സുവര്‍ണ ശോഭയില്‍ തിളങ്ങുന്നു കാംപ്‌കോ

[mbzauthor]

മംഗളൂരു ആസ്ഥാനമായുള്ള കാംപ്‌കോ എന്ന സഹകരണസ്ഥാപനം
പ്രവര്‍ത്തനത്തിന്റെ അമ്പതാണ്ടിലെത്തിക്കഴിഞ്ഞു. കേരളത്തിലെയും
കര്‍ണാടകത്തിലെയും അടയ്ക്ക-കൊക്കോ കര്‍ഷകരുടെ
ഉന്നമനത്തിനായി 1973 ല്‍ തുടക്കമിട്ട കാംപ്‌കോ സഹകരണ മേഖലയുടെ അഭിമാനമായി തലയുയര്‍ത്തിനില്‍ക്കുന്നു.

 

കര്‍ഷകര്‍ക്കുവേണ്ടി കര്‍ഷകരാല്‍ രൂപം കൊണ്ട സ്ഥാപനം. പ്രവര്‍ത്തനപാതയില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ സഹകരണ മേഖലയില്‍ തലയെടുപ്പുള്ള പ്രസ്ഥാനമെന്ന ഖ്യാതിയിലാണു കാംപ്‌കോ. അടയ്ക്കയില്‍ നിന്നു തുടങ്ങി കൊക്കോ, കുരുമുളക്, നാളികേരം, റബ്ബര്‍ എന്നിങ്ങനെയുള്ള വിളകള്‍ സംഭരിച്ചും ഉപോല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചും കര്‍ഷകര്‍ക്കു പിന്തുണയേകുമ്പോള്‍ കോടികളുടെ വിറ്റുവരവുള്ള സഹകരണപ്രസ്ഥാനമായി മാറിക്കഴിഞ്ഞു കാംപ്‌കോ.

മംഗളൂരു ആസ്ഥാനമായി കേരളത്തിലെയും കര്‍ണാടകത്തിലെയും കര്‍ഷകരെ ചേര്‍ത്തുപിടിച്ചപ്പോള്‍ കാംപ്കോയുടെ പ്രവര്‍ത്തനപന്ഥാവിലും വൈവിധ്യം നിറഞ്ഞു. സംഭരണത്തിലും വിപണിയിലും മാത്രം ശ്രദ്ധയൂന്നിയിരുന്ന അവസ്ഥയില്‍നിന്നു മാറി ചോക്ലേറ്റ് നിര്‍മാണത്തിലേക്കും നാളികേര കര്‍ഷകരെ ചേര്‍ത്തുപിടിച്ച് ശുദ്ധമായ വെളിച്ചെണ്ണ നിര്‍മാണത്തിലേക്കും കടന്നിരിക്കുകയാണു കാംപ്കോ. കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍ മാത്രമായിരുന്ന പ്രവര്‍ത്തനമേഖല വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുന്നുമുണ്ട്. പതിനായിരക്കണക്കിനു കര്‍ഷകരുടെ അത്താണിയായി സഹകരണമേഖലയില്‍ തിളങ്ങിനില്‍ക്കുന്ന ഇതുപോലൊരു സ്ഥാപനം വേറെയില്ലെന്നതിന് അടിവരയിട്ടുകൊണ്ടാണു കാംപ്കോ വിജയകരമായ അമ്പതു വര്‍ഷത്തിലെത്തിനില്‍ക്കുന്നത്.

കേരളത്തിലെയും കര്‍ണാടകത്തിലെയും അടയ്ക്കാ, കൊക്കോ കര്‍ഷകരുടെ ദുരിതജീവിതത്തിനു പരിഹാരം കാണാന്‍ 1973 ലാണു കാംപ്കോ ആരംഭിച്ചത്. പരേതനായ വാരാണാഷി സുബ്രായ ഭട്ടിന്റെ നേതൃത്വത്തിലാണു ദി സെന്‍ട്രല്‍ അരെക്കനട്ട് ആന്റ് കൊക്കോ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് കോ -ഓപ്പറേറ്റീവ് ലിമിറ്റഡ് ( കാംപ്കോ ) നിലവില്‍ വന്നത്. കേരളത്തില്‍ പരക്കെയും കര്‍ണാടകത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും കവുങ്ങുകളുടെ തലപ്പൊക്കം ഏറെയായിരുന്നെങ്കിലും കനത്ത വിലയിടിവില്‍ കര്‍ഷകരുടെ നടുവൊടിഞ്ഞപ്പോഴാണു കാംപ്കോ താങ്ങാകാനെത്തിയത്. ഇടനിലക്കാരുടെ ചൂഷണത്തില്‍ കര്‍ഷകര്‍ വീഴാതിരിക്കാന്‍ ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനം കാംപ്‌കോ നടത്തി. വിപണിവില പിടിച്ചുനിര്‍ത്തി. കര്‍ഷകരുടെ കൂട്ടായ്മയുണ്ടാക്കി വര്‍ഷംതോറും വളര്‍ച്ച നേടിയെടുത്തു കാംപ്കോ മുന്നേറി. കൊക്കോയുടെ ഉല്‍പ്പാദനവും സംഭരണവും ഏറിയതോടെ ഒരു ചുവടുകൂടി മുന്നോട്ടുവെച്ച് ചോക്ലേറ്റ് നിര്‍മാണത്തിലേക്കും കടന്നു. നിരവധിയാളുകള്‍ക്കു തൊഴില്‍ നല്‍കാനും ഇതുവഴി സാധിച്ചു.

