സൗരോര്‍ജവും മഴവെള്ള സംഭരണവും: ക്ഷീരസംഘങ്ങള്‍ ഹൈടെക്കിലേക്ക്

moonamvazhi
അനില്‍ വള്ളിക്കാട്

 

(2021 മെയ് ലക്കം)

പാലക്കാട് ജില്ലയിലെ നാലു ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങള്‍ സൗരോര്‍ജ പാനല്‍ സ്ഥാപിച്ച് സ്വന്തമായി വൈദ്യുതിയുണ്ടാക്കാന്‍ തുടങ്ങി. മിച്ചം വരുന്ന വൈദ്യുതി ഇവര്‍ വില്‍ക്കുകയും ചെയ്യുന്നു. ക്ഷീര സംഘങ്ങളില്‍ മഴവെള്ള സംഭരണി സ്ഥാപിക്കാനുള്ള നടപടികള്‍ക്കും തുടക്കമായിട്ടുണ്ട്.

സംസ്ഥാനത്തെ ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങള്‍ പാല്‍ മാത്രമല്ല അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതിയും വെള്ളവും കൂടി സ്വയം തയാറാക്കുന്നു. സ്വന്തമായി സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനം ക്ഷീര സംഘങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു. ക്ഷീര സംഘങ്ങള്‍ നേരിടുന്ന ജലക്ഷാമം പരിഹരിക്കാന്‍ മഴവെള്ള സംഭരണികളുടെ നിര്‍മാണത്തിനായി സാങ്കേതിക സഹായം തേടിക്കൊണ്ട് ക്ഷീരവികസന വകുപ്പ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

പാലക്കാട് ജില്ലയിലെ നാലു ക്ഷീര സംഘങ്ങള്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു തുടങ്ങി. സംഘത്തിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ.ബി.യുടെ പവര്‍ ഗ്രിഡിലേക്കു നല്‍കി വരുമാനവും കണ്ടെത്തുന്നുണ്ട്. ധാരാളം ക്ഷീരകര്‍ഷകരുള്ള ചിറ്റൂര്‍ ബ്ലോക്കിലെ മേനോന്‍പാറ, ആലത്തൂര്‍ ബ്ലോക്കിലെ മാടന്‍പാറ, മേനോന്‍തരിശ്, മലമ്പുഴ ബ്ലോക്കിലെ അകത്തേത്തറ എന്നിവിടങ്ങളിലെ സംഘങ്ങളാണു സൗരോര്‍ജ വൈദ്യുതിയുടെ ഉല്‍പ്പാദനത്തിലേക്കു കടന്നത്. പ്രതിമാസം 40 മുതല്‍ 55 വരെ കിലോവാട്ട് വൈദ്യുതി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

ക്ഷീര സംഘങ്ങളില്‍ പാല്‍ തണുപ്പിച്ചുവെക്കുന്ന പ്രക്രിയക്കാണു കൂടുതല്‍ വൈദ്യുതി ആവശ്യമായി വരിക. കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന പാല്‍ സംഘത്തിലെ ബള്‍ക്ക് മില്‍ക്ക് കൂളറിലാണു തണുപ്പിച്ചെടുക്കുന്നത്. കൂളറിന്റെ പ്രവര്‍ത്തനത്തിനും ഓഫീസ് ആവശ്യങ്ങള്‍ക്കുമുള്‍പ്പടെ സംഘങ്ങളില്‍ ഒരു മാസം ഏതാണ്ട് 40 കിലോവാട്ട് വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. ഇതിനായി ശരാശരി 15,000 രൂപയിലധികം വൈദ്യുതിച്ചാര്‍ജും മാസം തോറും കെ.എസ്.ഇ.ബി.യിലേക്കു അടക്കേണ്ടി വരുന്നുണ്ട്. ഇതൊഴിവാക്കാനാണു സംഘത്തിന്റെ ഓഫീസ് കെട്ടിടങ്ങള്‍ക്കു മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.

സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദന പദ്ധതിക്കായി ക്ഷീര സംഘങ്ങള്‍ക്കു 75 ശതമാനം തുക ക്ഷീരവികസന വകുപ്പ് സബ്‌സിഡിയായി നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഈ പദ്ധതി നടപ്പു സാമ്പത്തിക വര്‍ഷം കൂടുതല്‍ സംഘങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നു ക്ഷീര വികസന വകുപ്പ് പാലക്കാട് ഡെപ്യൂട്ടി ഡയരക്ടര്‍ ജെ.എസ്. ജയസുജീഷ് പറഞ്ഞു. പദ്ധതി നടപ്പാക്കുന്ന സംഘങ്ങളില്‍ ശരാശരി 10 കിലോ വാട്ട് വൈദ്യുതിയെങ്കിലും പ്രതിമാസം മിച്ചമുണ്ടാകും. ഇതു പവര്‍ ഗ്രിഡിലേക്കു നല്‍കുന്നതിലൂടെ സംഘങ്ങള്‍ക്കു നല്ലൊരു വരുമാന മാര്‍ഗം കൂടിയാകുമെന്നാണു വകുപ്പിന്റെ കണക്കുകൂട്ടല്‍.

മഴവെള്ള സംഭരണി

ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംഘങ്ങള്‍ നേരിടുന്ന കടുത്ത ജലക്ഷാമത്തിനു പരിഹാരം എന്ന നിലയിലാണു മഴവെള്ള സംഭരണികള്‍ സംഘങ്ങളില്‍ ഒരുക്കുന്നത്. വിവിധ സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സഹായം ഏകോപിപ്പിച്ചുകൊണ്ടാണു പദ്ധതി നടപ്പാക്കുക.

പാരമ്പര്യേതര ഊര്‍ജപദ്ധതിയുടെ ഭാഗമായാണു ക്ഷീരസംഘങ്ങളില്‍ മഴവെള്ള സംഭരണിയൊരുക്കുക. ഇതിനായി സംഘം കെട്ടിടങ്ങളില്‍ ആവശ്യമായ മാറ്റംവരുത്തും. ഇതിനാവശ്യമായ കണക്കെടുപ്പു നടത്താന്‍ നേരത്തെ ജലനിധിയുടെ സാങ്കേതിക വിഭാഗത്തെ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അതു മുന്നോട്ടുപോയില്ല. പിന്നീടാണു ഭൂജല വകുപ്പിന്റെയും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സാങ്കേതിക സഹായം തേടാന്‍ തീരുമാനിച്ചത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 60 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെന്നും ക്ഷീര വികസന വകുപ്പ് അധികൃതര്‍ അറിയിച്ചു.

പാലുല്‍പ്പന്ന നിര്‍മാണം കൂട്ടും

പാലില്‍ നിന്നുള്ള ഉപോല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനു സാധ്യതയുള്ള ക്ഷീര സംഘങ്ങളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് മഴവെള്ള സംഭരണിയുടെ നിര്‍മാണത്തില്‍. ചെറുകിട ക്ഷീരസംഘങ്ങള്‍ പാല്‍ സംഭരണവും വിതരണവും മാത്രമാണു ഇപ്പോള്‍ നടത്തുന്നത്. ഇതിലുപരി വൈവിധ്യമാര്‍ന്ന പാലുല്‍പ്പന്നങ്ങള്‍ നിര്‍മിച്ചുകൊണ്ട് സംഘങ്ങള്‍ വളരേണ്ടതുണ്ടെന്നു ക്ഷീര വികസന വകുപ്പ് അധികൃതര്‍ വിലയിരുത്തുന്നു. സ്വയംപര്യാപ്തതക്കും കര്‍ഷകരുടെ വരുമാന വര്‍ധനക്കും ഇത്തരം നടപടികള്‍ സഹായകമാകും. പാലുല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനു സംഘം തലത്തില്‍ പരിശീലന പരിപാടികള്‍ നടത്താനും ക്ഷീരവികസന വകുപ്പ് ആലോചിക്കുന്നുണ്ട്. താല്‍പ്പര്യമുള്ള യുവതീയുവാക്കളെ കണ്ടെത്തി പരിശീലനം നല്‍കും. സംഘങ്ങളില്‍ നിര്‍മിക്കുന്ന പാലുല്‍പ്പന്നങ്ങള്‍ക്കു വിപണന സാധ്യത കണ്ടെത്താനും ശ്രമമുണ്ടാകും.

Leave a Reply

Your email address will not be published.