ആദ്യ അന്തർദേശീയ സഹകരണ ട്രേഡ് ഫെയർ ഒക്ടോബർ 11 മുതൽ ഡൽഹിയിൽ: കേരളത്തിൽ നിന്നുള്ള ഉല്പന്നങ്ങൾ തീരുമാനിക്കാൻ നാളെ യോഗം.

adminmoonam

ആദ്യത്തെ അന്തർദേശീയ സഹകരണ ട്രേഡ് ഫെയറിനായി സംസ്ഥാന സഹകരണ വകുപ്പ് ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ട്രേഡ് ഫെയറിൽ പ്രദർശിപ്പിക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ച് വ്യക്തത വരുത്താൻ നാളെ തിരുവനന്തപുരത്ത് ബന്ധപ്പെട്ട സഹകരണ സംഘങ്ങളുടെയും ചുമതലയുള്ള അസിസ്റ്റന്റ് രജിസ്ട്രാർ മാരുടെയും യോഗം വിളിച്ചു. ഒക്ടോബർ 11 മുതൽ 13 വരെ ഡൽഹിയിലാണ് ട്രേഡ് ഫെയർ നടക്കുന്നത്. സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ.ജയശ്രീയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പ്രദർശിപ്പിക്കുന്ന ഉൽപ്പന്നങ്ങളെ സംബന്ധിച്ച് ധാരണയിലെത്തും.

വിപണന സാധ്യതയും ഗുണനിലവാരവും കയറ്റുമതി സാധ്യതയും പരിശോധിച്ച് ആയിരിക്കും ട്രേഡ് ഫെയറിലേക്ക് ഉൽപ്പന്നങ്ങളെ തെരഞ്ഞെടുക്കുക. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സഹകരണ സ്ഥാപനങ്ങൾ നാളത്തെ യോഗത്തിൽ പങ്കെടുക്കുകയും ഉൽപ്പന്നങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്യും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ഉൽപ്പന്നങ്ങൾ ആയിരിക്കും ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്തുക. ലോക വിപണിയിലേക്ക് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കുകയാണ് ഇതുവഴി സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്.

എൻ.സി.ഡി.സി ആണ് ഇതിനായി പദ്ധതി തയ്യാറാക്കുന്നത്. കേരളത്തിൽനിന്ന് തെരഞ്ഞെടുക്കുന്ന 60ലധികം ഉൽപ്പന്നങ്ങൾ ഫെയറിൽ ഉണ്ടാകും. സഹകരണ ഉൽപ്പന്നങ്ങൾക്ക് കേന്ദ്രീകൃത കയറ്റുമതിയും എൻ.സി.ഡി.സി ലക്ഷ്യമിടുന്നുണ്ട്. പത്തിലധികം സ്റ്റാളുകളിലായി സംസ്ഥാനത്തെ സഹകരണ ഉൽപന്നങ്ങളൾ ട്രേഡ് ഫെയറിൽ പ്രദർശിപ്പിക്കും. ഗുണനിലവാരത്തിനൊപ്പം അസംസ്കൃതവസ്തുക്കൾ,ഉൽപ്പന്നത്തിന്റെ പ്രത്യേകതകൾ, വിപണന സാധ്യത എന്നിവ അടങ്ങിയ ലേഖനം ഉൽപ്പന്നത്തോടൊപ്പം പ്രദർശിപ്പിക്കും. നാളത്തെ മീറ്റിങ്ങിനു ശേഷം ഈ മാസം  24 ന് സംസ്ഥാനത്തെ ജോയിന്റ് രജിസ്റ്റർമാരുടെ യോഗവും സഹകരസംഘം രജിസ്ട്രാർ വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.