്‍ ജില്ലയായിരുന്നു ബാങ്കിന്റെ പ്രവര്‍ത്തന പരിധി. തുടക്കത്തില്‍ ഓഹരിപ്പണമായി ബാങ്കിലുണ്ടായിരുന്ന നിക്ഷേപം 13,330 രൂപയാണ്. 125 വ്യക്തികളും 71 പ്രാഥമിക സഹകരണ സംഘങ്ങളുമാണ് ഈ തുക നിക്ഷേപിച്ചത്. ആദ്യത്തെ പതിനഞ്ചംഗ ഭരണ സമിതിയുടെ പ്രസിഡന്റ് രാജ കെ.സി. മാനവേദന്‍ രാജയായിരുന്നു. 1921 ലെ മലബാര്‍ കലാപവും 24 ലെ വെള്ളപ്പൊക്കവും മലബാറിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് അതിനെയെല്ലാം അതിജീവിച്ചു. 1939 ല്‍ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് നാട്ടില്‍ ക്ഷാമമായി. ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലായി. ഭക്ഷ്യ വസ്തുക്കളും മറ്റും ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അന്ന് സഹകരണ സംഘങ്ങളെയാണ് ഏല്‍പ്പിച്ചത്. ഈ ചുമതല നിര്‍വഹിക്കാന്‍ സംഘങ്ങളുടെ പക്കല്‍ പണമില്ലായിരുന്നു. അന്ന് സംഘങ്ങള്‍ക്കാവശ്യമായ ഫണ്ട് നല്‍കിയത് മലബാര്‍ ഡിസ്ട്രിക്ട് ബാങ്കാണ്. ഒരു കോടിയോളം രൂപയാണ് സഹകരണ സംഘങ്ങള്‍ക്ക് അന്ന് കടമായി നല്‍കിയത്. 1947 ല്‍ നെല്ല് സംഭരിക്കാനും ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനും സര്‍ക്കാര്‍ പി.സി.സി. സംഘങ്ങള്‍ രൂപവത്കരിച്ചു. അന്നും ബാങ്ക് സഹായത്തിനെത്തി. 107 പി.സി.സി. കള്‍ക്കും ബാങ്ക് പണം നല്‍കി. ഇവിടുന്നങ്ങോട്ട് ബാങ്കിന്റെ വളര്‍ച്ചക്ക് ആക്കം കൂടി.

മലബാര്‍ കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ബാങ്കിന്റെയും സഹകരണ പ്രസ്ഥാനത്തിന്റെയും വാര്‍ത്തകള്‍ നല്‍കാനും പ്രചരണം നടത്താനുമായി ‘ പരസ്പര സഹായി ‘ എന്ന പേരില്‍ ഒരു മാസിക അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. ബാങ്കിന്റെ ഹെഡ്ഡാപ്പീസിനോടു ചേര്‍ന്നുള്ള പരസ്പര സഹായി പ്രസ്സില്‍ അച്ചടിച്ചിരുന്ന ഈ മാസികക്ക് അമ്പതിനായിരത്തിലേറെ കോപ്പിയുടെ പ്രചാരമുണ്ടായിരുന്നു. സഹകരണ ബാങ്കുകളുടെ പേരുകള്‍ അതത് ജില്ലകളുടെ പേരില്‍ അറിയപ്പെടണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് 1985 ല്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കായി മാറി. 2019 നവംബര്‍ 29ന് കേരള ബാങ്കില്‍ ലയിക്കുമ്പോള്‍ 63 ശാഖകളും 28 എ.ടി.എം. സെന്ററുകളും 117 എ. ക്ലാസ് അംഗസംഘങ്ങളും 502 ജീവനക്കാരും നാലര ലക്ഷത്തില്‍പ്പരം ഇടപാടുകാരുമാണ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിനുണ്ടായിരുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൂലധന പര്യാപ്തതയുള്ള ക്ലാസ് വണ്‍ ജില്ലാ ബാങ്കായിരുന്നു ഇത്.

