ഹരിതം സഹകരണം: ഇക്കൊല്ലം ഒരു ലക്ഷം മാവിന്‍തൈ നടും
ഹരിതം സഹകരണം പദ്ധതിയില്‍ ഇക്കൊല്ലം സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരു ലക്ഷം മാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കും. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിനാരംഭിക്കുന്ന പരിപാടി ജൂണ്‍ 30 നവസാനിക്കും.
കേരള സര്‍ക്കാര്‍ തുടക്കമിട്ട ഹരിതകേരളം പദ്ധതിക്കു പിന്തുണ നല്‍കിക്കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനായി അഞ്ചു ലക്ഷം ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുകയെന്ന ദൗത്യമാണു സഹകരണ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. തീം ട്രീസ് ഓഫ് കേരള എന്ന പേരിലുള്ള ഈ പദ്ധതിയില്‍ അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം വൃക്ഷത്തൈകളാണു നട്ടുവളര്‍ത്തുന്നത്. പ്ലാവ് ( 2018 ), കശുമാവ് ( 2019 ), തെങ്ങ് ( 2020 ), പുളി ( 2021 ) എന്നിവയാണു ഇതിനു മുമ്പു നട്ടത്.
എല്ലാ സഹകരണ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമാകേണ്ടതാണെന്നു സഹകരണ വകുപ്പ് നിര്‍ദേശിച്ചു. തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തും അധികൃതരുടെ അനുമതിയോടെ പൊതുസ്ഥലങ്ങളിലും മാവിന്‍തൈകള്‍ നടാം. തൃശ്ശൂര്‍ വെള്ളാനിക്കര കാര്‍ഷിക കോളേജ്, തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജ് എന്നിവിടങ്ങളില്‍ നിന്നും ഗുണമേന്മയുള്ള മാവിന്‍തൈകള്‍ കിട്ടുന്ന മറ്റു സ്ഥാപനങ്ങളില്‍ നിന്നും തൈകള്‍ വാങ്ങാം.
പദ്ധതിയുടെ പ്രചരണത്തിനായി ഉപയോഗിക്കുന്ന ബോര്‍ഡുകളും ബാനറുകളും മറ്റു പരസ്യമാര്‍ഗങ്ങളും പ്രകൃതി സൗഹൃദപരമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിര്‍മിച്ചവയാകണം. പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ ചെലവ് പതിനായിരം രൂപയില്‍ കൂടരുത്. ഇതു പൊതുനന്മാഫണ്ടില്‍ നിന്നോ പൊതുനന്മാഫണ്ട് ഇല്ലാത്ത സംഘങ്ങള്‍ക്കു 5000 രൂപവരെ ജനറല്‍ ഫണ്ടില്‍ നിന്നോ വിനിയോഗിക്കാം. ജില്ലാതലത്തില്‍ പദ്ധതിയുടെ ഏകോപനവും അവലോകനവും നടത്താന്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരുടെ നേതൃത്വത്തിലാണു കമ്മിറ്റി രൂപവത്കരിക്കുക.
ഓരോ ജില്ലയിലും നടേണ്ട വൃക്ഷത്തൈകളുടെ എണ്ണം തീരുമാനിച്ചിട്ടുണ്ട്. ഇതനനുസരിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മാവിന്‍തൈ നടേണ്ടത്. പതിനായിരം വീതം. മറ്റു ജില്ലകളില്‍ നടേണ്ട തൈകളുടെ എണ്ണം ഇപ്രകാരമാണ് : മലപ്പുറം, കോഴിക്കോട് ( 9000 വീതം ), കൊല്ലം, എറണാകുളം, പാലക്കാട് ( 8000 വീതം ), പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍ ( 7000 വീതം ), തിരുവനന്തപുരം, ആലപ്പുഴ ( 5000 വീതം ), ഇടുക്കി ( 4000 ), വയനാട് ( 3000 ). പദ്ധതിയുടെ പുരോഗതിറിപ്പോര്‍ട്ട് ജൂലായ് 31 നു മുമ്പായി സഹകരണ സംഘം രജിസ്ട്രാര്‍ക്കു അയക്കണമെന്നാണു നിര്‍ദേശം.