ആരോഗ്യ ഇന്‍ഷൂറന്‍സ്; പ്രീമിയം തുകയില്‍ ഇളവു നല്‍കണമെന്ന് പൊലീസ് സഹകരണ സംഘത്തിന്റെ നിവേദനം

moonamvazhi

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രീമിയം തുകയില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് പൊലീസ് സഹകരണ സംഘം നിവേദനം നല്‍കി. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷുറന്‍സിനു ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും പൊലീസ് സഹകരണ സംഘം മന്ത്രിക്കു സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിഷയം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. പൊലീസ് ഉദ്യോഗസ്ഥരുടെ വിഷയമായതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് പ്രത്യേകം നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പ്രീമിയം തുകയുടെ 162 ശതമാനത്തിലധികം ക്ലെയിമുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം തുക വര്‍ധിപ്പിച്ചത്. പ്രീമിയമായി അടച്ച തുകയേക്കാള്‍ ഇരട്ടിയോളം തുകയാണ് അംഗങ്ങള്‍ക്ക് ക്ലെയിമായി കഴിഞ്ഞ നാലു വര്‍ഷങ്ങളിലും നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട പരിരക്ഷലഭ്യമാക്കുന്ന ഈ സവിശേഷ പദ്ധതിക്ക് സര്‍ക്കാരിന്റെ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സഹകരണസംഘം ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.