2.64 ലക്ഷം
ഹെക്ടറില്‍ കവുങ്ങ്

അടയ്ക്ക പ്രധാനമായും വിളയുന്നതു കേരള, കര്‍ണാടക, ആസാം സംസ്ഥാനങ്ങളിലാണ്. 2,64,000 ഹെക്ടറിലാണു രാജ്യത്തു കവുങ്ങുള്ളത്. 3,13,000 മെട്രിക് ടണ്‍ അടയ്ക്കയുടെ ഉല്‍പ്പാദനം നടക്കുന്നു. ഇതില്‍ 72 ശതമാനവും കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. അറുപതു ലക്ഷത്തിലധികമാളുകള്‍ ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുണ്ട്. ഇത്രയും വലിയ ജനവിഭാഗം നഷ്ടക്കണക്കിലേക്കു കൂപ്പു കുത്തിയപ്പോഴാണു കേരള, കര്‍ണാടക സര്‍ക്കാരുകളുടെ പിന്തുണയോടെ കാംപ്കോ പിറവി കൊള്ളുന്നത്. 1973 ജൂലായ് 11 നു കര്‍ണാടക സഹകരണ നിയമപ്രകാരവും മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമപ്രകാരവും കാംപ്കോ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ചു. കര്‍ഷകരിലേക്കു നേരിട്ടെത്തിയാണു കാംപ്കോ പ്രവര്‍ത്തിക്കുന്നത്. അവരുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് ആശ്വാസമേകാനും ഭരണസമിതിക്കു സാധിക്കുന്നു.

ഒരു ഘട്ടത്തില്‍ തോട്ടങ്ങളില്‍ ഇടവിളയായാണു കര്‍ഷകര്‍ കൊക്കോ നട്ടു പിടിപ്പിച്ചത്. നല്ല വിളവ് കൂടുതല്‍ കര്‍ഷകരെ ഇതിലേക്കാകര്‍ഷിച്ചു. ഉല്‍പ്പാദനം വര്‍ധിച്ചതിനനുസരിച്ച് വാങ്ങല്‍ശേഷി വര്‍ധിക്കാഞ്ഞപ്പോള്‍ കര്‍ഷകര്‍ക്കു നഷ്ടം സംഭവിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതു പ്രതിഫലിച്ചതോടെ കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമേറ്റുവാങ്ങേണ്ടിയും വന്നു. അങ്ങനെയാണ് അടയ്ക്കക്കൊപ്പം കോക്കോയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആശയത്തില്‍ കാംപ്കോയുടെ പ്രവര്‍ത്തനം തുടങ്ങുന്നത്. അടയ്ക്കക്കൊപ്പം കോക്കോയ്ക്കും നല്ല ഡിമാന്റ് ഉണ്ടാക്കണമെന്ന ആഗ്രഹം ചോക്ലേറ്റ് നിര്‍മാണത്തിലേക്കു കടക്കാന്‍ കാംപ്കോയെ പ്രേരിപ്പിച്ചു. 1986 ല്‍ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ താലൂക്കില്‍ കെമ്മിന്‍ജെ വില്ലേജില്‍ അങ്ങനെ ചോക്ലേറ്റ് നിര്‍മാണശാല തുറന്നു. നെസ്ലെയുമായി ചേര്‍ന്നു ചോക്ലേറ്റുകളില്‍ വൈവിധ്യങ്ങളുടെ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണു കാംപ്‌കോ മുന്നേറുന്നത്. കൊക്കോ പൊടി, ബട്ടര്‍ തുടങ്ങിയ വിവിധ ഇനങ്ങളുമായി കയറ്റുമതിയിലും ഇപ്പോള്‍ മുമ്പനാണു കാംപ്കോ ചോക്ലേറ്റുകള്‍. കാംപ്കോയുടെ ചോക്ലേറ്റുകള്‍ക്കു വിപണിയില്‍ നല്ല ഡിമാന്റുണ്ട്. ചോക്ലേറ്റ് നിര്‍മാണത്തിനെടുക്കാത്ത കൊക്കോ ബട്ടര്‍, കൊക്കോ പൊടികള്‍ എന്നിവ ഉത്തരേന്ത്യയിലെ ബിസ്‌കറ്റ് കമ്പനികളിലേക്കും എത്തിക്കുന്നുണ്ട്.