ഓരോ സ്ഥാപനത്തിന്റെയും രൂപം കൊള്ളലിനും വളര്‍ച്ചയ്ക്കും പിന്നില്‍ എത്രയോ പേരുടെ കഠിനാധ്വാനമുണ്ടാവും. സഹകരണ ഭൂമികയില്‍ അടിയുറച്ചു നിന്നുകൊണ്ട്, ശക്തമായ ഒരു ധനകാര്യ ജനകീയ സ്ഥാപനമായി കെ.ഡി.സി. ബാങ്കിനെ വളര്‍ത്തിയ സഹകാരികള്‍, മുന്‍കാല ജീവനക്കാര്‍, സര്‍വീസിലിരിക്കെ വേര്‍പിരിഞ്ഞു പോയവര്‍, എപ്പോഴും തുണയായി ബാങ്കിനു കരുത്തു പകര്‍ന്ന ഇടപാടുകാര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സ്‌നേഹസ്മരണകള്‍ക്കു മുമ്പിലാണ് ഭരണ സമിതിയും ജീവനക്കാരും ഈ സ്മരണിക സമര്‍പ്പിച്ചിരിക്കുന്നത്. എല്ലാ മേഖലകളിലുമുള്ള സംരംഭങ്ങള്‍ സഹകരണാടിസ്ഥാനത്തിലാണ് നടത്തേണ്ടതെന്നും സഹകരണമെന്നത് മാനവികത തന്നെയാണെന്നും ഉദ്‌ഘോഷിച്ച മഹാത്മാഗാന്ധിയെയും ഓരോ പ്രദേശത്തിന്റെയും വികസനത്തിന്റെ അടിസ്ഥാനം ഒരു പഞ്ചായത്ത്, ഒരു വിദ്യാലയം, ഒരു സഹകരണ സംഘം എന്നതാണെന്ന ആശയത്തെ പരിപോഷിപ്പിച്ച രാഷ്ട്രശില്‍പ്പി നെഹ്‌റുവിനെയും ആദരിച്ചുകൊണ്ടാണ് കോഫി ടേബിള്‍ ബുക്ക് മാതൃകയിലുള്ള സ്മരണികയുടെ താളുകള്‍ മറിയുന്നത്.

തങ്ങളുടെ വളര്‍ച്ചയുടെ നിദാനമായി മാറിയ ഏഴു സഹകരണ തത്വങ്ങളെ ഓര്‍മിച്ചുകൊണ്ടാണ് ബാങ്കിന്റെ ചരിത്ര കവാടം നമുക്കായി തുറന്നിടുന്നത്. 1917 ലെ മദ്രാസ് സംസ്ഥാനത്തിന്റെയും മലബാര്‍ ജില്ലയുടെയും ഭൂപടങ്ങളും മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹെഡ്ഡാപ്പീസിന്റെ ചിത്രവും 1917 ഡിസംബര്‍ മൂന്നിനു കോഴിക്കോട് അസി. രജിസ്ട്രാര്‍ ഓഫീസില്‍ നിന്നു നല്‍കിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുമാണ് ആദ്യപേജുകളില്‍ നല്‍കിയിരിക്കുന്നത്. സഹകരണ പതാകയിലെയും മഴവില്ലിലെയും ഏഴു നിറങ്ങളുടെ ആദ്യക്ഷരങ്ങളെ സൂചിപ്പിച്ച് വിബ്‌ജ്യോര്‍ ( VIBGYOR ) എന്നു പേരിട്ടിരിക്കുന്ന സ്മരണികയുടെ താളുകളിലൂടെ ബ്രിട്ടീഷിന്ത്യയും ബ്രിട്ടീഷ് മലബാറും കേരളവും സഹകരണ മേഖലയുടെ വളര്‍ച്ചക്കായി പ്രയത്‌നിച്ച സഹകാരികളും രാഷ്ട്രീയ നേതാക്കളും കടന്നുപോകുന്നു. 1917 ഡിസംബര്‍ മൂന്നു മുതല്‍ 1923 ജൂണ്‍ 30 വരെയുള്ള ബാങ്കിന്റെ മിനുട്‌സ് ബുക്കിന്റെ പുറംചട്ട തൊട്ട് കേരള ബാങ്ക് രൂപവത്കരണത്തിന്റെ മേഖലാ യോഗം വരെയുള്ള ചരിത്ര സംഭവങ്ങള്‍ ഓരോന്നായി 340 പേജുകളില്‍ ചിത്രങ്ങളായും രേഖകളായും നിറഞ്ഞു നില്‍ക്കുന്നു. സ്മരണികയുടെ ശില്‍പ്പികള്‍ ഒരു സംഭവത്തെയും നിസ്സാരമാക്കി അവഗണിച്ചിട്ടില്ല. കിട്ടാവുന്നത്ര രേഖകളും ചിത്രങ്ങളും അവര്‍ ശേഖരിച്ചിട്ടുണ്ട്. അവയൊക്കെ അടുക്കോടും ചിട്ടയോടും വിന്യസിക്കുന്നതില്‍ മിടുക്കും കാണിച്ചു. സ്ഥാപനങ്ങളുടെ സ്മരണികയില്‍ ലേഖനങ്ങള്‍ കുത്തിനിറയ്ക്കുന്ന പതിവിനു വിപരീതമായി ചിത്രങ്ങളിലൂടെ ഒരു ബാങ്കിന്റെ നാള്‍വഴികള്‍ കാലഗണനയനുസരിച്ച് നമ്മുടെ മുന്നില്‍ അവതരിപ്പിക്കാനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്.

