അമുലിന്റെ പ്രവര്‍ത്തനം അഞ്ചു ലക്ഷം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കും

moonamvazhi
സഹകരണരംഗത്തെ പ്രമുഖ ബ്രാന്റായ അമുല്‍ വരുംവര്‍ഷങ്ങളില്‍ അഞ്ചു ലക്ഷം ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നു അമുല്‍ മാനേജിങ് ഡയറക്ടര്‍ ജയന്‍ മേത്ത അറിയിച്ചു. ഇപ്പോള്‍ രണ്ടു ലക്ഷം ഗ്രാമങ്ങളിലാണു അമുലിന്റെ പ്രവര്‍ത്തനമുള്ളത്. അഞ്ചു ലക്ഷം ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതോടെ രാജ്യത്തെ പാലുല്‍പ്പാദകരുടെ മൂന്നിലൊന്നും അമുലിന്റെ കീഴിലാകും. ഇതുവഴി പത്തു കോടി കുടുംബങ്ങള്‍ക്കു ഗുണം കിട്ടും- ജയന്‍ മേത്ത പറഞ്ഞു.

ഇക്കൊല്ലത്തെ സഹകരണവാരാഘോഷത്തിന്റെ ഭാഗമായി നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( എന്‍.സി.യു.ഐ ) സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അമുല്‍ എം.ഡി. ‘ ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കുന്നതിലും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ( SDG ) നേടുന്നതിലും സഹകരണമേഖലയുടെ പങ്ക് ‘ എന്നതായിരുന്നു വെബിനാറിന്റെ പ്രധാന ചിന്താവിഷയം. അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തിയ വെബിനാറില്‍ സഹകരണസ്ഥാപനങ്ങളിലെ മൂന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു.

കയറ്റുമതിക്കും വിത്തുകള്‍ക്കും ജൈവോല്‍പ്പന്നങ്ങള്‍ക്കുമായി ദേശീയതലത്തില്‍ ഈയിടെ രൂപംകൊണ്ട മൂന്നു മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍ ലോകത്തെങ്ങും ഇന്ത്യയുടെ സഹകരണോല്‍പ്പന്നങ്ങള്‍ക്കു വിപണിയൊരുക്കുമെന്നും അത് ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള ശ്രമങ്ങളില്‍ സഹകരണമേഖലയുടെ നിര്‍ണായകസംഭാവനയായി മാറുമെന്നും ജയന്‍ മേത്ത അഭിപ്രായപ്പെട്ടു. സഹകരണസ്ഥാപനങ്ങളിലെ അംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതരത്തില്‍ സഹകരണാടിസ്ഥാനത്തിലുള്ള ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണു ഇന്നത്തെ ആവശ്യമെന്നു ആനന്ദിലെ റൂറല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. എച്ച്.എസ്. ശൈലേന്ദ്ര അഭിപ്രായപ്പെട്ടു. സമ്പദ്‌വ്യവസ്ഥയില്‍ സഹകരണമേഖലയ്ക്കു കൂടുതല്‍ പങ്ക് വഹിക്കാനായാല്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതില്‍ അതു വലിയ സംഭാവന നല്‍കും – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.