ഉണ്ണിക്കും കുടുംബത്തിനും ഇനി കരുതലായി ‘കെയര്‍ ഹോം’

web desk

പന്തളം പൂഴിക്കാട് ഉണ്ണിവിലാസം വീട്ടില്‍ ഉണ്ണിയും കുടുംബവും സംസ്ഥാന സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ലഭിച്ച വീടിന്റെ സുരക്ഷിത തണലില്‍. പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട് ജീവിതത്തിന് മുന്നില്‍ പകച്ചു നിന്ന ഉണ്ണിക്കും കുടുംബത്തിനും കിടപ്പാടമൊരുക്കി നല്‍കി കരുത്തു പകര്‍ന്നിരിക്കുകയാണ് കെയര്‍ഹോം പദ്ധതി.

 

 

പുതിയ വീട്ടില്‍ മക്കളുമായി ഉണ്ണി പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കുകയാണ്. മഹാപ്രളയത്തില്‍ കിടപ്പാടവും ജീവിതവും അവസാനിച്ചുവെന്നു കരുതിയ ഉണ്ണിക്ക് ജീവിത വെളിച്ചം നല്‍കിയത് സര്‍ക്കാരാണെന്ന് ഒരേ സ്വരത്തില്‍ ഈ കുടുംബം പറയുന്നു. പ്രളയകാലത്ത് വീട് പൂര്‍ണമായും വെളളം കയറിയപ്പോള്‍ ആദ്യം ആശ്വാസമേകിയതും സര്‍ക്കാര്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പായിരുന്നു. അന്നു മുതല്‍ പുതിയ വീട് നിര്‍മിച്ച് നല്‍കുന്നതു വരെ സര്‍ക്കാരിന്റെ കരുതല്‍ തനിക്കും കുടുംബത്തിനും ഉണ്ടായിരുന്നുവെന്ന് ഉണ്ണി പറഞ്ഞു.

 

പ്രളയം കവര്‍ന്ന വീടിന് പകരം പുതിയൊരു വീട് നിര്‍മിക്കുകയെന്നത് കൂലിപ്പണിക്കാരനായ ഉണ്ണിയെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായിരുന്നു. ഈ ഘട്ടത്തിലാണ് സഹകരണ വകുപ്പ് കെയര്‍ഹോം പദ്ധതി പ്രകാരം വീട് അനുവദിച്ചത്. നിര്‍മാണം തുടങ്ങി മൂന്നു മാസം കൊണ്ട് വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കി. 500 ചതുരശ്ര അടിയുളള വീട്ടില്‍ അടുക്കള, രണ്ട് മുറികള്‍, ഹാള്‍, ശുചിമുറി എന്നീ സൗകര്യങ്ങളാണുളളത്. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നിര്‍മിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!