മൂലധന പര്യാപ്തത പത്തു ശതമാനത്തിനു മുകളിലെത്തിച്ചും നിഷ്‌ക്രിയ ആസ്തി അഞ്ചു ശതമാനത്തില്‍ കുറച്ചും ബിസിനസ് വര്‍ധിപ്പിച്ചും ലാഭം നേടിയും മികച്ച സാമ്പത്തിക അടിത്തറയോടെയാണ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിക്കുന്നത് എന്നു സ്മരണികയുടെ മാനേജിങ് എഡിറ്റര്‍ കൂടിയായ ബാങ്ക് ജനറല്‍ മാനേജര്‍ കെ.പി. അജയകുമാര്‍ ആമുഖമായി പറയുന്നു. 2018-19 സാമ്പത്തിക വര്‍ഷം റെക്കോഡ് നേട്ടമാണ് ബാങ്ക് കൈവരിച്ചതെന്ന് അദ്ദേഹം അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്നു. മൊത്തം ബിസിനസ് 8321 കോടി കവിഞ്ഞു. അറ്റ ലാഭം 29.28 കോടിയും അറ്റ നിഷ്‌ക്രിയ ആസ്തി 4.98 ശതമാനവുമാണ്. 4305 കോടിയുടെ നിക്ഷേപമാണ് 2018-19 ല്‍ ബാങ്കിനുണ്ടായിരുന്നത്. വായ്പാ ബാക്കി നില്‍പ്പ് 4016 കോടിയായിരുന്നു. 13,330 രൂപയില്‍ നിന്നാണ് ഈ വളര്‍ച്ച എന്നു നമ്മളോര്‍ക്കണം.

സഹകരണ പതാകയിലെ ഏഴു നിറങ്ങളുടെ പേരിനു കീഴിലാണ് ഓര്‍മയുടെ ഓരോ അധ്യായവും ഒരുക്കിയിരിക്കുന്നത്. പതാകയിലെ ഓരോ നിറവും പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ വിശദമാക്കിക്കൊണ്ടാണ് ആല്‍ബം ഓര്‍മകളെ നയിക്കുന്നത്. വയലറ്റ് ( നാനാത്വത്തില്‍ ഏകത്വം ), ഇന്‍ഡിഗോ ( സഹകരണത്തിന്റെ സന്തുലിതാവസ്ഥ ), നീല ( നീതി, ന്യായം ), പച്ച ( ഹരിതം, സൗഭാഗ്യം, ഐശ്വര്യം ), മഞ്ഞ ( മേന്മ-യും സന്തോഷവും ), ഓറഞ്ച് ( ധൈര്യം ), ചുവപ്പ് ( പരിവര്‍ത്തനം ) എന്നിങ്ങനെയാണ് ഓരോ നിറവും പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍. സുനില്‍ കെ. ഫൈസലാണ് സ്മരണികയുടെ ചീഫ് എഡിറ്റര്‍. അദ്ദേഹത്തോടൊപ്പം സബ് എഡിറ്റര്‍മാരായ റീജ എം.പി.യും ജയരാജ് സി.കെ. യും വിബ്‌ജ്യോറിനെ അവിസ്മരണീയമാക്കുന്നതില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published.