സംഭരണ
കേന്ദ്രങ്ങള്‍ 118

1973 ല്‍ അടയ്ക്കസംഭരണം കാംപ്കോ ആരംഭിച്ചത് അഞ്ചു കേന്ദ്രങ്ങളിലൂടെയാണ്. ഇന്നിപ്പോള്‍ അഞ്ചു പതിറ്റാണ്ട് പിന്നിടുമ്പോള്‍ കേരളത്തിലും കര്‍ണാടകത്തിലുമായി 118 സംഭരണകേന്ദ്രങ്ങളുണ്ട്. സഹകരണ മേഖലയിലെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പായി ഇതിനെ കാണുന്നു. 14 വില്‍പ്പന ഡിപ്പോകളും കാംപ്കോ തുറന്നുകഴിഞ്ഞു. കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനത്തിലേക്കും കാംപ്കോ കടന്നു. ബെല്‍ഗാം ജില്ലയിലെ ഹൂവിനഹടഗലിയിലും ചിക്കോടിയിലുമായി 16.8 കോടി രൂപ ചെലവില്‍ കാറ്റാടിയന്ത്രം സ്ഥാപിച്ചപ്പോള്‍ 40 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ചോക്ലേറ്റ് ഫാക്ടറിയിലെ ആവശ്യത്തിനാണ് ഈ വൈദ്യുതി ഉപയോഗിക്കുന്നത്.

‘കല്‍പ്പ’
വിപണിയില്‍

കവുങ്ങ് കര്‍ഷകര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന കാംപ്കോയുടെ കരുതല്‍ നാളികേര കര്‍ഷകര്‍ക്കും ലഭിക്കുന്നു. നാളികേര സംഭരണത്തിനൊപ്പം തേങ്ങയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും കാംപ്കോ പുറത്തിറക്കിയിട്ടുണ്ട്. ആദ്യത്തെ ഉല്‍പ്പന്നമായ ‘കല്‍പ്പ’ വെളിച്ചെണ്ണ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിപണിയിലിറക്കിയപ്പോള്‍ അതു കാംപ്കോയുടെ വളര്‍ച്ചയില്‍ പുതിയൊരു നാഴികക്കല്ലായി. കര്‍ഷകരില്‍ നിന്നു നേരിട്ട് സംഭരിക്കുന്ന കൊപ്രയും പച്ചത്തേങ്ങയും പുത്തൂരിലെ പ്ലാന്റിലെത്തിച്ചാണു വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്. ചകിരി ഉള്‍പ്പെടെ ഉപയോഗപ്പെടുത്തുംവിധമുള്ള പദ്ധതികളാണു നാളികേരസംഭരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവില്‍ 10,000 ലിറ്റര്‍ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള യന്ത്രമാണു പുത്തൂരിലെ പ്ലാന്റില്‍ സ്ഥാപിച്ചിട്ടുള്ളത്. ഭാവിയില്‍ ഇതിന്റെ പത്തു മടങ്ങ് വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുംവിധം പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നു കാംപ്കോ റീജിയണല്‍ മാനേജര്‍ ഇ. ഗിരീഷ് പറഞ്ഞു. അടയ്ക്ക സംഭരിക്കുന്ന രീതിയില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ കര്‍ഷകരിലേക്കു നേരിട്ടെത്തിയാണു നാളികേരസംഭരണവും നടത്തുക.

ദക്ഷിണ കന്നഡ ജില്ല കാംപ്കോയുടെ ടെക്നിക്കല്‍ ഹബ്ബ് ആയാണ് അറിയപ്പെടുന്നത്. മംഗളൂരു ആസ്ഥാനമായാണു പ്രവര്‍ത്തനമെങ്കിലും ഉപോല്‍പ്പന്ന ഫാക്ടറികളൊക്കെയും കാംപ്കോ തുറക്കുന്നതു പുത്തൂരിലാണ്. ചോക്ലേറ്റ് നിര്‍മാണത്തിനുള്ള അത്യാധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഉല്‍പ്പാദനം കൂട്ടുന്നതിനായി ഓരോ വര്‍ഷവും പുതിയ യന്ത്രസാമഗ്രികള്‍ എത്തിക്കുന്നുമുണ്ട്. അതിനൊപ്പമാണു നാളികേര സംഭരണത്തിനു പിന്നാലെ വെളിച്ചെണ്ണ നിര്‍മാണരംഗത്തുമെത്തിയിരിക്കുന്നത്. പുത്തൂരിലാണ് ഇതിന്റെയും പ്ലാന്റുള്ളത്. തുടക്കത്തില്‍ ചെറിയ രീതിയിലാണെങ്കിലും വലിയ പ്ലാന്റ് നിര്‍മിക്കുന്നതിനും പദ്ധതിയുണ്ട്.

3000 കര്‍ഷകര്‍ അംഗങ്ങളായി തുടക്കമിട്ട കാംപ്‌കോവില്‍ ഇപ്പോള്‍ 1,30,000 അംഗങ്ങളുണ്ട്. പ്രതിവര്‍ഷം വിറ്റുവരവ് 3000 കോടി രൂപയാണ്.

[mbzshare]

Leave a Reply

Your email address will not be published.