അമുലിന്റെ വിജയക്കുതിപ്പിനു നേതൃത്വം നല്‍കിയ ആര്‍.എസ്. സോധി എം.ഡി.സ്ഥാനമൊഴിഞ്ഞു

moonamvazhi

നാലു ദശകത്തിലധികംകാലം അമുലിന്റെ വിജയക്കുതിപ്പിനു നേതൃത്വം നല്‍കിയ ജി.സി.എം.എം.എഫ് ( ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ) മാനേജിങ് ഡയരക്ടര്‍ ആര്‍.എസ്. സോധി ( രൂപീന്ദര്‍ സിങ് സോധി ) തിങ്കളാഴ്ച തല്‍സ്ഥാനം രാജിവെച്ചു. ഗുജറാത്തിലെ ആനന്ദില്‍ ചേര്‍ന്ന ജി.സി.എം.എം.എഫ്. ബോര്‍ഡ് യോഗത്തിനുശേഷമാണു സോധി രാജിവെച്ചത്. ജി.സി.എം.എം.എഫ്. ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന ജയന്‍ മേത്തയ്ക്കാണു എം.ഡി.യുടെ ചാര്‍ജ് നല്‍കിയിരിക്കുന്നത്. അതേസമയം, തന്നോട് രാജിവെക്കാന്‍ ജി.സി.എം.എം.എഫ്. ബോര്‍ഡ് ആവശ്യപ്പെട്ടതായുള്ള വാര്‍ത്ത സോധി നിഷേധിച്ചു. തന്റെ ഔദ്യോഗിക കാലാവധി രണ്ടു വര്‍ഷം മുമ്പ് അവസാനിച്ചതാണെന്നും നീട്ടിത്തന്ന കാലാവധി അവസാനിപ്പിച്ച് താന്‍ രാജി വെക്കുകയാണുണ്ടായതെന്നും സോധി അറിയിച്ചു.

1982 ല്‍ ജി.സി.എം.എം.എഫിന്റെ സെയില്‍സ് ഓഫീസറായാണു സോധി ജോലിയില്‍ പ്രവേശിച്ചത്. നാല്‍പ്പതു വര്‍ഷവും ഒമ്പതു മാസവും സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു. താന്‍ ചേരുന്ന കാലത്ത് അമുലിന്റെ വാര്‍ഷിക വിറ്റുവരവ് 121 കോടി രൂപയായിരുന്നുവെന്നും ഇപ്പോഴതു 71,000 കോടി രൂപയാണെന്നും സോധി പറഞ്ഞു. ഔദ്യോഗികമായി വിരമിച്ചശേഷം സോധിയ്ക്കു പല തവണയായി സേവനം നീട്ടിക്കൊടുക്കുകയായിരുന്നു. പുതിയ മാനേജിങ് ഡയരക്ടറായി ചുമതലയേറ്റ ജയന്‍ മേത്തയ്ക്കു 32 കൊല്ലത്തെ പ്രവര്‍ത്തനപരിചയമുണ്ട്.

ഇന്ത്യ ഒരിക്കല്‍ക്കൂടി ക്ഷീരവിപ്ലവത്തിന്റെ ഉന്നതിയിലാണെന്നും ഇനി തന്റെ പ്രവര്‍ത്തനരംഗം രാജ്യം മുഴുവനുമാണെന്നും ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ പ്രസിഡന്റുകൂടിയായ സോധി പറഞ്ഞു. ഇതുവരെ താന്‍ മുഖ്യമായും അമുലിന്റെ വളര്‍ച്ചയിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇനി മുതല്‍ തന്റെ ആശയങ്ങള്‍ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കഴിയും- അദ്ദേഹം പറഞ്ഞു. ഉദയ്പൂര്‍ CTAE യില്‍നിന്നു എന്‍ജിനിയറിങ് ബിരുദവും ആനന്ദിലെ റൂറല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ( IIRMA ) നിന്നു എം.ബി.എ.യും നേടിയിട്ടുണ്ട് സോധി.

2010 ലാണു സോധിയെ മാനേജിങ് ഡയരക്ടറായി നിയമിച്ചത്. അദ്ദേഹം എം.ഡി.യായി ചാര്‍ജെടുക്കുന്ന കാലത്തു അമുലിന്റെ വിറ്റുവരവ് 8000 കോടി രൂപയായിരുന്നു. സോധിയുടെയും ടീമിന്റെയും പരിശ്രഫലമായി ഇപ്പോഴതു 71,000 കോടി രൂപയാണ്. 2022 ജൂലായിലാണു സോധിയെ ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തത്. തന്റെ മാര്‍ഗദര്‍ശിയായിരുന്ന ഡോ. വര്‍ഗീസ് കുര്യന്‍ 1964 ല്‍ അലങ്കരിച്ചിരുന്ന ഈ പദവിയില്‍ 58 കൊല്ലത്തിനുശേഷം താനും എത്തിയതില്‍ സോധി ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. 2021 ല്‍ അന്താരാഷ്ട്ര ഡെയറി ഫെഡറേഷന്റെ ബോര്‍ഡിലേക്കും സോധി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

സോധിയുടെ കാലത്താണു ജി.സി.എം.എം.എഫിന്റെ പാല്‍ശേഖരണം ഗുജറാത്തിനു പുറത്തേക്കും കടന്നത്. 2021-22 ല്‍ പ്രതിദിനം ശേഖരിക്കുന്ന 263.66 ലക്ഷം കിലോ പാലില്‍ 42.68 ലക്ഷം കിലോ വരുന്നതു മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്. അമുലിന്റെ പുതിയ അമ്പതിലധികം ക്ഷീരോല്‍പ്പന്നങ്ങള്‍ക്കു തുടക്കം കുറിച്ചതും സോധിയുടെ കാലത്താണ്.

Leave a Reply

Your email address will not be published.