അശാസ്ത്രീയ പലിശ നിര്‍ണ്ണയം സഹകരണ സംഘങ്ങളെ തകര്‍ക്കും: കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍

moonamvazhi

സഹകരണ സംഘങ്ങളുടെ നിലനില്‍പ്പിന് പ്രതികൂലമായി ബാധിക്കുന്ന സഹകരണ സംഘം രജിസ്ട്രാറുടെ 1/2024 പലിശ നിര്‍ണ്ണയ സര്‍ക്കുലര്‍ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എന്‍.ഭാഗ്യനാഥും മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

നിക്ഷേപ പലിശ നിരക്ക് പുനര്‍നിര്‍ണ്ണയം നടത്തിയ മൂന്ന് തവണയും വായ്പാ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാവാത്തത് കാരണം സംഘങ്ങളുടെ ശരാശരി മാര്‍ജിന്‍ ഒരു ശതമാനത്തില്‍ താഴെയാണ്. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 9 ശതമാനവും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 9.5 ശതമാനവുമാണ് പ്രാഥമിക സംഘങ്ങളിലെ പലിശ നിരക്ക്. കേരള ബാങ്ക് സംഘങ്ങള്‍ക്ക് നല്‍കുന്ന പരമാവധി പലിശ 8.5 ശതമാനമായി പുനര്‍ നിര്‍ണ്ണയിച്ചു. 2022-ല്‍ കേരളത്തില്‍ നിക്ഷേപ വായ്പ പലിശ മാര്‍ജ്ജിന്‍ 6 ശതമാനം ഉണ്ടായിരുന്നു. മാത്രമല്ല 2002 – ല്‍ തുടങ്ങിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ സംഘങ്ങള്‍ക്ക് ലഭിക്കേണ്ട കുടിശ്ശിക വായ്പാ വരുമാനം 50 ശതമാനത്തിലധികം നഷ്ടപ്പെട്ടത് വലിയ സാമ്പത്തിക ചോാര്‍ച്ചക്കിടയാക്കി. സമ്പന്നരും കരുതിക്കൂട്ടി കുടിശ്ശിക വരുത്തുന്നവരുമാണ് കൂടുതലും ആനുകൂല്യം കൈപ്പറ്റുന്നത്. പാവപ്പെട്ടവര്‍ക്ക് പലിശ ആനുകൂല്യം നല്‍കുന്നതില്‍ ആരുമെതിരല്ല. ഒരിക്കല്‍ ആനുകൂല്യം ലഭിച്ചവര്‍ക്ക് വീണ്ടും വീണ്ടും ആനുകൂല്യം നല്‍കുന്നത് അവസാനിപ്പിക്കണം.
അനിശ്ചിതമായി കുടിശ്ശിക നിവാരണം നീട്ടി കൊണ്ടു പോകുന്ന രീതി പുന:പരിശോധിക്കണം. സംസ്ഥാനത്ത് ആകെയുള്ള 1675 വായ്പ സംഘങ്ങളില്‍ 399 സ്ഥാപനങ്ങളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ വരെ പുതിയ പരിഷ്‌കരണം മൂലം നഷ്ടത്തിലാകും. ജില്ലാ ബാങ്കും കേരള ബാങ്കും ഇടപാടുകാര്‍ക്ക് നല്‍കുന്ന സമാന നിക്ഷേപ പലിശ പ്രാഥമിക സംഘങ്ങള്‍ക്കും നല്‍കിയിരുന്നു. ഈ ആനുകൂല്യം നിഷേധിച്ച തീരുമാനം പുന:പരിശോധിക്കണം.

സംസ്ഥാനത്തെ പ്രാഥമിക സംഘങ്ങളില്‍ 1,21,00,000 കോടി രൂപ നിക്ഷേപമുള്ളതില്‍ തരളധനമായി 50,000 കോടി രൂപയോളം കേരള ബാങ്കിലാണ് സംഘങ്ങള്‍ നിക്ഷേപിച്ചിട്ടുള്ളത്. ട്രാന്‍സാക്ഷന്‍ കോസ്റ്റില്ലാത്ത കുടിശ്ശികപ്പട്ടികയില്‍ വരാത്ത ഈ സുരക്ഷിത നിക്ഷേപത്തിനെങ്കിലും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സമാന പലിശ നിരക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നോട്ട് നിരോധന സമയത്തും മറ്റും ഡിജിറ്റല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് മറ്റ് ബാങ്കുകളെ ആശ്രയിച്ചിരുന്ന സംഘങ്ങള്‍ കറന്റ്/എസ്.ബി എക്കൗണ്ടുകള്‍ പൂര്‍ണ്ണമായി കേരള ബാങ്കിലേക്ക് മാറ്റണമെന്ന പുതിയ നിര്‍ദ്ദേശം സംഘങ്ങള്‍ക്ക് തിരിച്ചടിയാണ്. കേരള ബാങ്കില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശവും പുന:പരിശോധിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.