എന്‍.എം.ഡി.സി.സഹകരണ കോ-ഓപ് മാര്‍ട്ട്പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി

Deepthi Vipin lal

സഹകരണ മേഖലയില്‍ പുതിയ വിപണന ശൃംഖല കെട്ടിപ്പടുക്കാനുള്ള സഹകരണ വകുപ്പിന്റെ ലക്ഷ്യം വിജയത്തിലെത്തിക്കാനുള്ള ചുമതല എന്‍.എം.ഡി.സി.ക്ക് ലഭിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന സഹകരണ മാര്‍ക്കറ്റിങ് സംഘമാണ് എന്‍.എം.ഡി.സി. പദ്ധതി നിര്‍വഹണത്തിന് എന്‍.എം.ഡി.സി. തയ്യാറാക്കിയ റിപ്പോര്‍ട്ടും മാര്‍ഗരേഖയും മികച്ചതാണെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തില്‍ വിദഗ്ധസമിതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി എന്‍.എം.ഡി.സി.യെ നിയോഗിച്ച് ഉത്തരവിറക്കിയത്.

2019 ഡിസംബറിലാണ് സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡിങ്ങും മാര്‍ക്കറ്റിങ്ങിനുമായി ഒരു പദ്ധതി സഹകരണ വകുപ്പ് പ്രഖ്യാപിച്ചത്. ഉല്‍പന്നങ്ങള്‍ക്ക് ബ്രാന്‍ഡിങ്, വിപണത്തിന് കോ-ഓപ് മാര്‍ട്ട് ശൃംഖല – ഇതായിരുന്നു പദ്ധതിയുടെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങള്‍. ഇതിന്റെ നടത്തിപ്പിന് മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളില്‍നിന്ന് രജിസ്ട്രാര്‍ താല്‍പര്യ പത്രം ക്ഷണിച്ചു. ഈ ഘട്ടം മുതല്‍ എന്‍.എം.ഡി.സി. പദ്ധതിനിര്‍വഹണത്തിനുള്ള സന്നദ്ധത അറിയിക്കുകയും പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

സാങ്കേതിക സംവിധാനം ഒരുക്കല്‍, ലോജിസ്റ്റിക്, മാര്‍ക്കറ്റിങ് എന്നിങ്ങനെ മൂന്നായി വിഭജിച്ച് പദ്ധതി നടപ്പാക്കുന്നതാണ് ഉചിതമെന്ന് പിന്നീട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ഇങ്ങനെ ഓരോ വിഭാഗത്തിലും ഓരോ സംഘത്തെ ചുമതലപ്പെടുത്തി. എന്നാല്‍, പദ്ധതി നിര്‍വഹണത്തിന് ആര്‍ക്കും ഉത്തരവാദിത്തമില്ലാത്ത സ്ഥിതി വന്നതോടെ കോ-ഓപ് മാര്‍ട്ട് പദ്ധതി ആകെ താളം തെറ്റി. ഒരു ജില്ലയില്‍ ഒരു കോ-ഓപ് മാര്‍ട്ട് എന്ന രീതിയിലാണ് ഇപ്പോഴുള്ളത്. ഇതിലേക്ക് സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങളെല്ലാം എത്തിക്കാനുള്ള സംവിധാനം ഒരുക്കാനായിട്ടില്ല.

കോ-ഓപ് മാര്‍ട്ട് പദ്ധതി എങ്ങനെ ലക്ഷ്യത്തിലെത്തിക്കാമെന്ന സമഗ്ര റിപ്പോര്‍ട്ട് എന്‍.എം.ഡി.സി. വീണ്ടും സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നല്‍കി. സഹകരണ വാരാഘോഷത്തിന്റെ ചടങ്ങില്‍ കോ-ഓപ് മാര്‍ട്ട് എന്നത് സഹകരണ വിപണന ശൃംഖലയുടെ തുടക്കം മാത്രമാണെന്ന വലിയ കാഴ്ചപ്പാട് പ്രവര്‍ത്തന രേഖയായി എന്‍.എം.ഡി.സി. പ്രസിദ്ധീകരിച്ചു. ഈ പ്രവര്‍ത്തന രേഖ അടിസ്ഥാനമാക്കി സഹകരണ വിപണന ശൃംഖല ഒരുക്കാനുള്ള ദൗത്യമാണ് എന്‍.എം.ഡി.സി.യെ സഹകരണ വകുപ്പ് ഏല്‍പിച്ചിട്ടുള്ളത്.

ഒരു പഞ്ചായത്തില്‍ ഒരു കോ-ഓപ് മാര്‍ട്ട് എന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് സഹകരണ സംഘങ്ങളിലൂടെ കോ-ഓപ് മാര്‍ട്ട് സ്ഥാപിക്കാനുള്ള ദൗത്യമാണ് എന്‍.എം.ഡി.സി. ഏറ്റെടുത്തിട്ടുള്ളത്. ഇതിന് ശേഷം സഹകരണ ഇ-കൊമേഴ്സ് തുടങ്ങുകയാണ് ലക്ഷ്യം. കര്‍ഷക ഉല്‍പാദകക്കമ്പനികളുടെ കൂട്ടായ്മ, സംസ്ഥാന വാണിജ്യ മിഷന്‍ എന്നിവയെല്ലാം ഇ-കൊമേഴ്സ് തുടങ്ങാനുള്ള നടപടിയിലാണ്. വ്യവസായ വകുപ്പും സംരംഭങ്ങളെ യോജിപ്പിച്ച് ഇ-കൊമേഴ്സ് വിപണി തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്. ഇതിനെയെല്ലാം മറികടന്ന് സഹകരണ മേഖലയുടെ ശക്തി വിപണിയില്‍ക്കൂടി പ്രകടമാക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് എന്‍.എം.ഡി.സി.യെ ഏല്‍പിച്ചിട്ടുള്ളത്. വീണുപോയ കോ-ഓപ് മാര്‍ട്ടിനെ ഉയര്‍ത്തിയെടുത്ത് വളര്‍ത്താന്‍ അവര്‍ക്ക് കഴിയണമെങ്കില്‍ സഹകരണ സംഘങ്ങളുടെ കൂട്ടായ പിന്തുണ എന്‍.എം.ഡി.സി.ക്ക് വേണ്ടിവരും. എല്ലാവരും കൈയൊഴിഞ്ഞ ഒരു പദ്ധതിയെയാണ് വളര്‍ത്തിവലുതാക്കാനുള്ള റൂട്ട് മാപ്പ് നിശ്ചയിച്ച് എന്‍.എം.ഡി.സി. ഏറ്റെടുത്തിട്ടുള്ളത്. അത് വിജയിച്ചാല്‍ സഹകരണ മേഖലയുടെ വലിയൊരു കുതിപ്പാകുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published.